- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പോലിസ് സ്റ്റേഷനിലെത്തിയത് മോഷ്ടിച്ച ബൈക്കില്‍; നമ്പര്‍ പ്ലേറ്റ് കണ്ട പോലിസിന് സംശയം: കള്ളന് കുടുങ്ങി
കൊല്ലം: സാമ്പത്തികത്തട്ടിപ്പു കേസില്‍ 'നിജസ്ഥിതി' ബോധ്യപ്പെടുത്താന്‍ സ്റ്റേഷനിലെത്തിയ ആളെ മോഷണക്കേസില്‍ അറസ്റ്റ് ചെയ്ത് പോലിസ്. ഇയാളെത്തിയ ബൈക്കിന്റെ നമ്പര്‍ പ്ലേറ്റ് അവ്യക്തമായിരുന്നതില്‍ തോന്നിയ സംശയമാണ് മോഷണം പൊളിച്ചത്. ചവറ പോലീസ് സ്റ്റേഷനിലാണ് 'ട്വിസ്റ്റുകള്‍' നിറഞ്ഞ ഈ സംഭവപരമ്പര അരങ്ങേറിയത്. ഷഹീര്‍ മന്‍സിലില്‍ സുധീര്‍ (42) ആണ് അറസ്റ്റിലായത്.
തവണവ്യവസ്ഥയില്‍ സാധനങ്ങള്‍ വില്ക്കാന് ചെറുകിട കച്ചവടക്കാര്‍ക്കു നല്കുന്ന മന്‍സൂര്‍ എന്നയാള്‍ നല്കിയ പരാതിയിലാണ് സംഭവങ്ങളുടെ തുടക്കം. തന്റെ പക്കല്‍നിന്നു വാങ്ങിയ സാധനങ്ങളുടെ തുക നല്‍കാതെ സുധീര്‍ വഞ്ചിച്ചെന്നു മന്‍സൂര്‍ പരാതിപ്പെട്ടു. വീടുകളില്‍നിന്നു കൈപ്പറ്റിയ പണം സുധീര്‍ തനിക്കു നല്‍കുന്നില്ലെന്നാണ് മന്‍സൂര്‍ ആരോപിച്ചത്.
അന്വേഷണത്തിന്റെ ഭാഗമായി സുധീറിനെ ഉദ്യോഗസ്ഥര്‍ പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. സുധീര്‍ ഒരു ബൈക്കില്‍ സ്റ്റേഷനിലെത്തുകയും ചെയ്തു. സുധീര്‍ എത്തിയ വാഹനത്തിന്റെ നമ്പരില്‍ അവ്യക്തത തോന്നിയ പോലീസുകാര്‍ നടത്തിയ പരിശോധനയിലാണ് കാര്യങ്ങള്‍ വ്യക്തമായത്. എസ്.ഐ. ഉമേഷ് നടത്തിയ പരിശോധനയില്‍, ബൈക്കിന്റെ നമ്പര്‍ വ്യാജമാണെന്നു കണ്ടെത്തി.
പിന്നീട് നടത്തിയ അന്വേഷണത്തില്‍, സുധീര്‍ കൊണ്ടുവന്ന ബൈക്ക് ചവറ ശങ്കരമംഗത്തുനിന്ന് കഴിഞ്ഞ മാര്‍ച്ചില്‍ മോഷണംപോയതാണെന്നു കണ്ടെത്തുകയായിരുന്നു.ചവറ മുകുന്ദപരം സ്വദേശി പദ്മകുമാര്‍ തിരുവന്തപുരത്ത് പോകാനായി ശങ്കരമംഗലത്ത് ബൈക്ക് വെച്ചിട്ടു പോയ സമയത്താണ് മോഷ്ടിക്കപ്പെട്ടത്. ഇതേപ്പറ്റി പദ്മകുമാര്‍ ചവറ പോലീസില്‍ പരാതിയും നല്‍കിയിരുന്നു. ഈ ബൈക്ക് മോഷ്ടിച്ച സുധീര്‍ നമ്പര്‍ മാറ്റി ഉപയോഗിക്കുകയായിരുന്നു. സുധീറിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.