തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഈ വര്‍ഷത്തെ മണ്‍സൂണ്‍ ബമ്പര്‍ നറുക്കെടുപ്പ് ഇന്ന് നടക്കും. പത്ത് കോടിയാണ് മണ്‍സൂണ്‍ ബമ്പറിന്റെ ഒന്നാം സമ്മാനം. നേരത്തെ നിശ്ചയിച്ചിരുന്ന ഔദ്യോഗിക പരിപാടികള്‍ ഒഴിവാക്കിയാണ് നറുക്കെടുപ്പ് നടക്കുക. ഉച്ചയ്ക്ക് രണ്ട് മണിക്ക് നറുക്കെടുപ്പ് നടക്കും. രണ്ടാം സമ്മാനം ഒരു കോടി വീതം 5 പേര്‍ക്കും മൂന്നാം സമ്മാനം 10 ലക്ഷം രൂപ വീതം 5 പേര്‍ക്കും ലഭിക്കും.

250 രൂപയാണ് ടിക്കറ്റ് വില. നറുക്കെടുപ്പിന്റെ ഭാഗമായി 34 ലക്ഷം ടിക്കറ്റുകളാണ് പൊതുവിപണിയിലെത്തിച്ചത്. ഇതില്‍ 32,90,900 ടിക്കറ്റുകള്‍ തിങ്കളാഴ്ച വരെ വിറ്റഴിച്ചു. കഴിഞ്ഞ വര്‍ഷത്തെ മണ്‍സൂണ്‍ ബമ്പറിന്റെ ഒന്നാം സമ്മാനം ഹരിത കര്‍മ്മ സേനാംഗങ്ങള്‍ക്ക് ആയിരുന്നു ലഭിച്ചത്. മലപ്പുറം പരപ്പനങ്ങാടി നഗരസഭയിലെ പ്രവര്‍ത്തകര്‍ ആയിരുന്നു ഇവര്‍. MB 200261 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. 250 രൂപയായിരുന്നു ബമ്പര്‍ ടിക്കറ്റ് വില. 25 രൂപ വീതം ഒമ്പത് വനിതകളും ബാക്കി രണ്ട് പേര്‍ ബാക്കി തുകയും കൊടുത്താണ് ടിക്കറ്റ് സ്വന്തമാക്കിയത്.

അതേസമയം, ഈ വര്‍ഷത്തെ തിരുവോണം ബമ്പര്‍ പ്രകാശനം ഇന്ന് നടക്കും. 25 കോടി രൂപയാണ് ഇക്കുറിയും 500 രൂപ വിലയുള്ള ഓണം ബമ്പര്‍ ടിക്കറ്റിന്റെ ഒന്നാം സമ്മാനം. രണ്ടാം സമ്മാനം ഒരു കോടി രൂപ (20 പേര്‍ക്ക് ), മൂന്നാം സമ്മാനമായ 50 ലക്ഷം രൂപ ഓരോ പരമ്പരകള്‍ക്കും രണ്ടു വീതം സമ്മാനമെന്ന കണക്കില്‍ 20 പേര്‍ക്ക് ലഭിക്കും.ഓരോ പരമ്പരയിലും 10 പേര്‍ക്കു വീതം അഞ്ചു ലക്ഷവും രണ്ടു ലക്ഷവുമാണ് യഥാക്രമം നാലും അഞ്ചും സമ്മാനങ്ങള്‍. സമാശ്വാസ സമ്മാനമായി ഒന്‍പതു പേര്‍ക്ക് അഞ്ചു ലക്ഷം രൂപ വീതം ലഭ്യമാകും. കൂടാതെ 5000, 2000, 1000, 500 രൂപയുടെ നിരവധി സമ്മാനങ്ങളുമുണ്ട്.