കല്‍പറ്റ: പട്ടികജാതി-പട്ടിക വര്‍ഗ വികസന വകുപ്പിന് പുതിയ മന്ത്രി ചുമതലയേറ്റതുപോലും അറിയാതെ ഔദ്യോഗിക വെബ്‌സൈറ്റ്. വാര്‍ത്ത വന്നിട്ടും മാറ്റം വരുന്നില്ലെന്നതാണ് വസ്തുത.

പുതിയ മന്ത്രിയായി ഒ.ആര്‍ കേളു സത്യപ്രതിജ്ഞ ചെയ്തത് കഴിഞ്ഞ ജൂണ്‍ 23നാണ്. വകുപ്പിന്റെ 'ഉന്നതി' പദ്ധതിയുടെ unnathikerala.org എന്ന വെബ്‌സൈറ്റില്‍ ഇപ്പോഴും മന്ത്രി സ്ഥാനത്ത് മുന്‍മന്ത്രി കെ. രാധാകൃഷ്ണനാണ്. അദ്ദേഹത്തിന്റെ ഫോട്ടോയും പേരുമാണ് സൈറ്റിലുള്ളത്. വകുപ്പിന്റെ വികസന-വിദ്യാഭ്യാസ ക്ഷേമപ്രവര്‍ത്തനങ്ങളെല്ലാം ഒരു കുടക്കീഴിലാക്കുകയെന്ന ലക്ഷ്യവുമായാണ് 2022ല്‍ 'ഉന്നതി' രൂപവത്കരിച്ചത്. വകുപ്പ് മന്ത്രിയെന്ന നിലയില്‍ ഒ.ആര്‍ കേളുവാണ് ഉന്നതിയുടെ ചെയര്‍മാന്‍. എന്നാല്‍ മുന്‍ മന്ത്രി കെ.രാധാകൃഷ്ണന്റെ ഫോട്ടോയാണ് ചെയര്‍മാന്‍ എന്ന നിലയിലും വെബ്‌സൈറ്റിലെ 'ഗവേണിങ്-ബോഡി' എന്ന വിന്‍ഡോയിലുമുള്ളത്.

വെബ്‌സൈറ്റ് പ്രകാരം വകുപ്പിന്റെ ഡയറക്ടര്‍ സ്ഥാനത്ത് ഇപ്പോഴും ഡി.ആര്‍. മേഘശ്രീ ഐ.എ.എസിന്റെ ഫോട്ടോയും പേരുമാണുള്ളത്. ഡയറക്ടര്‍ ആയിരുന്ന മേഘശ്രീ നിലവില്‍ വയനാട് ജില്ല കലക്ടറാണ്. മുന്‍ വയനാട് കലക്ടറായ രേണുരാജാണ് വകുപ്പിന്റെ പുതിയ ഡയറക്ടര്‍ എന്ന വിവരവും വെബ്‌സൈറ്റ് ഇതുവരെ അറിഞ്ഞിട്ടില്ല. വകുപ്പിന്റെ സ്?പെഷ്യല്‍ സെക്രട്ടറിയായിരുന്ന എന്‍.പ്രശാന്തിനെ ഈ സ്ഥാനത്ത് നിന്ന് മാറ്റിയിട്ട് നാലുമാസമായി. എന്നാല്‍ ഇദ്ദേഹത്തിന്റെ ഫോട്ടോയും പേരുമാണ് ഇപ്പോഴും സൈറ്റിലുള്ളത്. അങ്ങനെ താളം തെറ്റിയ അവസ്ഥയിലാണ് വെബ് സൈറ്റ്.