കോഴിക്കോട്: പിഎസ്സി കോഴ ആരോപണത്തില്‍ പ്രമോദ് കോട്ടൂളിയുടെ നീക്കങ്ങള്‍ നിരീക്ഷിക്കാന്‍ സിപിഎം. പാര്‍ട്ടി പുറത്താക്കിയ പ്രമോദിന് വലിയ സ്വീകാര്യത കിട്ടുന്നത് സിപിഎമ്മിനെ കുഴക്കുന്നുണ്ട്. അതിനിടെ സിപിഎമ്മിലെ വലിയൊരു വിഭാഗവും പ്രമോദിനൊപ്പമാണെന്ന ചര്‍ച്ചയും സജീവമാണ്. കോഴിക്കോട്ടെ ഗ്രൂപ്പില്ലാ നേതാക്കളെല്ലാം പ്രമോദിനെ പിന്തുണയ്ക്കുന്നുവെന്നാണ് സൂചന. അതിനിടെ തനിക്കെതിരെ ഗൂഢാലോചന നടത്തിയത് ജില്ലാ കമ്മിറ്റി അംഗം ഇ.പ്രേംകുമാറും ലോക്കല്‍ കമ്മിറ്റിയിലെ വനിതാ അംഗവും ചേര്‍ന്നാണെന്നു പ്രമോദ് കോട്ടൂളി വിശദീകരിച്ചു. വ്യാജ തെളിവുകള്‍ ഉണ്ടാക്കി നല്‍കിയ പരാതി വിശ്വസിച്ച് പാര്‍ട്ടി അച്ചടക്ക നടപടി എടുത്തതില്‍ കടുത്ത വിഷമമുണ്ട്.

ഗൂഢാലോചന നടന്നത് എവിടെ നിന്നാണെന്നു മനസ്സിലായതു കൊണ്ടാണു ജില്ലാ കമ്മിറ്റി അംഗം പ്രേംകുമാര്‍ ഇല്ലത്തിന്റെ ഫെയ്‌സ്ബുക് പോസ്റ്റിനു കീഴില്‍' പ്രേമന്‍ എല്ലാ ചതിയിലും നിങ്ങളാണു നായകന്‍' എന്നു കമന്റ് ചെയ്തത്. പുറത്താക്കിയ തീരുമാനം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ടു പാര്‍ട്ടി കണ്‍ട്രോള്‍ കമ്മിഷനു പരാതി നല്‍കുമെന്നും പ്രമോദ് പറഞ്ഞു. എന്നാല്‍ പ്രമോദിനെ ഏകകണ്ഠമായാണു പുറത്താക്കിയതെന്നും ആരോപണങ്ങളില്‍ പ്രതികരിക്കാനില്ലെന്നു പ്രേംകുമാര്‍ പറഞ്ഞു. ഇതോടെ വിവാദങ്ങള്‍ പുതിയ തലത്തിലെത്തുകയാണ്. ഈ വിവാദത്തില്‍ സിപിഎം നേതാക്കള്‍ ആരും പ്രതികരിക്കരുതെന്ന നിര്‍ദ്ദേശംസംസ്ഥാന നേതൃത്വം നല്‍കിയിട്ടുണ്ട്. അതിനിടെ കേസ് പോലീസില്‍ എത്തുമോ എന്നത് സിപിഎം ആകാംഷയോടെ ഉറ്റുനോക്കുന്നുണ്ട്.

