കണ്ണൂര്‍: 400ലെത്തി 'ഗമ' കാട്ടിയ മത്തി വില താഴേയ്ക്ക്. ഞായറാഴ്ച തലശ്ശേരി മത്സ്യമാര്‍ക്കറ്റിലെത്തിയ പെടയ്ക്കുന്ന മുഴുത്ത മത്തി വിറ്റഴിച്ചത് കിലോ 100 രൂപയ്ക്കാണ്. തലശ്ശേരി കടപ്പുറത്തുനിന്ന് മീന്‍പിടിത്തത്തിനായി പോയ ചെറുവള്ളക്കാരാണ് മത്തി ചാകരയുമായി എത്തിയത്. ഒഴിവുദിനമായതിനാല്‍ ചന്തയില്‍ തിരക്ക് കുറവായിരുന്നെങ്കിലും വാര്‍ത്ത പരന്നതോടെ കരയ്‌ക്കെത്തിയ മത്തി അല്‍പസമയത്തിനുള്ളില്‍ വിറ്റുതീര്‍ന്നു.

കണ്ണൂര്‍ ആയിക്കരയിലും ഞായറാഴ്ച മത്തിക്ക് സമാനമായ വിലയായിരുന്നു. 80 രൂപയ്ക്കും 100 രൂപയ്ക്കും ഇടയിലാണ് ഇവിടെ കിലോയ്ക്ക് മൊത്തവില്‍പന നടന്നത്. മത്തി വില കുറഞ്ഞ് പഴയപടിയായെങ്കിലും മറ്റ് മീനുകളുടെ വിലയില്‍ കാര്യമായ മാറ്റമില്ല. കോലി, കോര (200240 രൂപ), ചെമ്മീന്‍ ചരു (120160 രൂപ) എന്നിവയാണ് പൊതുവെ മിതമായ വിലയ്ക്ക് ലഭിച്ച മീനുകള്‍.

അയക്കൂറയ്ക്ക് 1000 രൂപ മുതല്‍ 1200 രൂപ വരെയും ആവോലിയ്ക്ക് 800-ന് താഴോട്ടേക്കുമായിരുന്നു ഞായറാഴ്ചത്തെ വില. ജനപ്രിയ ഇനങ്ങളിലൊന്നായ പുയ്യാപ്ല (കിളിമീന്‍) ഉള്‍പ്പെടെയുള്ള മീനുകള്‍ക്ക് ട്രോളിങ് നിരോധനം തുടങ്ങിയതോടെ കടുത്ത ക്ഷാമമാണ്. 31-വരെയാണ് ട്രോളിങ് നിരോധനം.