- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വ്യക്തിയുടെ പേര് പറഞ്ഞില്ലെങ്കില്‍ റിപ്പോര്‍ട്ടുകൊണ്ട് ഒരര്‍ഥവുമില്ല; തെറ്റുചെയ്തയാളെ തെളിവുസഹിതം പുറത്തേക്കുകൊണ്ടുവരണമെന്ന് ഭാഗ്യലക്ഷ്മി
കൊച്ചി: വ്യക്തികളുടെ പേരുകള്‍ ഇല്ലാതെയാണെങ്കിലും ഹേമ കമ്മിറ്റിയുടെ പൂര്‍ണ റിപ്പോര്‍ട്ട് പുറത്തുവരണമെന്നാണ് സിനിമയ്ക്കകത്ത് പ്രവര്‍ത്തിക്കുന്ന എല്ലാ സ്ത്രീകളുടേയും അഭിപ്രായമെന്ന് ഡബ്ബിങ് ആര്‍ട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മി. തെറ്റുചെയ്തയാളെ തെളിവുസഹിതം പുറത്തേക്കുകൊണ്ടുവരണം. വ്യക്തിയുടെ പേര് പറഞ്ഞില്ലെങ്കില്‍ ഈ റിപ്പോര്‍ട്ടുകൊണ്ട് ഒരര്‍ഥവുമില്ല. ഇത്തരക്കാരെ അറസ്റ്റ് ചെയ്യണമെന്നും ഭാഗ്യലക്ഷ്മി ആവശ്യപ്പെട്ടു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പൂര്‍ണമായി പുറത്തുവിടുക എന്നത് എല്ലാവരുടേയും ആവശ്യമാണെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു. അതിനുവേണ്ടിയാണല്ലോ ഇത്രയും പണം ചെലവാക്കി ഇങ്ങനെയൊരു കമ്മിഷന് രൂപീകരിച്ചതെന്നും അവര്‍ അഭിപ്രായപ്പെട്ടു. അത് കമ്മിറ്റിയാണെങ്കിലും കമ്മിഷനാണെങ്കിലും സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ കേള്‍ക്കാന്‍വേണ്ടിയാണ് അത് രൂപീകരിച്ചത്. ആ കമ്മിഷനുമുന്‍പാകെ താനുള്‍പ്പെടെയുള്ള എല്ലാ മേഖലയിലുമുള്ള സ്ത്രീകള്‍ നേരിട്ട് ബുദ്ധിമുട്ടുകള്‍ പറഞ്ഞിട്ടുണ്ട്. അതവര് രേഖപ്പെടുത്തിയിട്ടുമുണ്ട്. താനത് നേരിട്ടുകണ്ടതുമാണെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു.
'പേരുകള്‍ ഇല്ലാതെയാണെങ്കിലും പൂര്‍ണ റിപ്പോര്‍ട്ട് പുറത്തുവരണമെന്നാണ് ഞങ്ങള്‍, സിനിമയ്ക്കകത്ത് പ്രവര്‍ത്തിക്കുന്ന എല്ലാ സ്ത്രീകളുടേയും അഭിപ്രായം. കഴിഞ്ഞദിവസം ഒന്നുരണ്ട് അഭിഭാഷകരുമായി സംസാരിക്കാന്‍ സാധിച്ചിരുന്നു. അതിജീവിതകളുടെ പേര് രഹസ്യമായിത്തന്നെയിരിക്കണം. ആരോപണവിധേയന്റെ പേര് പുറത്തുവന്നാല്‍ ഈ വ്യക്തി പരാതിക്കാരിയോട് എന്തുരീതിയിലുള്ള കുറ്റമാണ് ചെയ്തത്, ലൈംഗിക കുറ്റകൃത്യമാണെങ്കില്‍ അത് എത്ര വര്‍ഷങ്ങള്‍ക്കുമുന്‍പാണ്, അതിന് തെളിവുണ്ടോ?, തെളിവില്ലെങ്കില്‍ അത് പുറത്തുവന്ന് ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വാര്‍ത്തയാവുകയല്ലാതെ വേറൊന്നും സംഭവിക്കില്ലെന്നാണ് അഭിഭാഷകരുമായി സംസാരിച്ചപ്പോള്‍ മനസിലായത്. തെറ്റുചെയ്തയാളെ തെളിവുസഹിതം പുറത്തേക്കുകൊണ്ടുവരണം. ഇത് കോടതി കേസാക്കിയേപറ്റൂ.'
ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ പുറത്തുവിടാതെ നിര്‍ദേശങ്ങള്‍ നടപ്പിലാക്കാമെന്ന വാദം സംവിധാനങ്ങളെ പരിഹസിക്കുന്നതിന് തുല്യമാണെന്നു വുമന്‍ ഇന്‍ സിനിമാ കലക്ടീവ് (ഡബ്ല്യുസിസി) വ്യക്തമാക്കിയിരുന്നു. റിപ്പോര്‍ട്ടിലെ പ്രധാന കണ്ടെത്തലുകള്‍ സുതാര്യതയോടെ പുറത്തുവരുന്നത് പുരോഗമനപരമായ നല്ല മാറ്റങ്ങള്‍ കൊണ്ടുവരുന്നതിന് ഉപകരിക്കുമെന്ന് സംഘടന സമൂഹമാധ്യമത്തിലെ പോസ്റ്റില്‍ വ്യക്തമാക്കി.
സിനിമാ മേഖലയിലെ പ്രശ്നങ്ങള്‍ പഠിക്കുന്നതിന് 2017ലാണ് ഹേമ കമ്മിറ്റിയെ നിയോഗിച്ചത്. 2019ല്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചെങ്കിലും സര്‍ക്കാര്‍ പുറത്തുവിട്ടില്ല. റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് വിവരാവകാശ കമ്മിഷന് കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. തുറന്നുപറച്ചില്‍ നടത്തിയ അതിജീവിതരെ സംരക്ഷിച്ചുകൊണ്ട്, പഠന റിപ്പോര്‍ട്ടിലുള്ള നിര്‍ദേശങ്ങളും നിലവില്‍ സിനിമാ വ്യവസായത്തെ അപകടത്തിലാക്കുന്ന അനീതികളും അസന്തുലിതാവസ്ഥയും നിര്‍ബന്ധമായും പുറത്തുവരണമെന്ന് സംഘടന ആവശ്യപ്പെട്ടു.
വിവരാവകാശ കമ്മിഷന്റെ ഇടപടലോടു കൂടിയെങ്കിലും അതിജീവിതര്‍ക്ക് നീതി ലഭിക്കുമെന്നു പ്രത്യാശിക്കുന്നു. ഭാവിയിലെങ്കിലും നിര്‍ഭയരായി വിവേചനവും ചൂഷണവുമില്ലാതെ തൊഴിലിടങ്ങളിലേക്ക് തിരിച്ചു പോകാന്‍ സാധിക്കട്ടെ. 2019 മുതല്‍ 2024വരെ നീണ്ട നിരാശാജനകമായ നിശബ്ദത ഭേദിക്കുന്ന ഉത്തരവ് ഏറെ പ്രതീക്ഷ നല്‍കുന്നതായും സംഘടന പറഞ്ഞു.