- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഓയൂരില്‍ കുട്ടിയെ തട്ടി കൊണ്ടുപോയ കേസില്‍ അനുപമയ്ക്ക് ജാമ്യം; ഹൈക്കോടതി ജാമ്യം അനുവദിച്ചത് ഇക്കാരണത്താല്‍
കൊല്ലം: കൊല്ലത്ത് ഓയൂരില്‍ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ മൂന്നാം പ്രതി അനുപമ പത്മകുമാറിന് ജാമ്യം. ഹൈക്കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. പഠനാവശ്യത്തിനായി ജാമ്യം അനുവദിക്കണമെന്നായിരുന്നു അനുപമയുടെ വാദം.
ഇതിന് മുന്‍പ് ഇതേ ആവശ്യമുന്നയിച്ച് അനുപമ കൊല്ലം ഒന്നാം അഡീഷണല്‍ സെഷന് കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. ജാമ്യം നല്കിയാല് സാക്ഷികളെ സ്വാധീനിക്കാനും ഭയപ്പെടുത്താനും സാദ്ധ്യതയുണ്ടെന്ന പ്രോസിക്യൂഷന് വാദം അംഗീകരിച്ചു കൊണ്ടായിരുന്നു അന്ന് കോടതി ജാമ്യാപേക്ഷ തള്ളിയത്.
കൊല്ലം ഓയൂരില്‍ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ ഒന്നാം പ്രതിയായ കെആര്‍ പത്മകുമാറിന്റെയും (51), ഭാര്യ അനിതകുമാരിയുടെയും (39) മകളാണ് അനുപമ. ആദ്യ രണ്ട് പ്രതികളും ഇതുവരെ ജാമ്യാപേക്ഷ സമര്‍പ്പിച്ചിട്ടില്ല. കഴിഞ്ഞ നവംബര്‍ അവസാനമാണ് ആറ് വയസുകാരിയെ ഇവര്‍ കാറില്‍ തട്ടിക്കൊണ്ടുപോയത്. തൊട്ടടുത്ത ദിവസം കൊല്ലം ആശ്രാമം മൈതാനത്ത് കുട്ടിയെ ഉപേക്ഷിച്ച പ്രതികളെ ഡിസംബര്‍ ഒന്നിനാണ് പിടികൂടിയത്.
പൂയപ്പള്ളി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് ജില്ലാ റൂറല്‍ ക്രൈംബ്രാഞ്ച് സംഘം തുടര്‍ അന്വേഷണം നടത്തി ഫെബ്രുവരി എട്ടിന് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. നര്‍ത്തകിയും സോഷ്യല്‍ മീഡിയ താരവുമായിരുന്നു അനുപമ. ഫേസ്ബുക്കിലും യൂട്യൂബിലുമെല്ലാം സജീവമായിരുന്നു. യൂട്യൂബില്‍ മാത്രം അഞ്ച് ലക്ഷം സബ്സ്ക്രൈബേഴ്സായിരുന്നു അറസ്റ്റിലായിരുന്നപ്പോള്‍ അനുപമയ്ക്കുണ്ടായിരുന്നത്.
സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിനാണ് അനുപമയടക്കം മൂന്ന് പ്രതികള്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ടത്. ട്യൂഷന് പോകും വഴി സഹോദരന് മുന്നില്‍വെച്ച് ആറു വയസുകാരിയെ വെള്ള കാറിലെത്തിയ സംഘം കടത്തിക്കൊണ്ടുപോയത്. കാറിലെത്തി സംഘം കുട്ടിയെ തട്ടിക്കൊണ്ടുപോകുകയും പോലീസ് അന്വേഷണം ഭയന്ന ഒരു ദിവസത്തിന് ശേഷം കുഞ്ഞിനെ കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിക്കുകയുമായിരുന്നു.