കൊച്ചി: മോഹന്‍ലാലിനെ കേന്ദ്രകഥാപാത്രമാക്കി തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ചിത്രം അണിയറയില്‍ ഒരുങ്ങുകയാണ്. എല്‍ 360 എന്ന് താല്‍കാലികമായി പേര് നല്‍കിയിരിക്കുന്ന ചിത്രത്തില്‍ നായിക ശോഭനയാണ്. സാധാരണക്കാരനായ ഒരു ടാക്‌സി ഡ്രൈവറുടെ വേഷത്തിലായാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ എത്തുന്നത്.

ഒരു നീണ്ട ഇടവേളക്ക് ശേഷമാണ് മോഹന്‍ലാല്‍- ശോഭന കോമ്പോ വെള്ളിത്തിരയില്‍ എത്തുന്നത്. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായിട്ടുണ്ട്. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ച് മനസു തുറക്കുകയാണ് മോഹന്‍ലാല്‍. ഏറെ സ്‌നേഹം തോന്നിയ സിനിമയാണ് എല്‍.360 എന്നാണ് നടന്‍ പറയുന്നത്. ഷെഡ്യൂള്‍ ബ്രേക്ക് വിഡിയോയിലാണ് ചിത്രത്തെക്കുറിച്ച് വാചാലനായത്. നിര്‍മാണ കമ്പനിയായ രജപുത്ര വിഷ്വല്‍ മീഡിയയാണ് വിഡിയോ പുറത്തുവിട്ടിരിക്കുന്നത്.

'47 വര്‍ഷമായി അഭിനയിക്കുന്നു. ഈ സിനിമയും ആദ്യ സിനിമ പോലെയാണ്. ഒരുപാട് സിനിമകള്‍ ചെയ്യുമ്പോഴും ചില സിനിമകളോട് ഒരു സ്‌നേഹം തോന്നും. അങ്ങനെ സ്‌നേഹം തോന്നിയ സിനിമയാണിത്. പോകുമ്പോള്‍ ഒരു സങ്കടമുണ്ടാകും. ആ സങ്കടത്തോട് കൂടി ഞാന്‍ പോകുന്നു. ഇവിടെ തന്നെ ഇങ്ങനെ നിന്ന എത്രയോ ദിവസങ്ങള്‍, ആ സന്തോഷത്തിലും സ്‌നേഹത്തിലും സങ്കടത്തിലും പോകുന്നു. എളുപ്പം തിരിച്ച് വരാന്‍'- മോഹന്‍ലാല്‍ പറഞ്ഞു.

സൗദി വെള്ളക്കക്ക് ശേഷം തരുണ്‍ മൂര്‍ത്തി സംവിധാനംചെയ്യുന്ന ചിത്രമാണ് എല്‍ 360. മോഹന്‍ലാലിന്റെ 360-ാമത്തെ ചിത്രമാണിത്. കെ.ആര്‍ സുനിലിന്റേതാണ് കഥ. തരുണ്‍ മൂര്‍ത്തിയും സുനിലും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. രജപുത്ര വിഷ്വല്‍സ് മീഡിയ അവതരിപ്പിക്കുന്ന ചിത്രം എം രഞ്ജിത്താണ് നിര്‍മിക്കുന്നത്.