- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബ്രേക്ക്ഫാസ്റ്റ് വിത്ത് ലോകകപ്പ് ടീം; പ്രധാനമന്ത്രിയുടെ വസതിയിലെത്തി ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍; മുംബൈയില്‍ ഓപ്പണ്‍ പരേഡ്
ന്യൂഡല്‍ഹി: ട്വന്റി20 ലോകകപ്പ് കിരീട നേട്ടത്തിന് ശേഷം രാജ്യത്ത് മടങ്ങിയെത്തിയ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഔദ്യോഗിക വസതിയിലെത്തി സന്ദര്‍ശിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ ആറു മണിക്ക് ബാര്‍ബഡോസില്‍നിന്ന് ഡല്‍ഹിയിലെത്തിയ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ പ്രത്യേക ബസിലാണ് പ്രധാനമന്ത്രിയുടെ വസതിയിലെത്തിയത്. ലോകകപ്പ് നേട്ടത്തിലുള്ള അഭിനന്ദനം അറിയിച്ച മോദി താരങ്ങള്‍ക്കൊപ്പം കുറച്ചു സമയം ചെലവഴിച്ചു. ക്യാപ്റ്റന്‍ രോഹിത് ശര്‍മയും പരിശീലകന് രാഹുല്‍ ദ്രാവിഡും ചേര്‍ന്നാണ് ലോകകപ്പ് ട്രോഫി പ്രധാനമന്ത്രിയുടെ കയ്യിലേക്കു നല്‍കിയത്.
ഡല്‍ഹിയിലെ ലോക് കല്യാണ്‍ മാര്‍ഗിലുള്ള വസതിയിലായിരുന്നു കൂടിക്കാഴ്ച. രാവിലെ 11 മണിയോടെ എത്തിയ ഇന്ത്യന്‍ സംഘം പ്രധാനമന്ത്രിക്കൊപ്പം പ്രാതല്‍ കഴിച്ചു. ഒരു മണിക്കൂറോളം കൂടിക്കാഴ്ച നീണ്ടു. ടീമിനെ അഭിനന്ദിച്ച മോദി ഈ കിരീട വിജയം തുടരണമെന്നും ആവശ്യപ്പെട്ടു. ബിസിസിഐ സെക്രട്ടറി ജയ് ഷാ, പ്രസിഡന്റ് റോജര്‍ ബിന്നി എന്നിവരും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനൊപ്പം പ്രധാന മന്ത്രിയുടെ വസതിയിലുണ്ടായിരുന്നു.
'ചാമ്പ്യന്‍സ്' എന്ന് എഴുതിയ പ്രത്യേക വിജയ ജേഴ്സിയണിഞ്ഞാണ് ഇന്ത്യന്‍ സംഘം പ്രധാനമന്ത്രിയുടെ വസതിയിലെത്തിയത്. ഉച്ചയ്ക്ക് ഒരു മണിയോടെ പ്രധാനമന്ത്രിയുടെ വസതിയില്‍നിന്ന് ടീം ഡല്‍ഹി വിമാനത്താവളത്തിലേക്ക് തിരിച്ചു.
വൈകിട്ട് അഞ്ച് മണിക്കാണ് മുംബൈ നഗരത്തിലെ റോഡ് ഷോയ്ക്കു തുടക്കമാകുന്നത്. പ്രത്യേകം തയാറാക്കിയ ബസില്‍ നരിമാന് പോയിന്റ് മുതല്‍ വാങ്കഡെ സ്റ്റേഡിയം വരെയാണ് താരങ്ങളുടെ റോഡ് ഷോ. വാങ്കഡെ സ്റ്റേഡിയത്തില്‍ ആരാധകര്‍ക്കു സൗജന്യമായി പ്രവേശിക്കാം. ലോകകപ്പ് വിജയികള്‍ക്ക് ബിസിസിഐ പ്രഖ്യാപിച്ച 125 കോടി രൂപ സമ്മാനത്തുക ഇന്നു വൈകിട്ട് കൈമാറും.
ബാര്‍ബഡോസില്‍ നിന്ന് രാവിലെ ആറു മണിയോടെ എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനത്തിലാണ് ഇന്ത്യന്‍ ടീം ഡല്‍ഹിയില്‍ എത്തിയത്. പിന്നാലെ ഐടിസി മൗര്യ ഹോട്ടലിലേക്ക് പോയ ഇന്ത്യന്‍ ടീം വിമാനത്താവളത്തിനും ഹോട്ടലിനും പുറത്ത് തടിച്ചുകൂടിയിരുന്ന ആരാധകര്‍ക്കൊപ്പം കിരീട വിജയം ആഘോഷിച്ചു. ഹോട്ടലില്‍ തയ്യാറാക്കിയ പ്രത്യേക കേക്ക് ഇന്ത്യന്‍ സംഘം മുറിച്ചു.
വിമാനത്താവളത്തിന് പുറത്ത് തിങ്ങിനിറഞ്ഞ ആരാധകര്‍ക്ക് നടുവിലൂടെ കരഘോഷത്തോടെയാണ് ഇന്ത്യന്‍ താരങ്ങള്‍ ടീം ബസിലേക്ക് പ്രവേശിച്ചത്. മലയാളി താരം സഞ്ജു സാംസണും ഇന്ത്യന്‍ ടീമിനൊപ്പം ഡല്‍ഹിയില്‍ മടങ്ങിയെത്തി. ടീം ബസിലേക്ക് പ്രവേശിക്കവെ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ വിശ്വകിരീടം ആരാധകരെ ഉയര്‍ത്തിക്കാണിച്ചു.