- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ലിവിങ് ടുഗതര്‍ നിയമപരമായ വിവാഹമല്ല; പങ്കാളി പീഡനം നേരിട്ടാല്‍ ഗാര്‍ഹികപീഡനമായി കാണാനാവില്ലെന്ന് ഹൈക്കോടതി
കൊച്ചി: ലിവിങ് ടുഗതര്‍ നിയമപരമായ വിവാഹബന്ധം അല്ലാത്തതിനാല്‍ പങ്കാളിയില്‍നിന്ന് സ്ത്രീ പീഡനം നേരിട്ടാല്‍ അത് ഗാര്‍ഹികപീഡനമായി കാണാനാവില്ലെന്ന് ഹൈക്കോടതി. ഭര്‍ത്താവില്‍നിന്നോ ബന്ധുക്കളില്‍നിന്നോ ഭാര്യ പീഡനത്തിനിരയാകുമ്പോഴാണ് ഗാര്‍ഹികപീഡന നിയമപ്രകാരമുള്ള കുറ്റം ബാധകമാകുക. അതിന് നിയമപരമായ വിവാഹം അനിവാര്യമാണെന്ന് ജസ്റ്റിസ് എ. ബദറുദ്ദീന്‍ വ്യക്തമാക്കി.
എന്നാല്‍ ലിവിങ് ടുഗതിറില് അങ്ങനെ അല്ല. പങ്കാളി നിയമപരായി ഭാര്യയോ ഭര്‍ത്താവോ അല്ല. പങ്കാളിയുടെ പരാതിയില്‍ ഗാര്‍ഹികപീഡനത്തിന് കൊയിലാണ്ടി പോലീസ് കേസെടുത്തതിനെതിരേ എറണാകുളം ഉദയംപേരൂര്‍ സ്വദേശി ഫയല്‍ചെയ്ത ഹര്‍ജി അനുവദിച്ചുള്ള ഉത്തരവിലാണ് നിരീക്ഷണം. നിയമപരമായ വിവാഹബന്ധം അല്ലാത്തതിനാല്‍ കേസിലെ തുടര്‍നടപടികള്‍ കോടതി റദ്ദാക്കുകയും ചെയ്തു.
2023 മാര്‍ച്ച് 13 മുതല്‍ ഓഗസ്റ്റ് 20 വരെയാണ് ഹര്‍ജിക്കാരനും പരാതിക്കാരിയും ലിവിങ് ടുഗതര്‍ ബന്ധത്തില്‍ കഴിഞ്ഞത്. ഈ കാലയളവില്‍ മാനസികമായും ശാരീരികമായും പീഡനത്തിനിരയാക്കിയെന്ന യുവതിയുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്. കൊയിലാണ്ടി മജിസ്ട്രേറ്റ് കോടതിയില്‍ അന്തിമറിപ്പോര്‍ട്ടും ഫയല്‍ചെയ്തു. തുടര്‍ന്നാണ് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പങ്കാളി ഹൈക്കോടതിയിലെത്തിയത്.
നിയമപരമായ വിവാഹം ഇല്ലെങ്കില്‍ ഭര്‍ത്താവെന്ന് പറയാനാകില്ലെന്ന് കോടതി പറഞ്ഞു. ഭര്‍ത്താവ് അല്ലെങ്കില്‍ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വകുപ്പ് 498-എ പ്രകാരമുള്ള കുറ്റം നിലനില്‍ക്കില്ലെന്ന് കോടതി വ്യക്തമാക്കി.