തിരുവനന്തപുരം: നിപ ബാധയുടെ ഉറവിടം കണ്ടെത്താന്‍ വേണ്ട തെളിവുകള്‍ ശേഖരിച്ച് വരികയാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. വവ്വാലുകളുടെ ആവാസ വ്യവസ്ഥ നശിപ്പിക്കാന്‍ ശ്രമിക്കരുതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

വവ്വാലുകളെ ഓടിച്ച് വിടാനും അവയുള്ള മേഖലയില്‍ തീയിടാനും ശ്രമിക്കരുത്. അത് കൂടുതല്‍ അപകടമുണ്ടാക്കും. വവ്വാലുകളെ ആക്രമിക്കുന്നത് വൈറസ് ബാധ കൂടുതല്‍ വ്യാപിക്കാന്‍ ഇടയാക്കുമെന്നും ആരോഗ്യമന്ത്രി സൂചിപ്പിച്ചു. മലപ്പുറത്ത് മരിച്ച കുട്ടി കാട്ട് അമ്പഴങ്ങ കഴിച്ചതായി സുഹൃത്തുക്കളാണ് അറിയിച്ചത്. ഈ പ്രദേശത്ത് വവ്വാലുകളുടെ സാന്നിധ്യമുണ്ട്. കുട്ടി മറ്റ് ജില്ലകളില്‍ യാത്ര പോയത് വളരെ മുമ്പാണ്. നിപ മാപ്പില്‍ ഉള്‍പ്പെട്ടവര്‍ക്ക് ആശങ്ക വേണ്ട. മുന്‍കരുതലിന്റെ ഭാഗമായി ആണ് നിരീക്ഷണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ ദയവായി അറിയിക്കണമെന്നും മന്ത്രി പറഞ്ഞു.

ഇനി പരിശോധിക്കാനുള്ളത് 13 പേരുടെ സാമ്പിളുകളാണ്. ഇതില്‍ ആറ് പേര്‍ക്ക് പനിയുണ്ട്. 350 പേരാണ് സമ്പര്‍ക്ക പട്ടികയില്‍ ആകെയുള്ളത്. ഇതില്‍ 101 പേര്‍ ഹൈ റിസ്‌ക് കാറ്റഗറിയിലാണ്. 68 ആരോഗ്യപ്രവര്‍ത്തകരും ഇതില്‍ ഉള്‍പ്പെടുന്നു.