- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സയ്യിദ് ഫസല്‍ കോയമ്മ തങ്ങളുടെ നിര്യാണത്തില്‍ അനുശോചിച്ച് പ്രമുഖര്‍; വിട പറഞ്ഞത് 60 ഓളം മഹലുകളുടെ ഖാസി; 'ഖുറാ തങ്ങള്‍' എന്നറിയപ്പെടുന്ന ആത്മീയനേതാവ്
കാഞ്ഞങ്ങാട്: ഇസ്ലാമിക പണ്ഡിതനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ മുശാവറ അംഗവും ദക്ഷിണ കന്നട സംയുക്ത ജമാഅത്ത് ഖാസിയുമായ എട്ടിക്കുളത്തെ സയ്യിദ് ഫസല്‍ കോയമ്മ തങ്ങളുടെ അപ്രതീക്ഷിത വിയോഗത്തില്‍ അനുശോചിച്ച് പ്രമുഖര്‍.തിങ്കളാഴ്ച്ച ഉച്ചയോടെ ഉള്ളാളില്‍ സയ്യിദ് മദനി ശരീഅത് കോളേജ് വിദ്യാര്‍ഥികളുടെ പുതിയ ഹോസ്റ്റല്‍ കെട്ടിടത്തിന്റെ ശിലാസ്ഥാപന ചടങ്ങില്‍ സംബന്ധിക്കാന്‍ ഒരുങ്ങുന്നതിനിടെയാണ് അപ്രതീക്ഷിതമായി അന്ത്യം സംഭവിച്ചത്.64 വയസ്സായിരുന്നു.
സമസ്ത കേരള ജംഇയ്യതുല്‍ ഉലമ മുശാവറ അംഗം, ദേളി ജാമിഅ സഅദിയ്യ ജെനറല്‍ സെക്രടറി തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു.ദക്ഷിണേന്ത്യയിലെ പ്രമുഖ തീര്‍ത്ഥാടന കേന്ദ്രമായ ഉള്ളാള്‍ മഹലുള്‍പ്പെടെ കര്‍ണാടകയില്‍ 60 മഹല്ലുകളുടെ ഖാസിയാണ്.കര്‍ണാടകയിലെ പുത്തൂരിനടുത്തുള്ള കുറ പ്രദേശത്ത് നിരവധി വര്‍ഷമായി ദര്‍സ് നടത്തുന്നത് കാരണം 'ഖുറാ തങ്ങള്‍' എന്നറിയപ്പെടുന്ന സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കേരളത്തിലും കര്‍ണാടകയിലുമടക്കം പ്രസിദ്ധനായ ആത്മീയ നേതൃത്വമായിരുന്നു.
കാസര്‍കോട് ദേളി ജാമിഅ സഅദിയ്യ അറബിയ്യയുടെ ജനറല്‍ സെക്രട്ടറിയും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കണ്ണൂര്‍ ജില്ലാ പ്രസിഡന്റുമായിരുന്നു.സമസ്ത മുന്‍ അധ്യക്ഷനും പ്രമുഖ പണ്ഡിതനുമായിരുന്ന താജുല്‍ ഉലമ സയ്യിദ് അബ്ദുര്‍ റഹ്മാന്‍ അല്‍ ബുഖാരി ഉള്ളാള്‍ തങ്ങളാണ് പിതാവ്. അദ്ദേഹത്തിന്റെ വിടവാങ്ങലിന് ശേഷമാണ് ഉള്ളാള്‍ അടക്കമുള്ള മഹല്ലുകളുടെ ഖാസിയായി ഖുറാ തങ്ങള്‍ നിയമിതനായത്.ഭാര്യ: സയ്യിദത്ത് ആറ്റ ബീവി. മക്കള്‍: സയ്യിദ് അബ്ദുറഹ്മാന്‍ മശ്ഹൂദ്, സയ്യിദ് മുസ്ഹബ് തങ്ങള്‍, സയ്യിദത്ത് റുഫൈദ, സയ്യിദത്ത് സഫീറ, സയ്യിദത്ത് സകിയ്യ, സയ്യിദത്ത് സഫാന.
ഖബറടക്കം ഇന്നലെ രാത്രി മംഗലാപുരത്തിന് സമീപം കുറയില്‍ നടന്നു. നിര്യാണത്തില്‍ സമസ്ത പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്ലിയാര്‍,ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍, ട്രഷറര്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍, മുശാവറ ഉപാധ്യക്ഷനും സഅദിയ്യ പ്രസിഡന്റുമായ കുമ്പോല്‍ സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ തുടങ്ങി നിരവധി പ്രമുഖര്‍ അനുശോചിച്ചു.