കൊച്ചി: പോക്കറ്റടിക്കാരനായ നേപ്പാള്‍ സ്വദേശി പോലീസ് പിടിയില്‍. നേപ്പാള്‍ ജാപ്പ ജില്ലയില്‍ അന്ധേരി സ്‌ക്കൂള്‍ വില്ലേജ് സ്വദേശി ബാദല്‍ ലിമ്പു (35) വിനെയാണ് ആലുവ പോലീസ് പിടികൂടിയത്. ആലുവ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡില്‍ യാത്രക്കാരുടെ മൊബൈല്‍ ഫോണുകള്‍ സ്ഥിരമായി മോഷ്ടിക്കുന്നയാളാണ് പ്രതി.

ബ്ലെയിഡ് മുറിച്ച് കടലാസില്‍ പൊതിഞ്ഞ് വിരലുകള്‍ക്കിടയില്‍ ഒളിപ്പിച്ചാണ് മോഷ്ടാവ് നടക്കുന്നത്. ബസുകളില്‍ തിക്കും തിരക്കും സൃഷ്ടിച്ചാണ് മോഷണം. തിരക്കുള്ളയിടങ്ങളില്‍ നിന്നാണ് മോഷണം നടത്തുന്നത്. പോക്കറ്റടിപ്പരാതിയെ തുടര്‍ന്ന് ആലുവ ഡിവൈഎസ്പിയുടെ നിര്‍ദ്ദേശത്താല്‍ പ്രത്യേക ടീമിനെ വിന്യസിച്ചിരുന്നു. ഈ ടീമും സി ആര്‍ വി സംഘവും നടത്തിയ അന്വേഷണത്തിലാണ് മോഷ്ടാവിനെ കയ്യോടെ പിടികൂടിയത്.

തമിഴ്‌നാട് സ്വദേശിയുടെ ഫോണ്‍ മോഷ്ടിക്കുന്നതിനിടയിലാണ് പിടിയിലാകുന്നത്. ഇയാളില്‍ നിന്ന് നാല് ഫോണുകള്‍ കണ്ടെടുത്തു. ഇന്‍സ്‌പെക്ടര്‍ എം.എം മഞ്ജു ദാസ്, സബ് ഇന്‍സ്‌പെക്ടര്‍മാരായ സെയ്ദ് മുഹമ്മദ്, അബ്ദുള്‍ ജലീല്‍, സി പി ഒ കെ.എം ഷാനിഫ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.