- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ദേഷ്യപ്പെടുകയോ ചീത്തപറയുകയോ ചെയ്തില്ല; മൂന്ന് വര്‍ഷത്തെ പഠനം കഴിഞ്ഞതോടെ സ്വകാര്യ ബസ് ജീവനക്കാര്‍ക്ക് ഷര്‍ട്ടും മുണ്ടും സമ്മാനിച്ച് വിദ്യാര്‍ത്ഥിനികള്‍
കോഴിക്കോട്: മൂന്ന് വര്‍ഷത്തെ യാത്രയില്‍ ഒരിക്കല്‍ പോലും ദേഷ്യപ്പെടുകയോ ചീത്ത പറയുകയോ ചെയ്യാതിരുന്ന ബസ് ജീവനക്കാര്‍ക്ക് ഷര്‍ട്ടും മുണ്ടും സമ്മാനമായി നല്‍കി വിദ്യാര്‍ത്ഥിനികള്‍. എസ്.ടി എന്നു കേള്‍ക്കുമ്പോഴെ കുട്ടികളോട് മോശമായി പെരുമാറുന്ന ബസ് ജീവനക്കാരില്‍ നിന്നും വ്യത്യസ്തരായി കുട്ടികളെ ചേര്‍ത്ത് നിര്‍ത്തിയ ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കുമാണ് വിദ്യാര്‍ത്ഥികള്‍ സ്‌നേഹ സമ്മാനം നല്‍കിയത്.
കോഴിക്കോട് മെഡിക്കല്‍ കോളേജ് - വെള്ളിമാടുകുന്ന് റൂട്ടില്‍ സര്‍വീസ് നടത്തുന്ന ഐഡിയല്‍ ബസ് ജീവനക്കാരായ അനിക്കും മുരളിക്കുമാണ് അപ്രതീക്ഷിതമായി സമ്മാനം ലഭിച്ചത്. എം.എല്‍.ടി. പഠനം പൂര്‍ത്തിയാക്കി പരീക്ഷ കഴിഞ്ഞതോടെയാണ് വിദ്യാര്‍ഥികളായ നസ്രിനും ഹിബയും റിസ്ബയും റിസയും അവര്‍ സ്ഥിരം കയറാറുളള സ്വകാര്യബസ്സില്‍ ഒരിക്കല്‍ കൂടി കയറിയതും സമ്മാനം കൈമാറിയതും. ഈ തൊഴിലെടുത്ത് തുടങ്ങിയ ശേഷം ആദ്യമായൊരു സമ്മാനം കിട്ടിയപ്പോള്‍ അനിക്കും മുരളിക്കും പറഞ്ഞറിയിക്കാനാവാത്ത സന്തോഷം ആയിരുന്നു..
വിദ്യാര്‍ഥിനികള്‍ 'സര്‍പ്രൈസ് ഗിഫ്റ്റ്' നല്‍കിയ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്. ഷര്‍ട്ടും മുണ്ടുമാണ് വിദ്യാര്‍ഥിനികള്‍ ബസ് ജീവനക്കാര്‍ക്ക് സമ്മാനിച്ചത്. മൂന്ന് കൊല്ലമായി ഈ ബസ്സിലെ സ്ഥിരം യാത്രക്കാരാണ് വിദ്യാര്‍ത്ഥിനികള്‍. മറ്റൊരു ബസ് ജീവനക്കാരോടും തോന്നാത്തൊരു സ്‌നേഹം ഞങ്ങള്‍ക്ക് ഇവരോടുണ്ട്. ഞങ്ങളുടെ കോളേജ് ജീവിതത്തില്‍ ചെറുതല്ലാത്തൊരു പങ്ക് ഇവര്‍ക്കുമുണ്ട്. അവര്‍ക്കൊരു സമ്മാനം കൊടുക്കാതെ ഞങ്ങള്‍ എങ്ങനെ പോകുമെന്ന് നാല്‍വര്‍ സംഘം ചോദിക്കുന്നു. മുഖം കറുപ്പിക്കാത്ത , ചീത്ത പറയാത്ത ബസ് ജീവനക്കാരോട് ഞങ്ങള്‍ക്ക് തോന്നുന്ന സ്‌നേഹം എന്താണെന്ന് എസ്.ടി. കൊടുത്ത് ഒരിക്കലെങ്കിലും ബസ്സില്‍ യാത്ര ചെയ്തവര്‍ക്ക് മനസ്സിലാവുമെന്നും ഇവര്‍ പറയുന്നു.
ഈ തൊഴില്‍ ചെയ്യാന്‍ തുടങ്ങിയ ശേഷം ആദ്യമായി ഒരു സമ്മാനം കിട്ടിയതിന്റെ സന്തോഷത്തിലും അമ്പരപ്പിലുമാണ് ഇരുവരും. കുട്ടിക്കൂട്ടുകാര്‍ നല്‍കിയ ഷര്‍ട്ടും മുണ്ടും ഇരുവര്‍ക്ക് നന്നായി ഇഷ്ടപ്പെട്ടു, കുട്ടികള്‍ തന്ന സമ്മാനം വീട്ടില്‍ കാണിച്ചപ്പോള്‍ വീട്ടുകാര്‍ക്കൊക്കെ വലിയ സന്തോഷമായി ഇതൊരിക്കലും പ്രതീക്ഷിച്ചില്ലെന്നാണ് അനിയും മുരളിയും പറയുന്നത്.