ഹരാരെ: സിംബാബ്‌വെയ്‌ക്കെതിരായ അഞ്ചാം ട്വന്റി20യില്‍ ഇന്ത്യയ്ക്ക് 42 റണ്‍സിന്റെ ആധികാരിക വിജയം. ഇന്ത്യ ഉയര്‍ത്തിയ 168 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന സിംബാബ്‌വെ 18.3 ഓവറില്‍ 125 റണ്‍സെടുത്തു പുറത്തായി. ആദ്യ മത്സരത്തില്‍ തോല്‍വി നേരിട്ട ശേഷം തുടര്‍ച്ചയായ നാല് മത്സരങ്ങളില്‍ ജയം നേടിയ ഇന്ത്യ പരമ്പര 4 - 1 എന്ന നിലയില്‍ സ്വന്തമാക്കി.

58 റണ്‍സെടുത്ത സഞ്ജു സാംസണാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. മുകേഷ് കുമാര്‍ നാല് വിക്കറ്റ് നേടി. 26 റണ്‍സും രണ്ടു വിക്കറ്റുമായി ഓള്‍റൗണ്ട് മികവ് പുറത്തെടുത്ത ശിവും ദുബെയും ജയത്തില്‍ നിര്‍ണായകമായി.

ഡിയോണ്‍ മയേഴ്സ് (34) മാത്രമാണ് സിംബാബ്വെ നിരയില്‍ തിളങ്ങിയത്. തദിവനാഷെ മറുമാനി (27), ഫറസ് അക്രം (27), ബ്രയാന്‍ ബെന്നറ്റ് (10) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍. വെസ്ലി മധവേരെ (0), സിക്കന്ദര്‍ റാസ (4), ക്ലൈവ് മഡാന്‍ദെ (1) എന്നിവര്‍ക്ക് തിളങ്ങാനായില്ല. ബ്രന്‍ഡന്‍ മവുത (4), റിച്ചാര്‍ഡ് ഗവാര (0) എന്നിവരും പുറത്തായി. ബ്ലെസിംഗ് മുസറബാനി (1) പുറത്താവാതെ നിന്നു. വാഷിംഗ്ടണ്‍ സുന്ദര്‍, അഭിഷേക് ശര്‍മ, തുഷാര്‍ ദേശ്പാണ്ഡെ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.

സിംബാബ്‌വെയുടെ മറുപടി ബാറ്റിങ്ങില്‍ ഓപ്പണര്‍ വെസ്‌ലി മാധവരേയെ മൂന്നാം പന്തില്‍ പുറത്താക്കിയാണ് ഇന്ത്യ തുടങ്ങിയത്. തദിവനഷെ മരുമണി (24 പന്തില്‍ 27), ഡിയോണ്‍ മയേഴ്സ് (32 പന്തില്‍ 34), ഫറാസ് അക്രം (13 പന്തില്‍ 27) എന്നിവര്‍ മാത്രമാണ് സിംബാബ്‌വെയ്ക്കായി തിളങ്ങിയത്. പവര്‍പ്ലേ ഓവറുകളില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 47 റണ്‍സെടുത്ത സിംബാബ്‌വെയ്ക്ക്, 100 തികയ്ക്കാന്‍ 16.2 ഓവറുകള്‍ വേണ്ടിവന്നു.

19ാം ഓവറില്‍ രണ്ടു വിക്കറ്റുകള്‍ വീഴ്ത്തിയ പേസര്‍ മുകേഷ് കുമാറാണ് കളി തീര്‍ത്തത്. മുകേഷ് കുമാര്‍ നാലു വിക്കറ്റുകള്‍ സ്വന്തമാക്കി. 3.3 ഓവറുകളില്‍ 22 റണ്‍സാണു താരം വഴങ്ങിയത്. ശിവം ദുബെ രണ്ടു വിക്കറ്റുകളും തുഷാര്‍ ദേശ്പാണ്ഡെ, വാഷിങ്ടന്‍ സുന്ദര്‍, അഭിഷേക് ശര്‍മ എന്നിവര്‍ ഓരോ വിക്കറ്റു വീതവും വീഴ്ത്തി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 20 ഓവറില്‍ ആറു വിക്കറ്റു നഷ്ടത്തില്‍ 167 റണ്‍സെടുത്തു. മധ്യനിരയില്‍ വൈസ് ക്യാപ്റ്റന്‍ സഞ്ജു സാംസണാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. 45 പന്തുകള്‍ നേരിട്ട സഞ്ജു 58 റണ്‍സെടുത്തു. നാലു സിക്‌സുകളും ഒരു ഫോറുമാണു മലയാളി താരം ബൗണ്ടറി കടത്തിയത്. രണ്ടു സിക്‌സുകളടിച്ച് തുടങ്ങിയ യശസ്വി ജയ്‌സ്വാള്‍ ആദ്യ ഓവറില്‍ തന്നെ പുറത്തായി. അഞ്ച് പന്തില്‍ 12 റണ്‍സാണ് ജയ്‌സ്വാള്‍ നേടിയത്. സിക്കന്ദര്‍ റാസയുടെ പന്തില്‍ യശസ്വി ബോള്‍ഡാകുകയായിരുന്നു.

ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലും (14 പന്തില്‍ 13), അഭിഷേക് ശര്‍മയും (11 പന്തില്‍ 14) വലിയ സ്‌കോര്‍ കണ്ടെത്താനാകാതെ പുറത്തായി. സഞ്ജു സാംസണും റിയാന്‍ പരാഗും ചേര്‍ന്നതോടെ 12.4 ഓവറില്‍ ഇന്ത്യ 100 കടന്നു. 24 പന്തുകള്‍ നേരിട്ട പരാഗ് 22 റണ്‍സെടുത്തു മടങ്ങി. സ്‌കോര്‍ 135 ല്‍ നില്‍ക്കെ ബ്ലെസിംഗ് മുസറബാനിയുടെ പന്തില്‍ തദിവനഷെ മരുമണി ക്യാച്ചെടുത്ത് സഞ്ജു സാംസണെ പുറത്താക്കി. നാല് സിക്സും ഒരു ഫോറും ഉള്‍പ്പെടുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിംഗ്സ്. ടി20 കരിയറിലെ രണ്ടാം അര്‍ധ സെഞ്ചുറിയാണ് സഞ്ജു നേടുന്നത്. ആദ്യത്തേത് അയര്‍ലന്‍ഡിനെതിരെയായിരുന്നു.

പിന്നീട് ശിവം ദുബെ (12 പന്തില്‍ 26) റിങ്കു സിംഗിനൊപ്പം ചേര്‍ന്ന് സ്‌കോര്‍ 150 കടത്താന്‍ സഹായിച്ചു. എന്നാല്‍ ദുബെ അവസാന ഓവറില്‍ പുറത്തായി. ബ്ലെസിംഗ് മുസറബാനി സിംബാബ്വെക്ക് വേണ്ടി രണ്ട് വിക്കറ്റ് നേടി. പരമ്പര നേടിയതിനാല്‍ വ്യാപകമായ മാറ്റം പ്രതീക്ഷിച്ചിരുന്നുവെങ്കിലും രണ്ട് മാറ്റങ്ങള്‍ മാത്രമാണ് വരുത്തിയത്.