പിഎസ്‌സി അംഗത്വത്തിനു വേണ്ടി തനിക്കു പണം നല്‍കിയിട്ടില്ലെന്നു പരാതിക്കാരനായ ശ്രീജിത്ത് തന്നെ വ്യക്തമാക്കിയതായി പ്രമോദ് പറഞ്ഞു. അപ്പോള്‍ പിന്നെ എന്ത് അടിസ്ഥാനത്തിലാണു നടപടിയെന്നു വ്യക്തമല്ല. ശ്രീജിത്തിനു വേണ്ടി ആരോഗ്യവകുപ്പില്‍ ഇടപെടുകയോ റിയല്‍ എസ്റ്റേറ്റ് ഇടനിലക്കാരനാകുകയോ ചെയ്തിട്ടില്ല. സുഹൃത്തുക്കളെന്ന നിലയില്‍ തങ്ങള്‍ പരസ്പരം അയച്ച വാട്‌സാപ് ചാറ്റുകളും മെസേജുകളും വളച്ചൊടിച്ചു കൃത്രിമ തെളിവുകളുണ്ടാക്കി. ചില കാര്യങ്ങളില്‍ അഭിപ്രായം തേടിയപ്പോള്‍ മറുപടി നല്‍കിയിട്ടുണ്ട്. ഇതാണു ഗൂഢാലോചനയ്ക്കായി ഉപയോഗിച്ചത്. തന്റെ പ്രദേശത്തെ ലോക്കല്‍ കമ്മിറ്റി അംഗത്തെ ഉപയോഗിച്ചു പാര്‍ട്ടിക്കു പരാതി നല്‍കുകയായിരുന്നെന്നും പ്രമോദ് പറഞ്ഞു.

പൊലീസില്‍ പരാതി നല്‍കുന്നതു സംബന്ധിച്ചു നിയമവിദഗ്ധരുമായി കൂടുതല്‍ ആലോചിക്കേണ്ടതുണ്ട്. ആര്‍ക്കെതിരെ പരാതി നല്‍കുമെന്നതു സംബന്ധിച്ചു നിയമ പ്രശ്‌നമുണ്ട്. വിശദാംശങ്ങള്‍ ശേഖരിച്ച ശേഷം ഗൂഢാലോചനയ്‌ക്കെതിരെ പൊലീസില്‍ പരാതി നല്‍കുമെന്നും പ്രമോദ് പറഞ്ഞു. ഇതിനിടെ പരാതി കൊടുക്കാതിരിക്കാന്‍ പ്രമോദില്‍ സമ്മര്‍ദ്ദവുമുണ്ട്, പൊതു മരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനെതിരെയാണ് പ്രമോദിന്റെ പോരാട്ടമെന്ന വിലയിരുത്തലും ഉയരുന്നു. അതുകൊണ്ട് തന്നെ പ്രമോദിന്റെ ഓരോ നീക്കവും നിര്‍ണ്ണായകമാണ്.

പാര്‍ട്ടിയില്‍നിന്നു പുറത്താക്കിയതിനെതിരെ സംസ്ഥാന കമ്മിറ്റിക്ക് പരാതി നല്‍കുമെന്നു പ്രമോദ് കോട്ടൂളി വിശദീകരിച്ചിട്ടുണ്ട്. പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും അദ്ദേഹം ആരോപിച്ചു. അതേസമയം, പിഎസ്സി അംഗത്വം ലഭിക്കാന്‍ കോഴ വാങ്ങിയെന്നു താന്‍ ആര്‍ക്കും പരാതി നല്‍കിയിട്ടില്ലെന്നും പ്രമോദ് കോട്ടൂളി പണം വാങ്ങിയിട്ടില്ലെന്നും ചേവായൂര്‍ സ്വദേശി ശ്രീജിത്ത് വെളിപ്പെടുത്തി. താനും പ്രമോദും വര്‍ഷങ്ങളായി നല്ല സുഹൃത്തുക്കളാണ്. പ്രമോദുമായി ഒരു പണമിടപാടുമില്ല-ശ്രീജിത്ത് വിശദീകരിച്ചത് ഇങ്ങനെയാണ്.

താനും കുടുംബവും മംഗളൂരുവിലാണ് ജോലി ചെയ്യുന്നത്. പണം കൊടുത്ത് ജോലി വാങ്ങേണ്ട ആവശ്യം തന്റെ കുടുംബത്തിനില്ലെന്നും ശ്രീജിത്ത് പറഞ്ഞു. ഇതും പ്രമോദ് കൂട്ടാളിയെ അനുനയിപ്പിക്കാനുള്ള തന്ത്രമാണെന്ന വിലയിരുത്തല്‍ സജീവമാണ്.