തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം. വടക്കന്‍ ജില്ലകളില്‍ അതിശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യതാ പ്രദേശങ്ങളില്‍ നിന്ന് ആളുകള്‍ മാറി താമസിക്കണം. ജലാശയങ്ങളില്‍ ഇറങ്ങരുതെന്നും മുന്നറിയിപ്പുണ്ട്.

വയനാട് അടക്കം വടക്കന്‍ ജില്ലകളില്‍ അതിശക്തമായ മഴ തുടരുമെന്നതിനാല്‍ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് ആണ്. എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കേരളാ തീരത്ത് ഉയര്‍ന്ന തിരമാലകള്‍ക്ക് സാധ്യത ഉണ്ട്. കോഴിക്കോട് ജില്ലയില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി. ബീച്ചുകളിലേക്കും വെള്ളച്ചാട്ടങ്ങളിലേക്കും നദീതീരം-ജലാശയങ്ങളിലേക്കുമുള്ള പ്രവേശനവും വിലക്കി. മലയോരം, ചുരം പ്രദേശങ്ങളിലേക്ക് രാത്രി യാത്രക്കും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാത്രി ഏഴ് മുതല്‍ രാവിലെ ഏഴ് വരെയാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

പൂനൂര്‍ പുഴ, മാഹിപ്പുഴ, കുറ്റ്യാടിപ്പുഴ, ചാലിയാര്‍, ചെറുപുഴ എന്നിവയിലെ ജലനിരപ്പ് അപകട നിലയിലെത്തിയതിനാല്‍ തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കാന്‍ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. വടക്കന്‍ കേരള തീരം മുതല്‍ തെക്കന്‍ ഗുജറാത്ത് തീരം വരെ ന്യുന മര്‍ദ്ദ പാത്തി സ്ഥിതിചെയ്യുന്നുണ്ട്. അതോടൊപ്പം പടിഞ്ഞാറന്‍ -വടക്കു പടിഞ്ഞാറന്‍ കാറ്റ് അടുത്ത 2 -3 ദിവസം ശക്തമായി തുടരാന്‍ സാധ്യതയെന്നും അറിയിപ്പുണ്ട്. ഇതിന്റെ ഫലമായി കേരളത്തില്‍ അടുത്ത 5 ദിവസം വ്യാപകമായി ഇടിമിന്നലോട് കൂടിയ മിതമായ / ഇടത്തരം മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്.

ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ജൂലൈ 30 മുതല്‍ ഓഗസ്റ്റ് 01 വരെ അതിശക്തമായ മഴക്കും, ജൂലൈ 30 മുതല്‍ ആഗസ്റ്റ് 03 വരെ ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.