കഴക്കൂട്ടം സബ് ട്രഷറി തട്ടിപ്പ് കേസ്: കേസ് ഡയറി ഹാജരാക്കാന്‍ ജില്ലാ കോടതി ഉത്തരവ്
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം: 15.10 ലക്ഷം രൂപയുടെ കഴക്കൂട്ടം സബ് ട്രഷറി തട്ടിപ്പ് കേസിന്റെ കേസ് ഡയറി ഫയല്‍ 29 ന് ഹാജരാക്കാന്‍ തലസ്ഥാന ജില്ലാ കോടതി ഉത്തരവിട്ടു. കഴക്കൂട്ടം പോലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ആണ് കേസ് ഡയറി ഹാജരാക്കേണ്ടത്. നിയുക്ത ഹൈക്കോടതി ജഡ്ജിയായ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് ജഡ്ജി പി.വി. ബാലകൃഷ്ണനാണ് ഉത്തരവിട്ടത്. ജൂണ്‍ 22 മുതല്‍
അഴിക്കുള്ളില്‍ കഴിയുന്ന മുഖ്യ പ്രതി വിജയരാജിന്റെ ജാമ്യഹര്‍ജിയിലാണ് ഉത്തരവ്.
പെന്‍ഷന്‍കാരുടെ ട്രഷറി സേവിംഗ്സ് ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് അവരറിയാതെ വ്യാജ ചെക്കുകള്‍ ഉപയോഗിച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്ത സംഭവത്തില്‍ 5 പേര് സസ്പെന്‍ഷനിലാണ്. കഴക്കൂട്ടം സബ് ട്രഷറി ഓഫീസിലെ ജൂനിയര്‍ സുപ്രണ്ടുമാരായ ശാലി, സുജ, സീനിയര്‍ അക്കൗണ്ടന്റ് ശിരീഷ് കുമാര്‍, ജൂനിയര്‍ അക്കൗണ്ടന്റുമാരായ ഷാജഹാന്, വിജയരാജ് എന്നിവരെയാണ് സസ്പെന്റ് ചെയ്തത്. പ്രാഥമിക പരിശോധനാ റിപ്പോര്‍ട്ടിന്റെ വെളിച്ചത്തില്‍, ജൂണ്‍ 16 നാണ് ട്രഷറി ഉദ്യോഗസ്ഥരെ ട്രഷറി ഡയറക്ടര്‍ സസ്പെന്റ് ചെയ്തത്. ജൂണ്‍ 22 നാണ് അക്കൗണ്ടന്റ് വിജയരാജ് അറസ്റ്റിലായത്.
മകളോടൊപ്പം കഴിഞ്ഞ ഒരു വര്‍ഷത്തോളം കാലം ഓസ്ട്രേലിയയില്‍ കഴിഞ്ഞിരുന്ന ശ്രീകാര്യം സ്വദേശി ചെറുവയ്ക്കല്‍ ശങ്കര്‍ വില്ലാസില്‍ എം. മോഹനകുമാരി പെന്ഷന് എടുക്കാന്‍ എത്തിയപ്പോഴാണ് അവരുടെ അക്കൗണ്ടില്‍ നിന്ന് രണ്ടര ലക്ഷം രൂപ തട്ടിപ്പ് നടത്തിയതായി മനസ്സിലാക്കിയത്. തുടര്‍ന്ന് മോഹനകുമാരി ട്രഷറി ഓഫീസര്‍ക്കും കഴക്കൂട്ടം പോലീസിലും പരാതി നല്‍കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് ട്രഷറി വകുപ്പ് ജോയിന്റ് ഡയറക്ടര്‍ കെ.ആര്. ജിജു പ്രജിത്തിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് മരിച്ചവര്‍ ഉള്‍പ്പെടെയുള്ളവരുടെ അക്കൗണ്ടുകളില്‍ നിന്ന് ഉള്‍പ്പെടെ 15 ലക്ഷത്തിലേറെ രൂപയാണ് വ്യാജ ചെക്ക് ലീഫുകള്‍ ഉപയോഗിച്ച് തട്ടിയെടുത്തതായി വ്യക്തമായത്. ഓരോ അക്കൗണ്ടുകളില്‍ നിന്നും രണ്ടിലേറെ തവണയാണ് ചെക്ക് ഉപയോഗിച്ച് ലക്ഷങ്ങള്‍ തട്ടിപ്പ് നടത്തിയത്.
കഴക്കൂട്ടം ട്രഷറിയില്‍ നിന്ന് ഉടമസ്ഥര്‍ അറിയാതെയും ഒപ്പിടാതെയും വ്യാജ ചെക്കുകള്‍ ഉപയോഗിച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്ത സംഭവത്തില്‍ കഴക്കൂട്ടം പോലീസ് രണ്ട് കേസുകള്‍ ചെയ്തു. ശ്രീകാര്യം സ്വദേശി മോഹനകുമാരി നല്കിയ പരാതിയിലും ജില്ലാ ട്രഷറി ഓഫീസര്‍ നല്കിയ പരാതിയിലും ആണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ജില്ലാ ട്രഷറി ജോയിന്റ് ഡയറക്ടറുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയ രേഖകള്‍ ഉടന്‍ ഹാജരാക്കണമെന്ന് പോലീസ് ജില്ലാ ട്രഷറി ഉദ്യോഗസ്ഥര്‍ക്ക് അപേക്ഷ നല്‍കിയിരുന്നു. .
