തൃശ്ശൂര്‍: കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ പ്രശംസിച്ചതില്‍ രാഷ്ട്രീയം കലര്‍ത്തേണ്ട ആവശ്യമില്ലെന്ന് തൃശ്ശൂര്‍ നഗരസഭാ മേയര്‍ എം.കെ. വര്‍ഗീസ്. തന്റെ രാഷ്ട്രീയവും സുരേഷ് ഗോപിയുടെ രാഷ്ട്രീയവും വേറെയാണെന്നു പറഞ്ഞ അദ്ദേഹം, താന്‍ ബി.ജെ.പിയിലേക്ക് പോകുന്നുവെന്ന വാര്‍ത്ത തെറ്റാണെന്നും വ്യക്തമാക്കി. ഇടതുപക്ഷത്ത് ഉറച്ചാണ് ഇപ്പോഴും നില്‍ക്കുന്നതെന്നും സി.പി.എമ്മുമായി സഹകരിച്ചാണ് മുന്നോട്ടുപോകുന്നതെന്നും വര്‍ഗീസ് പറഞ്ഞു.

'ഞാന്‍ കോര്‍പ്പറേഷന്റെ മേയറാണ്. കോര്‍പ്പറേഷന്റെ ഒരു സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിന് കേന്ദ്രമന്ത്രി വന്നാല്‍ താന്‍ പോകാന്‍ ബാധ്യസ്ഥനാണ്. തൃശ്ശൂരിന് പുരോഗതി അത്യാവശ്യമല്ലേ. ആ പുരോഗതിക്ക് സുരേഷ് ഗോപി പദ്ധതികള്‍ തയ്യാറാക്കുന്നത് നല്ല കാര്യം. അതിനകത്ത് രാഷ്ട്രീയം എന്താണെന്ന് ഇപ്പോഴും മനസ്സിലാകുന്നില്ല. അദ്ദേഹം വലിയ പദ്ധതികള്‍ കൊണ്ടുവരട്ടെ എന്നാണ് എന്റെ അഭിപ്രായം. സുരേഷ് ഗോപിയുടെ മനസ്സില്‍ വലിയ പദ്ധതികള്‍ ഉണ്ടെന്ന് എനിക്ക് മുമ്പും മനസ്സിലായിട്ടുണ്ട്. അദ്ദേഹത്തോട് സംസാരിക്കരുതെന്ന് പറയാന്‍ പറ്റുമോ', എം.കെ. വര്‍ഗീസ് പ്രതികരിച്ചു.

അതേസമയം തൃശ്ശൂര്‍ മേയര്‍ എം.കെ. വര്‍ഗീസിനെ വീണ്ടും പ്രശംസിച്ച് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിയും രംഗത്തുവന്നു. എം.കെ. വര്‍ഗീസിനെ പോലുള്ള ഉയര്‍ന്ന ചിന്താഗതിയും വികസന കാഴ്ചപ്പാടും ഉള്ള ഭരണകര്‍ത്താക്കള്‍ ഉയര്‍ന്നു വരട്ടെ എന്ന് സുരേഷ് ഗോപി പറഞ്ഞു.

ജനം സുരേഷ് ഗോപിയെ വിജയിപ്പിച്ചത് വലിയ പ്രതീക്ഷയോടെ ആണെന്നും വലിയ വലിയ സംരഭങ്ങള്‍ സുരേഷ് ഗോപിയുടെ മനസ്സിലുണ്ടെന്നും കഴിഞ്ഞ ദിവസം മേയര്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ, രാഷ്ട്രീയം മറന്ന് വികസനം കൊണ്ടുവരാന്‍ ശ്രമിച്ച വ്യക്തിയാണ് എം.കെ. വര്‍ഗീസ് എന്ന് സുരേഷ് ഗോപിയും തിരിച്ച് പ്രശംസിച്ചു. അയ്യന്തോളില്‍ നാഷണല്‍ ഹെല്‍ത്ത് മിഷന്‍ പദ്ധതികളുടെ ഉദ്ഘാടന വേദിയിലായിരുന്നു മന്ത്രിയുടേയും മേയറുടേയും പരാമര്‍ശങ്ങള്‍.

തുടര്‍ന്ന് വിശദീകരണവുമായി വര്‍ഗീസ് ഇന്ന് രംഗത്തെത്തി. സുരേഷ് ഗോപിയെ പ്രശംസിച്ചതില്‍ രാഷ്ട്രീയം കലത്തേണ്ട ആവശ്യമില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇതിന് പിന്നാലെയാണ് സുരേഷ് ഗോപി മേയറെ പ്രശംസിച്ച് വീണ്ടും രംഗത്തെത്തിയത്.