തൊഴിലുറപ്പ് പദ്ധതിയില്‍ കേരളത്തെ വലിയൊരപകടം തുറിച്ചു നോക്കുന്നു; കേന്ദ്രബജറ്റിനെ വിമര്‍ശിച്ച് തോമസ് ഐസക്ക്
- Share
- Tweet
- Telegram
- LinkedIniiiii
പത്തനംതിട്ട: ബി.ജെ.പിയുടെ ശിങ്കിടി മുതലാളിമാര്‍ക്കും സില്‍ബന്ധി സംസ്ഥാനങ്ങള്‍ക്കും വേണ്ടിയുള്ള ഒരു ജനവിരുദ്ധ കേന്ദ്ര ബജറ്റാണ് ധനമന്ത്രിഅവതരിപ്പിച്ചതെന്ന്് മുന്‍ സംസ്ഥാന ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്ക് പറഞ്ഞു. ആന്ധ്രയ്ക്കും ബീഹാറിനുമെല്ലാം വാരിക്കോരി ചോദിച്ചത് കൊടുക്കുമ്പോള്‍ അതുപോലെ ആവശ്യപ്പെട്ട കേരളത്തിന്റെ പാക്കേജിനെക്കുറിച്ച് പ്രതികരിക്കുന്നതിനു പോലും കേന്ദ്ര മന്ത്രി തയ്യാറായില്ല. ഇപ്പോ കൊണ്ടുവരും എന്ന് തൃശൂര്‍ എം.പി. വീമ്പിളക്കിയ എയിംസിനെക്കുറിച്ച് മിണ്ടാട്ടവുമില്ല. ഊന്നല്‍ ധനദൃഡീകരണത്തിനാണ്.
ഇക്കണോമിക് റിവ്യൂവില്‍ പറഞ്ഞതുപോലെ ഇന്ത്യയിലെ സാമ്പത്തിക വളര്‍ച്ചയുടെ വേഗത കൂടിയിട്ടുണ്ട്. അതുകൊണ്ടുതന്നെ റവന്യു വരുമാനം ഗണ്യമായി ഉയര്‍ന്നു. 26.32 ലക്ഷം കോടി രൂപ റവന്യൂ വരുമാനം ഉണ്ടായിരുന്നത് 31.29 ലക്ഷം കോടി രൂപയായി വര്‍ദ്ധിച്ചു. 14.5 ശതമാനമാണ് റവന്യൂ വര്‍ധന. ഇത്രയും വലിയ വര്‍ധന റവന്യു വരുമാനത്തില്‍ ഉണ്ടാകുമ്പോള്‍ സ്വാഭാവികമായും പ്രതീക്ഷിക്കുക ജനങ്ങള്‍ക്കുള്ള സഹായങ്ങളും ക്ഷേമ ചെലവും ബജറ്റില്‍ വര്‍ധിക്കുമെന്നതാണ്. എന്നാല്‍ റവന്യു ചെലവ് കേവലം 5.9 ശതമാനം മാത്രമാണ് വര്‍ധിച്ചത്. വിലക്കയറ്റംകൂടി പരിഗണിച്ചാല്‍ വര്‍ധനയേയില്ല.
റവന്യു വരുമാനത്തില്‍ ഗണ്യമായ വര്ധനയുണ്ടാകുമ്പോള് എന്തുകൊണ്ട് റവന്യൂ ചെലവ് വര്‍ധിപ്പിക്കുന്നില്ല. ധനക്കമ്മി കുറയ്ക്കുകയാണ് ലക്ഷ്യം. വായ്പ എടുക്കുന്നത് 17 ലക്ഷം കോടി രൂപയില്‍ നിന്ന് 16 ലക്ഷം കോടി രൂപയായി കുറച്ചു. അതിന്റെ ഫലമായിട്ട് ധനക്കമ്മി 5.69 ശതമാനത്തില്‍ നിന്ന് 4.9 ശതമാനമായി കുറഞ്ഞു. അതോടൊപ്പം പശ്ചാത്തല സൗകര്യത്തിനുവേണ്ടിയുള്ള ചെലവില്‍ 29 ശതമാനമാണ് വര്‍ധന വരുത്തിയത്. റവന്യു വരുമാനം വര്‍ധിച്ചത് ധനക്കമ്മി കുറയ്ക്കുന്നതിനും പശ്ചാത്തല സൗകര്യ നിര്‍മിതിക്കും വേണ്ടി പൂര്‍ണമായി ചെലവഴിച്ച് ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടി പണം നീക്കിവയ്ക്കാന്‍ ഈ ബജറ്റ് തയാറായിട്ടില്ല.
