- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ബി ജെ പി അക്കൗണ്ട് തുറന്നതോടെ കേരളത്തിന്റെ അക്കൗണ്ട് പൂട്ടി; 24,000 കോടിയുടെ പ്രത്യേക പാക്കേജിനെ കുറിച്ച് മിണ്ടിയില്ലെന്നും കെ എന്‍ ബാലഗോപാല്‍
തിരുവനന്തപുരം: കേന്ദ്രധനമന്ത്രി നിര്‍മ്മല സീതാരാമന് അവതരിപ്പിച്ച ബജറ്റ് അങ്ങേയറ്റം നിരാശജനകമാണെന്ന് സംസ്ഥാന ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. കേരളവിരുദ്ധമായ ബജറ്റാണ് ഇന്ന് അവതരിപ്പിച്ചത്. മോദി സര്‍ക്കാരിന്റെ ഭാവിയും ആയുസ്സും ലക്ഷ്യമിട്ടുള്ള രാഷ്ട്രീയ ബജറ്റായിരുന്നു ഇന്നത്തേത് എന്നും ധനമന്ത്രി വിമര്‍ശിച്ചു.
തൊഴില്‍സംബന്ധമായ കുറേ വിഷയങ്ങള്‍ ബജറ്റില്‍ പറയുന്നുണ്ട്. എന്നാല്‍, പ്രഖ്യാപനങ്ങളല്ലാതെ കഴിഞ്ഞ ബജറ്റും ഈ ബജറ്റും തമ്മില്‍ അനുവദിച്ച തുകയില്‍ കാര്യമായ വ്യത്യാസമൊന്നുമില്ല. ഉദ്ദാഹരണത്തിന് പി.എം എംപ്ലോയ്മെന്റ് ജനറേഷന് സ്കീം. കഴിഞ്ഞ തവണ 2733 കോടി രൂപയായിരുന്നെങ്കില്‍ ഇത്തവണ 2300 കോടി രൂപയായി കുറച്ചു. ബജറ്റില്‍ ഏറ്റവും കൂടുതല്‍ പറയുന്നത് തൊഴില്‍മേഖലയെ കുറിച്ചായതിനാലാണ് ഇത് ചൂണ്ടിക്കാണിക്കുന്നത്.
ഇങ്ങനെ ഓരോ മേഖലയിലും പണം കുറച്ചാണ് അനുവദിച്ചിരിക്കുന്നത്. ഇപ്പോഴും സ്വകാര്യമേഖലയില്‍ തൊഴില്‍ സൃഷ്ടിക്കാനുള്ള കാര്യങ്ങളാണ് പറയുന്നത്. ഇത് എത്രത്തോളം പ്രായോഗികമാണെന്ന് അറിയില്ല. രാജ്യത്തിന്റെ ആകെ വികസനം ലക്ഷ്യമാക്കി വലിയ പ്രതീക്ഷയോടെ കാത്തിരുന്ന ബജറ്റാണ് ഇന്ന് അവതരിക്കപ്പെട്ടത്. എന്നാല്‍, എന്‍.ഡി.എ സഖ്യത്തെ നിലനിര്‍ത്താനുള്ള രാഷ്ട്രീയം മാത്രമായി ബജറ്റ് ഒതുങ്ങി. ഫെഡറലിസത്തെക്കുറിച്ച് സംസാരിക്കാന്‍ മോദി സര്‍ക്കാരിന് അര്‍ഹതയില്ല. കേന്ദ്രസര്‍ക്കാര്‍ നിലപാട് തിരുത്താന്‍ തയ്യാറാകണം.
സംസ്ഥാന താത്പര്യങ്ങള്‍ക്ക് അങ്ങേയറ്റം എതിരാണ് ഈ ബജറ്റ്. യഥാര്‍ഥത്തില്‍ കേരളത്തിന് ലഭിക്കേണ്ട നികുതി, മറ്റ് വരുമാനങ്ങള്‍, ഗ്രാന്റ് എന്നിവ നമുക്ക് കിട്ടുന്നില്ല. കേരളത്തിന് മാത്രം ഓരോ വര്‍ഷം കൂടുമ്പോഴും ലഭിക്കുന്ന പണം കുറയുകയാണ്. കേരളത്തിലെ വിഴിഞ്ഞം പദ്ധതിക്കുവേണ്ടി ഒരു രൂപ മാറ്റിവെച്ചിട്ടുണ്ടോ. എയിംസ് എത്രവര്‍ഷമായി ആവശ്യപ്പെടുന്നു. അതേക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല. കേരളത്തില്‍ നിന്ന് ബി.ജെ.പി അക്കൗണ്ട് തുറന്നാല്‍ വലിയ കാര്യമുണ്ടാകും എന്നാണല്ലോ പറഞ്ഞത്. എന്നാല്‍, ബി.ജെ.പി. അക്കൗണ്ട് തുറന്നതോടെ കേരളത്തിന്റെ അക്കൗണ്ട് പൂട്ടി.
ബിഹാറും ആന്ധ്രയും പ്രത്യേക പാക്കേജ് ചോദിച്ചതിനോടാപ്പം കേരളവും പ്രത്യേക പാക്കേജ് ആവശ്യപ്പെട്ടു. വികസനകാര്യത്തിനുവേണ്ടിയാണ് അവര്‍ പാക്കേജ് ആവശ്യപ്പെട്ടതെങ്കില്‍ കേരളത്തിന്റെ സ്ഥിതി അങ്ങനെയല്ല. നമുക്ക് തരാനുള്ളതില്‍ വെട്ടിക്കുറച്ച പണം പ്രത്യേക പാക്കേജ് നല്‍കണമെന്നാണ് ആവശ്യപ്പെട്ടത്. 24000 കോടി രൂപയായിരുന്നു ഇത്. അതേക്കുറിച്ച് മിണ്ടിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.