കണ്ണൂര്‍: കൂത്തുപറമ്പ് നഗരസഭയിലെ പന്ന്യോറയില്‍ ബീഹാര്‍ സ്വദേശിനിയായ യുവതി മക്കളെയും കൊണ്ട് കിണറ്റില്‍ ചാടി. സംഭവത്തില്‍ രണ്ടു കുട്ടികള്‍ മുങ്ങിമരിച്ചു. മാതാവായ യുവതി രക്ഷപ്പെട്ടു. മക്കളായ രാജമണി( മൂന്നര ), അഭിരാജ് (ഒന്നര )എന്നിവരാണ് മരിച്ചത്.

ബീഹാര്‍ സ്വദേശിനിയായ ഖുശ്ബുവാണ് ബുധനാഴ്ച രാവിലെ മക്കളെയും കൊണ്ട് കിണറ്റില്‍ ചാടിയത് കുത്തുപറമ്പ് പൊലിസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു. കുടുംബകലഹമാണോ യുവതിയെ ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചതെന്ന കാര്യം പൊലിസ് അന്വേഷിച്ചു വരികയാണ്. കിണറ്റില്‍ നിന്നും കരച്ചില്‍ കേട്ട നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

അമ്മയെയും മക്കളെയും ആശുപത്രിയിലെത്തിച്ചുവെങ്കിലും കുട്ടികളെ രക്ഷിക്കാനായില്ല. മരിച്ച കുട്ടികളുടെ മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി തലശേരി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സംഭവത്തില്‍ കൂത്തുപറമ്പ് പൊലിസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു അന്വേഷണമാരംഭിച്ചിട്ടുണ്ട്.