ഇതിന്റെ ഏറ്റവും വലിയ തിരിച്ചടി കാര്‍ഷിക മേഖലയിലാണ്. കാര്‍ഷിക വകുപ്പിന്റെ ബജറ്റ് അടങ്കല്‍ 1.44 ലക്ഷത്തില്‍ നിന്ന് 1.51 ലക്ഷമായിട്ടേ വര്‍ധിച്ചുള്ളൂ. കേവലം അഞ്ചു ശതമാനമാണ് വര്‍ധന. വളം സബ്സിഡിയിലാകട്ടെ 1.75 ലക്ഷം കോടി രൂപയായിരുന്നത് ഈ വര്‍ഷം 1.64 ലക്ഷം കോടിരൂപയായി കുറച്ചു. വിളകളുടെ തറവില വര്‍ധിപ്പിക്കാന്‍ പരിപാടിയില്ല. കിസാന്‍ സമ്മാന്‍ കഴിഞ്ഞ തവണത്തെ 60,000 കോടിയല്ലാതെ ഒരു പൈസ വര്‍ധിപ്പിച്ചിട്ടില്ല. ഏറ്റവും വലിയ തട്ടിപ്പ് നിര്‍മലാ സീതാരാമന് നടത്തിയിട്ടുള്ളത് തൊഴിലുറപ്പ് സംബന്ധിച്ചാണ്. 2022-2023ല്‍ 90,806 കോടി രൂപ തൊഴിലുറപ്പിനായി ചെലവഴിച്ചു. പക്ഷേ കഴിഞ്ഞ വര്‍ഷം ബജറ്റില്‍ 60,000 കോടിയേ വകയിരുത്തിയുള്ളൂ. ഈ വെട്ടിക്കുറവ് വലിയ പ്രതിഷേധത്തിന് ഇടയാക്കി. ഇതിന്റെ ഫലമായി 2023-24 ല്‍ 86,000 കോടി രൂപ ചെലവായി എന്നാണ് കണക്ക്.
ഇപ്പോള്‍ എന്താണ് ധന മന്ത്രി ചെയ്തിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ചെലവാക്കിയതില്‍ നിന്ന് ഒരു പൈസ വര്‍ധിപ്പിക്കാന്‍ ഇത്തവണ തയ്യാറായില്ല. എന്നിട്ട് കഴിഞ്ഞ വര്‍ഷത്തെ ബജറ്റിനേക്കാള്‍ 26,000 കോടി രൂപ കൂടുതല്‍ വകയിരുത്തിയെന്ന് വീമ്പു പറയുകയാണ്. ഒരു കാര്യം കൂടി ഈ സന്ദര്‍ഭത്തില്‍ പറയാനുണ്ട്. ഈ വര്‍ഷം ജൂണ്‍ വരെയുള്ള കാലയളവില്‍ 46,000 കോടി രൂപ ചെലവാക്കിയിരുന്നു. ബാക്കിയുള്ള പണം കൊണ്ട് ബാക്കി മാസം ചെലവഴിക്കാനുള്ള പണം എങ്ങനെ കണ്ടെത്തും. രണ്ട് വര്‍ഷം മുമ്പ് ചെലവാക്കിയ തുകപോലും തൊഴിലുറപ്പിന് നീക്കിവയ്ക്കാന്‍ തയ്യാറാകുന്നില്ല. എന്നുമാത്രമല്ല കേരളത്തിന് വലിയൊരപകടം തുറിച്ചു നോക്കുന്നുണ്ട്. ഈ ഇക്കണോമിക് റിവ്യൂവില്‍ തൊഴിലുറപ്പ് കേരളവും തമിഴ്നാടും പോലുള്ള സംസ്ഥാനങ്ങള്‍ ദുരുപയോഗം ചെയ്യുകയാണെന്ന് ഒരു കുറ്റാരോപണം നടത്തിയിട്ടുണ്ട്. കാരണം ഈ രണ്ട് സംസ്ഥാനങ്ങളില്‍ ഇന്ത്യയിലെ ദരിദ്രരുടെ 1.1 ശതമാനമേ ഉള്ളൂ. പക്ഷേ അവരാണ് 19 ശതമാനം തൊഴിലുറപ്പ് പണവും ചെവഴിക്കുന്നത്.
