തിരുവനന്തപുരം: ഐ എസ് ആര്‍ ഒ ചാരവൃത്തിക്കേസിന് പിന്നിലുള്ള ഉദ്യോസ്ഥരുടെ ഗൂഢാലോചന കേസില്‍ സമന്‍സ് കൈപ്പറ്റിയ 5 പ്രതികള്‍ വിചാരണ കോടതിയില്‍ ഹാജരാകാന്‍ കൂടുതല്‍ സമയം തേടി. ആദ്യ അവധി അപേക്ഷ അനുവദിച്ച കോടതി സെപ്റ്റംബര്‍ 27 ന് ഹാജരായി ജാമ്യമെടുക്കാന്‍ പ്രതികളോട് ഉത്തരവിട്ടു.

തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കെ.എം. സുജയാണ് കേസ് പരിഗണിക്കുന്നത്. പ്രതികള്‍ 26 ന് ഹാജരാകാന്‍ ഉത്തരവിട്ട് കോടതി ജൂണ്‍ 28 ന് സമന്‍സ് അയക്കാന്‍ ഉത്തരവിട്ടിരുന്നു.

മുന്‍ ഡി ഐ ജി സിബി മാത്യൂസ്, മുന്‍ ഡി വൈ എസ് പി കെ.കെ.ജോഷ്വ, മുന്‍ ഐബി ഉദ്യോഗസ്ഥന്‍ ആര്‍.ബി.ശ്രീകുമാര്‍, മുന്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് സി ഐ എസ്.വിജയന്‍, ഐബി ഉദ്യോഗസ്ഥന്‍ പി.എസ്.ജയപ്രകാശ് എന്നിവരാണ് ഗൂഢാലോചന കേസിലെ 5 പ്രതികള്‍.
തലസ്ഥാന സിജെഎം കോടതിയിലാണ് സിബിഐ ഡല്‍ഹി യൂണിറ്റ് എസ് പി മുദ്ര വെച്ച കവറില്‍ ജൂണ്‍ 28 ന് കുറ്റപത്രം സമര്‍പ്പിച്ചത്.