പെന്‍ഷന്‍കാരുടെയും മരണപ്പെട്ടവരുടെയും അക്കൗണ്ടുകളില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിപ്പ് നടത്തിയ കഴക്കൂട്ടം സബ് ട്രഷറിയില്‍ പ്രവര്‍ത്തിപ്പിച്ചിരുന്ന സിസി ടിവികള്‍ തട്ടിപ്പുകള്‍ നടത്തുവാന്‍ വേണ്ടി നശിപ്പിച്ചതാകാമെന്നാണ് നാട്ടുകാരുടെ സംശയം. പണം നഷ്ടമായ അക്കൗണ്ടുകളില്‍ നിന്ന് പണം എടുക്കുവാനായി ആരാണ് എത്തിയതെന്നും അഥവാ ഉടമസ്ഥന് എത്തിയില്ല എങ്കില്‍ വ്യാജ ചെക്കുകള്‍ എങ്ങനെയാണ് മാറ്റിയെടുത്തതെന്നും ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ആരൊക്കെയാണെന്ന് പെട്ടെന്ന് മനസ്സിലാക്കാതിരിക്കാന്‍ ആകാം ഇവ ചെയ്തതെന്നാണ് സംശയം.
ട്രഷറിയില്‍ നടത്തിയ പരിശോധനയില്‍ സിസിടിവി ക്യാമറകള്‍ ഓഫാക്കി ഇട്ടിരിക്കുന്നതാണ് കണ്ടെത്തിയതെന്നാണ് വിവരം. അങ്ങനെയാണെങ്കില്‍ ഇത് ആരാണ് ചെയ്തത് എന്നതും കണ്ടെത്തേണ്ടതുണ്ട്. പണമിടപാടുകള്‍ നടത്തിയാല്‍ ഉള്ള സന്ദേശം നല്‍കാത്തത് തട്ടിപ്പുകള്‍ നടത്താന്‍ സഹായമായി. സ്വന്തം അക്കൗണ്ടുകളില്‍ നിന്ന് പണമിടപാടുകള്‍ നടത്തുമ്പോള്‍ അക്കൗണ്ട് ഉടമയുടെ മൊബൈലില്‍ സന്ദേശങ്ങള്‍ നല്കുന്ന ബാങ്കുകളുടെ രീതി ട്രഷറിയില്‍ ഇല്ലാതിരുന്നതും തട്ടിപ്പുകാര്‍ക്ക് പണം തട്ടിയെടുക്കാന്‍ സഹായകമായി. അക്കൗണ്ട് ഉടമകള്‍ കൊടുക്കുന്ന ഫോണ്‍ നമ്പറുകളില്‍ ട്രഷറിയില്‍ നിന്ന് പണമിടപാടുകള്‍ നടത്തുമ്പോള്‍ സന്ദേശങ്ങള്‍ നല്കിയിരുന്നുവെങ്കില് ഇത്തരം തട്ടിപ്പുകള്‍ നടക്കില്ലായിരുന്നു. ഇത്തരത്തില്‍ സന്ദേശം നല്കുന്ന രീതി നടപ്പിലാക്കിയില്ലെങ്കില്‍ ഇനിയും തട്ടിപ്പുകള്‍ നടക്കുവാന്‍ ഏറെ സാധ്യതയുണ്ട്.
ട്രഷറിയില്‍ അക്കൗണ്ട് ഉള്ളതും നിലവില്‍ ജീവിച്ചിരിപ്പില്ലാത്തതുമായ മൂന്നോളം പേരുടെ അക്കൗണ്ടുകളില്‍ നിന്ന് തട്ടിയതാകട്ടെ 12 ലക്ഷത്തിലേറെ രൂപയാണ്. അതും അടുത്തടുത്ത മാസങ്ങളിലായി രണ്ടുമൂന്നും പ്രാവശ്യമാണ് ചെക്ക് ഉപയോഗിച്ച് പണം തട്ടിയെടുത്തത്. ഗോപിനാഥന് നായരുടെ അക്കൗണ്ടില്‍ നിന്ന് 6,70,000 രൂപയും ജമീല ബീഗത്തിന്റെ അക്കൗണ്ടില്‍ നിന്ന് മൂന്നു ലക്ഷവും സുകുമാരന്‍ നായരുടെ അക്കൗണ്ടില്‍നിന്നും 2,90,000 രൂപയുമാണ് തട്ടിയെടുത്തത്. ഗോപിനാഥന് നായരുടെ അക്കൗണ്ടില്‍ നിന്ന് പത്ത് 10 ചെക്ക് ലീഫുകള്‍ ഉപയോഗിച്ചാണ് 6.7 ലക്ഷം രൂപ തട്ടിയെടുത്തത്. ഇത്തരത്തിലാണ് മറ്റുള്ളവരുടെയും അക്കൗണ്ടുകളില്‍ നിന്നും പണം തട്ടിയത്.