അതേ സമയം 45 ശതമാനം ദരിദ്രര്‍ ബീഹാറിലും യു.പിയിലുമാണ്. അവര്‍ക്ക് ഏതാണ്ട് 17 ശതമാനമേ മൊത്തം ചെലവിന്റെ വരുന്നുള്ളൂ. ഇതിങ്ങിനെ പറഞ്ഞു വച്ചിരിക്കുന്നത് തൊഴിലുറപ്പ് ദാരിദ്ര്യരേഖയ്ക്ക് കീഴിലുള്ളവരുടെ എണ്ണത്തിന്റെ അനുപാതത്തില്‍ വിതരണം ചെയ്യാന്‍വേണ്ടിയിട്ടാണ്. അതിന്റെ തുടക്കമാണ് ഇക്കണോമിക് റിവ്യൂ ചെയ്തിട്ടുള്ളത്. ശക്തമായ പ്രതിഷേധം ഇത് സംബന്ധിധിച്ചിട്ടുണ്ടാകണം. സാമൂഹ്യ ക്ഷേമ മേഖലയില്‍ ഒരു വര്‍ധനവും വരുത്തിയിട്ടില്ല. അംഗന് വാടിക്ക് ഈ വര്‍ഷവും അടുത്ത വര്‍ഷവും 21,000 കോടി രൂപയാണ്. ആശാവര്‍ക്കര്‍മാര്‍ക്ക് വര്‍ധിപ്പിച്ചിട്ടില്ല. ജല്‍ജീവന്‍ മിഷന് കഴിഞ്ഞ വര്‍ഷവും ഈവര്‍ഷവും 70,000 കോടി തന്നെയാണ്.
പിഎം പോഷന്‍ കഴിഞ്ഞ വര്‍ഷം 17,000 എന്നത് ഈ വര്‍ഷം 12,467 ആയി ചുരുങ്ങി. സമഗ്ര ശിക്ഷാ അഭിയാന് കഴിഞ്ഞ വര്‍ഷും ഈ വര്‍ഷവും 37,600 കോടി രൂപ. സ്വഛ് ഭാരതിന്റെ അടങ്കലിനും മാറ്റമില്ല.
ദേശീയ പെന്ഷന് സ്കീമില്‍ ഒരു രൂപ കൂട്ടാനോ ഒരാള്‍ക്കെങ്കിലും അധികം നല്‍കാനും തയാറല്ല. കഴിഞ്ഞ വര്‍ഷവും ഈ വര്‍ഷവും 9,600 കോടി രൂപയാണ് വകയിരുത്തിയത്. ഇങ്ങനെ ഓരോ ഇനത്തിലും.തൊഴിലില്ലായ്മ പരിഹരിക്കാനുള്ള നടപടികള്‍ അതീവ ദുര്‍ബലമാണ്. ഇപ്പോള്‍ മുതലാളിമാര്‍ക്ക് പ്രൊഡക്ഷന്‍ ലിങ്ക് ഇന്‍സെന്റീവുണ്ട്. ചില മേഖലകളില്‍ ഉല്‍പ്പാദനം വര്‍ധിപ്പിക്കുമ്പോള്‍ സബ്സിഡിയായി ഇന്‍സെന്റീവ് കിട്ടുന്നു. ഇനി കൂടുതല്‍ തൊഴില്‍ കൊടുത്താലും സബ്സിഡി കിട്ടുമത്രേ. ഒരു പുതിയ തൊഴിലാളിയെ നിയമിച്ചാല്‍ മുതലാളിക്ക് 75,000 രൂപയും തൊഴിലാളിക്ക് മൂന്ന് മാസം 5,000 രൂപ വീതവും ലഭിക്കും. തൊഴിലില്ലായ്മ ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ്-9.2 ശതമാനം. മോഡി അധികാരത്തില്‍ വന്നശേഷം തൊഴിലില്ലായ്മ തുടര്‍ച്ചയായി ഉയരുകയാണ്. കള്ളക്കണക്കുകൊണ്ട് അതു മൂടി വയ്ക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇപ്പോള്‍ കൊള്ള പരിപാടികള്‍ കൊണ്ടും.
കഴിഞ്ഞ വര്‍ഷം ആദ്യമായി വ്യക്തികളുടെ ആദായനികുതി കോര്‍പ്പറേറ്റുകളുടെ പ്രത്യക്ഷ നികുതിയേക്കാള്‍ വര്‍ധിച്ചു. 2024-2025ല്‍ ഈ അന്തരം കൂടുതല്‍ വര്‍ധിക്കുകയാണ്. ഇതൊക്കെ ചെയ്തുകൊടുത്തിട്ടും കോര്‍പ്പറേറ്റുകള്‍ ഇന്ത്യയില്‍ ശക്തമായി വളരുന്നില്ല. ഇതിന്റെ കാരണം ജനങ്ങളുടെ ഉപഭോഗത്തില്‍ വര്‍ധന ഉണ്ടാകുന്നില്ല എന്നാണ്. ജനങ്ങളുടെ ഉപഭോഗ നിലവാരം ഉയര്‍ത്താന്‍ ഈ ബജറ്റില്‍ ഒന്നുമില്ല. ഇത് തികച്ചും ജനവിരുദ്ധ ബജറ്റാണ്. എന്നും ഡോ. ടി.എം. തോമസ് ഐസക്ക് പറഞ്ഞു.