തിരുവനന്തപുരം: തുമ്പ പോലീസ് സ്റ്റേഷന്‍ പാസ്‌പോര്‍ട്ട് (വെരിഫിക്കേഷന്‍) തട്ടിപ്പ് കേസില്‍ മുഖ്യപ്രതി സിവില്‍ പോലീസ് ഓഫീസര്‍ അന്‍സില്‍ അസീസിന് മുന്‍കൂര്‍ ജാമ്യമില്ല. തിരുവനന്തപുരം ഏഴാം അഡീ. ജില്ലാ സെഷന്‍സ് കോടതിയാണ് പ്രതിക്ക് ജാമ്യം നിഷേധിച്ചത്. പ്രതിക്കെതിരായ ആരോപണം ഗൗരവമേറിയതാണ്. പ്രതിയെ കസ്റ്റഡിയില്‍ വച്ച് ചോദ്യം ചെയ്ത് തൊണ്ടി മുതലുകളടക്കമുള്ള സാധനസാമഗ്രികകള്‍ വീണ്ടെടുക്കേണ്ടതായുണ്ട്.

പ്രതിയെ കുറ്റകൃത്യങ്ങളുമായി ബന്ധിപ്പിക്കുന്ന തെളിവുകള്‍ കേസ് ഡയറിയില്‍ ഉണ്ടെന്നും വിലയിരുത്തിയാണ് ജഡ്ജി പ്രസുന്‍ മോഹന്‍
മുന്‍കൂര്‍ ജാമ്യ ഹര്‍ജി തള്ളിയത്. അതേസമയം ജൂണില്‍ മാഫിയാ സംഘത്തിലെ 4 പ്രതികളെ അറസ്റ്റ് ചെയ്തിട്ടും അന്‍സിലിനെ പിടികൂടാനായില്ല. പ്രതി സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യ ഹര്‍ജി തള്ളിയാല്‍ പ്രതിയെ അറസ്റ്റ് ചെയ്യണമെന്നിരിക്കെ കാക്കി സ്‌നേഹത്താല്‍ അറസ്റ്റ് ചെയ്യാതെ പോലീസ് ഒത്തുകളിക്കുന്നതായി ആരോപണം ഉയര്‍ന്നിട്ടുണ്ട്.

തുമ്പ പോലീസ് സ്റ്റേഷന്‍ ലോക്കല്‍ ലിമിറ്റിനകത്തെ വ്യാജ വിലാസങ്ങള്‍ വച്ച് യഥാര്‍ത്ഥ വ്യക്തികളുടെ ഫോട്ടോ പതിച്ച വ്യാജ ഐ ഡിയും തയ്യാറാക്കി പാസ് പോര്‍ട്ട് മാഫിയ പാസ്‌പോര്‍ട്ടിന് അപേക്ഷിക്കും. പാസ്‌പോര്‍ട്ട് ഓഫീസില്‍ നിന്നും ഇവ അതിര്‍ത്തി പോലീസ് സ്റ്റേഷനായ തുമ്പക്ക് അയക്കും. അന്‍സില്‍ ഇവക്ക് പോലീസ് ക്ലിയറന്‍സ്' സര്‍ട്ടിഫിക്കറ്റ് നല്‍കും ഇതായിരുന്നു തട്ടിപ്പ് രീതി (മോഡസ് ഓപ്പറാന്റി).

മരിച്ചയാളുടെ പേരില്‍ വരെ പാസ്‌പോര്‍ട്ട് തട്ടിപ്പ് സംഘത്തെ സഹായിച്ച പൊലീസുകാരനെ മുഖം രക്ഷിക്കാന്‍ നാമമാത്രമായി കഴിഞ്ഞയാഴ്ച സസ്‌പെന്റ് ചെയ്തു. വ്യാജ പാസ്‌പോര്‍ട്ട് ഉണ്ടാക്കുന്ന സംഘത്തെ തുമ്പ പൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ഇവരെ സഹായിച്ച പൊലീസുകാരന്‍ കുടുങ്ങിയത്. കേസില്‍ കൊല്ലം മുകുന്ദപുരം പുത്തേഴത്ത് സഫറുള്ള ഖാന്‍, ഉമയനല്ലൂര്‍ അല്‍ത്താഫ് മന്‍സിലില്‍ ബദറുദ്ദീന്‍, വര്‍ക്കല കണ്ണമ്പ ചാലുവിള സുനില്‍കുമാര്‍, വട്ടപ്പാറ മരുതൂര്‍ ആനിവില്ലയില്‍ എഡ്വേഡ് എന്നിവരാണ് അറസ്റ്റിലായത്.

പാസ്‌പോര്‍ട്ട് ആവശ്യമുള്ളവരില്‍ നിന്ന് പണം വാങ്ങി തുമ്പ സ്റ്റേഷന്‍ പരിധിയിലെ വ്യാജ വിലാസത്തിലെ പാസ്‌പോര്‍ട്ട് ഓഫീസില്‍ അപേക്ഷ നല്‍കും. പൊലീസ് സ്റ്റേഷനില്‍ പരിശോധനക്കായി എത്തുമ്പോള്‍ അന്‍സിലിന്റെ സഹായത്തോടെ പാസാക്കി വിടുകയാണ് പതിവ്. അടുത്തിടെ മേല്‍വിലാസത്തില്‍ സംശയം തോന്നിയ പാസ്‌പോര്‍ട്ട് ഓഫീസര്‍ വീണ്ടും പരിശോധനക്കായി തുമ്പ എസ്.എച്ച്.ഒക്ക് കൈമാറിയതോടെയാണ് തട്ടിപ്പ് പുറത്തുവരുന്നത്.