- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോണ്‍ഗ്രസുകാരനായ അച്ഛനെ തോല്‍പ്പിച്ച സഖാവായ മകന്‍; സജിത്തിന്റെ ജയം സിപിഎം വിഭാഗീയതയെ തോല്‍പ്പിച്ചും; രാമങ്കരിയിലെ വിചിത്ര രാഷ്ട്രീയക്കഥ
കുട്ടനാട്: രാമങ്കരി 13-ാം വാര്‍ഡിലെ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സി.പി.എമ്മിലെ ബി. സരിന്‍കുമാര്‍ വിജയിക്കുമ്പോള്‍ ആശ്വാസം സിപിഎമ്മിന്. രാമങ്കരിയിലെ കടുത്ത പോരാട്ടത്തില്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥിയും സരിന്റെ പിതാവുമായ വി.എ. ബാലകൃഷ്ണനെ ഒമ്പത് വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. 685 വോട്ടുകളാണ് പോള്‍ ചെയ്തത്. സരിന്‍കുമാര്‍ -315, ബാലകൃഷ്ണന്‍ - 306, ബി.ജെ.പിയുടെ ശുഭപ്രഭ - 42 എസ്.യു.സി.ഐയുടെ വി.ആര്‍.അനില്‍ - 22 എന്നിങ്ങനെയാണ് വോട്ടുകള്‍ നേടിയത്. വിജയം സി.പി.എമ്മിന് ആശ്വാസകരവും മുഖം രക്ഷിക്കലുമായി മാറി.
പക്ഷേ അതീവ രസകരമാണ് രാമങ്കരിയിലെ രാഷ്ട്രീയ കാഴ്ച. തിരഞ്ഞെടുപ്പു ഫലം പഞ്ചായത്ത് ഭരണത്തെ എങ്ങനെ ബാധിക്കുമെന്നതാണ് ഉയരുന്ന ചോദ്യം. 13 അംഗ ഭരണ സമിതിയില്‍ എല്‍.ഡി.എഫിന് എട്ടും യു.ഡി.എഫിന് നാലും അംഗങ്ങളാണു നിലവിലുള്ളതെങ്കിലും സി.പി.എമ്മിലെ ഒൗദ്യേഗിക പക്ഷത്തെ നാല് പേരുടെ പിന്തുണയോടെ യു.ഡി.എഫ്. ആണ് പഞ്ചായത്ത് ഭരിക്കുന്നത്. രാമങ്കരിയില്‍ ജയിക്കുമ്പോള്‍ സിപിഎം ഔദ്യോഗിക പക്ഷത്തിന് അഞ്ചു പേരാകും. എന്നു കരുതി കോണ്‍ഗ്രസ് ഭരണത്തെ വീഴ്ത്തിയാല്‍ വിമതരുമായി ചേര്‍ന്ന് അവര്‍ക്ക് അധികാരത്തിലെത്താന്‍ കഴിയും.
വാശിയേറിയ മത്സരമാണ് വേഴപ്ര പടിഞ്ഞാറ് തിരഞ്ഞെടുപ്പിലുണ്ടായത്. രാമങ്കരിയിലെ ഈ 13-ാം വാര്‍ഡില്‍ കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ 726 വോട്ടുകളാണ് പോള്‍ ചെയ്തത്. അന്ന് സി.പി.എം. സ്ഥാനാര്‍ഥി രാജേന്ദ്രകുമാറിന് 375 വോട്ടു ലഭിച്ചപ്പോള്‍ കോണ്‍ഗ്രസിന് വേണ്ടി മത്സരിച്ച വി.എ. ബാലകൃഷ്ണന്‍ 351 വോട്ടുകള്‍ നേടിയിരുന്നു. അന്ന് രാജേന്ദ്രകുമാര്‍ 24 വോട്ടുകള്‍ക്ക് വിജയിക്കുകയായിരുന്നു. നേരിട്ടുള്ള പോരാട്ടമായിരുന്നു നടന്നത്. ഇക്കുറി സാഹചര്യം മാറി. കഴിഞ്ഞ കാലങ്ങളില്‍ മത്സരരംഗത്തില്ലാതിരുന്ന ബി.ജെ.പി. എന്‍.ഡി.എ. മുന്നണിയുടെ പേരില്‍ മത്സരത്തിനിറങ്ങിയിരുന്നു. എസ്.യു.സി.ഐയും മത്സരത്തിനെത്തി.
