പത്തനംതിട്ട: ളാഹ മഞ്ഞത്തോട്ടിലെ എല്ലാ ആദിവാസി കുടുംബങ്ങളുടെയും അടച്ചുറപ്പുളള വീടെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കുമെന്ന് ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പൊലീത്ത. മാര്‍ത്തോമ്മാ സഭയുടെ അഭയം പദ്ധതിയില്‍ മഞ്ഞത്തോട്ടിലെ അഞ്ചു ആദിവാസി കുടുംബങ്ങള്‍ക്ക് നിര്‍മ്മിച്ചു നല്‍കിയ വീടുകളുടെ സമര്‍പ്പണം നിര്‍വഹിക്കുകയായിരുന്നു മെത്രാപ്പൊലീത്ത.

അറുപതോളം കുടുംബങ്ങള്‍ ദുഷ്‌കരമായ സാഹചര്യത്തില്‍ ഇവിടെ കഴിയുന്നു. ദാരിദ്ര്യത്തിന് പുറമേ വന്യമ്യഗശല്ല്യവും ഇവരുടെ ജീവിതം ദുസഹമാകുന്നു. ഏറുമാടങ്ങളില്‍ കഴിയുന്നവരെ ഇവിടെ കാണാന്‍ കഴിഞ്ഞിട്ടുണ്ട്. വാസയോഗ്യമായ വീടില്ലാത്ത എല്ലാവര്‍ക്കും സഭയായി ഭവനം നിര്‍മ്മിച്ചു നല്‍കും. കഴിഞ്ഞ മൂന്നു വര്‍ഷമായി സഭയുടെ വികസന വിഭാഗമായ കാര്‍ഡിന്റെ നേതൃത്വത്തില്‍ ഇവിടെ സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങള്‍നടത്തി വരുന്നു.ടോയ്ലറ്റ് സൗകര്യം ഒരുക്കുന്നതിനും പ്രഥമ പരിഗണന നല്‍കും. കുഞ്ഞുങ്ങള്‍ ദൈവത്തിന്റെ ദാനമാണ്.

അവര്‍ക്ക് വളരാനും പഠിക്കാനും സൗകര്യം ഉണ്ടാകണം. യുവജനങ്ങള്‍ക്ക് തൊഴില്‍ ലഭ്യമാകണം. ഇവിടെയുളള കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കിയ ഭൂമിയില്‍ ക്യഷി ആരംഭിച്ച് ആദായം ലഭ്യമാകുന്നതിന് തെളളിയൂര്‍ ക്യഷി വിജ്ഞാന കേന്ദ്രവുമായി സഹകരിച്ച് പദ്ധതി തയ്യാറാക്കി. ക്യഷിക്ക് വിപണി കണ്ടെത്തുന്നതിനും ശ്രമം ഉണ്ടാവും. ബിലീവേഴ്സ് ചര്‍ച്ച് മെഡിക്കല്‍ കോളേജിന്റ നേതൃത്തില്‍ എല്ലാ മാസവും മെഡിക്കല്‍ ക്യാമ്പുകള്‍ നടത്തി ആരോഗ്യകാര്യങ്ങളില്‍ പ്രത്യേക ശ്രദ്ധ നല്‍കുന്നു.ടെലി മെഡിസിന്‍ സൗകര്യം ഒരുക്കുന്ന കാര്യത്തിലും ശ്രദ്ധിക്കും. ശ്രേഷ്ഠമായ അവരുടെ സംസ്‌കാരം നിലനിര്‍ത്തി ഐക്യബോധത്തോടെ ജിവിക്കാനുളള സൗകര്യം ഒരുക്കുകയാണ് ലക്ഷ്യമെന്നും മെത്രാപ്പൊലീത്താ പറഞ്ഞു.

അഭയം പ്രോജക്ട് ചെയര്‍മാന്‍ ഡോ. ജോസഫ് മാര്‍ ബര്‍ണബാസ് സഫ്രഗന്‍ മെത്രാപ്പൊലീത്ത അധ്യക്ഷനായിരുന്നു. അന്യന്റെ വേദന സ്വന്തം വേദനയായി കണ്ട് പ്രതികരിക്കേണ്ടത് ഇന്നിന്റെ ആവശ്യമാണെന്ന് അദേഹം പറഞ്ഞു. കാര്‍ഡ് പ്രസിഡന്റ് ഡോ. യുയാക്കിം മാര്‍ കൂറിലോസ് സഫ്രഗന്‍ മെത്രാപ്പൊലീത്താ മുഖ്യപ്രഭാഷണം നടത്തി. വേദനിക്കുന്നവരെയും തളളപ്പെട്ടവരെയും ചേര്‍ത്തു നിര്‍ത്തിയ ക്രിസ്തു ശൈലി പിന്തുടരാന്‍ കഴിയണമെന്ന് സഫ്രഗന്‍ മെത്രാപ്പൊലീത്താ പറഞ്ഞു.

സഭാ സെക്രട്ടറി റവ. എബി. ടി. മാമ്മന്‍, വികാരി ജനറാള്‍ വെരി. റവ. ജോര്‍ജ്ജ് മാത്യു, അമ്പാട്ട് ഇത്താപ്പിരി ഫൗണ്ടേഷന്‍ പ്രതിനിധി അജിത്ത് ഐസക്, കാര്‍ഡ് ഡയറക്ടര്‍ റവ. മോന്‍സി വര്‍ഗീസ്, ഗ്രാമപഞ്ചായത്ത് അംഗം മജ്ഞു പ്രമോദ്, ഡപ്യൂട്ടി ഫോറസ്റ്റ് ഓഫീസര്‍ കെ. മുകേഷ് കുമാര്‍, കെ. വി. കെ സീനിയര്‍ സയന്റിസ്റ്റ് സി.പി. റോബര്‍ട്ട്, കാര്‍ഡ് ട്രഷറര്‍ വിക്ടര്‍. ടി. തോമസ്, കോ. ഓര്‍ഡിനേറ്റര്‍ റെബു തോമസ് മാത്യു എന്നിവര്‍ സംസാരിച്ചു. പച്ചക്കറി തൈകളുടെ വിതരണവും നടന്നു.