സിപിഎം ടിക്കറ്റില്‍ മത്സരിച്ചു വിജയിച്ച് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം വഹിച്ചിരുന്ന ആര്‍ രാജേന്ദ്ര കുമാര്‍ പാര്‍ട്ടിയുമായി തെറ്റിയതോടെയാണ് രാമങ്കരിയിലെ പ്രശ്‌നം തുടങ്ങിയത്. പഞ്ചായത്ത് ഭരണത്തേയും ബാധിച്ചു. സി.പി.ഐ. അനുകൂല നിലപാടുകളുമായി കടുത്ത വെല്ലുവിളിയാണ് രാജേന്ദ്രകുമാര്‍ സി.പി.എമ്മിന് എതിരെ ഉയര്‍ത്തിയത്. രാജേന്ദ്രകുമാറിനെതിരെ സി.പി.എം. തന്നെ അവിശ്വാസം കൊണ്ടുവന്നു. സി.പി.എമ്മും കോണ്‍ഗ്രസ്സും ഒന്നിച്ച് നിന്നപ്പോള്‍ അവിശ്വാസത്തില്‍ പരാജയപ്പെട്ട് രാജേന്ദ്രകുമാറിന് പ്രസിഡന്റ് പദം ഒഴിയേണ്ടി വന്നു. ഇതോടൊപ്പം പഞ്ചായത്ത് അംഗത്വം കൂടി രാജി വച്ചതാണ് ഉപതിരഞ്ഞെടുപ്പിനു കളമൊരുക്കിയത്.
സി.പി.എം സ്ഥാനാര്‍ത്ഥിയായി സരിനും, കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി അച്ഛന്‍ വി.എ.ബാലകൃഷ്ണനും മത്സരരംഗത്ത് ഉറച്ചു നില്‍ക്കാന്‍ തീരുമാനിച്ചതോടെ അച്ഛനും മകനും ഏറ്റുമുട്ടുന്നെന്ന പ്രത്യേകതകൂടി ഈ തിരഞ്ഞെടുപ്പിന് വന്നുചേര്‍ന്നു. സരിന്‍ ആദ്യമായാണ് മത്സരിക്കുന്നതെങ്കിലും ബാലകൃഷ്ണന് മൂന്നാം തവണയാണ് മത്സരത്തിനിറങ്ങുന്നത്. കന്നി മത്സരത്തില്‍ തന്നെ അച്ഛനെ തോല്‍പ്പിച്ച് മകന്‍ സിപിഎമ്മിലെ താരമാകുകയാണ്.
കുട്ടനാട്ടിലെ സിപിഎം വിഭാഗീയതയുടെ ഭാ?ഗമായി ഏറെ നാളായി രാജേന്ദ്രകുമാര്‍ പാര്‍ട്ടിയുമായി ഇടഞ്ഞുനില്‍ക്കുകയായിരുന്നു. ഇരുന്നൂറിലധികം പേര്‍ സിപിഎം വിട്ട് സിപിഐയില്‍ ചേരുകയും ചെയ്തു. ഇതിനിടെയാണ് അവിശ്വാസം എത്തിയത്. ഇതിനിടെ പ്രസിഡന്റ് സ്ഥാനം രാജിവെച്ച് പുറത്തുവന്ന രാജേന്ദ്രകുമാറിനെ സിപിഐ പ്രവര്‍ത്തകര്‍ രക്തഹാരമണിയിച്ചാണ് സ്വീകരിച്ചത്. ദുര്‍ബലന്മാര്‍ എന്തും ചെയ്യുമെന്നും സിപിഎയെ ശക്തിപ്പെടുത്തുന്നതിനുള്ള നല്ല നിലപാടുമായി മുന്നോട്ടു പോകുമെന്നും രാജേന്ദ്രകുമാര്‍ പറഞ്ഞു.
13 അംഗ ഭരണസമിതിയാണ് രാമങ്കരി പഞ്ചായത്തിലുള്ളത്. നാല് അംഗങ്ങള്‍ കോണ്‍ഗ്രസിനും ബാക്കി സിപിഎമ്മിനും. കോണ്‍ഗ്രസ് അംഗങ്ങള്‍ കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തില്‍ മൂന്ന് സിപിഎം അംഗങ്ങള്‍ ഒപ്പുവച്ചിരുന്നു. വോട്ടെടുപ്പ് നടന്നപ്പോള്‍ എട്ട് പേരുടെ പിന്തുണയോടെ പ്രമേയം പാസായി. അവിശ്വാസ പ്രമേയം പാസായ പിന്നാലെ സിപിഎമ്മുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിക്കുകയാണെന്ന് രാജേന്ദ്രകുമാര്‍ പറഞ്ഞു. ഇനി സിപിഐയുമായി സഹകരിച്ച് പ്രവര്‍ത്തിക്കാനാണ് അദ്ദേഹത്തിന്റെ തീരുമാനം. പ്രസിഡന്റ് സ്ഥാനവും പഞ്ചായത്ത് അംഗത്വവും അദ്ദേഹം രാജിവച്ചിരുന്നു.