- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കിടപ്പു രോഗിയുമായി പോയ ആംബുലന്‍സ് തടഞ്ഞ് ഡ്രൈവറെ കയ്യേറ്റം ചെയ്തു; അക്രമികള്‍ക്കെതിരെ കേസെടുത്തത് അപകടകരമായ ഡ്രൈവിങിന് മാത്രം
ആലപ്പുഴ: കിടപ്പുരോഗിയെയും കൊണ്ടു ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു പോയ ആംബുലന്‍സിനെ കാറിലെത്തിയ യുവാക്കള്‍ നടുറോഡില്‍ തടഞ്ഞിട്ടു. വാക്കു തര്‍ക്കത്തിനിടെ യുവാക്കള്‍ ഡ്രൈവറെയും സഹായിയെയും കയ്യേറ്റം ചെയ്തു. എന്നാല്‍ ഇവര്‍ക്കെതിരെ പൊലീസ് കേസെടുത്തത് ആവട്ടെ അപകടകരമായ ഡ്രൈവിങ്ങിനു മാത്രം.
ഇക്കഴിഞ്ഞ 11ന് രാവിലെ കൊല്ലം- തേനി റോഡില്‍ താമരക്കുളം പണ്ടാരവിള ജംക്ഷനിലാണു സംഭവം. കിടപ്പു രോഗിയായ ആനയടി വയ്യാങ്കര ജംക്ഷനു സമീപം താമസിക്കുന്ന മണിയനെ (52) ഭാര്യ ശാലിനി ആംബുലന്‍സില്‍ ആശുപത്രിയിലേക്കു കൊണ്ടുപോകുമ്പോഴാണ് വാനിലെത്തിയ യുവാക്കള്‍ ആംബുലന്‍സ് തടഞ്ഞ് ആക്രമണം അഴിച്ചു വിട്ടത്. ശൂരനാട് സ്വദേശികളായ മൂന്നംഗ സംഘം സഞ്ചരിച്ച വാന്‍ പല തവണ അമിതവേഗത്തിലും അപകടകരമായും ആംബുലന്‍സിനെ മറികടക്കാന്‍ ശ്രമിച്ചെന്ന് ആംബുലന്‍സ് ഡ്രൈവര്‍ ശൂരനാട് നോര്‍ത്ത് സ്വദേശി വിഷ്ണു പറഞ്ഞു.
പണ്ടാരവിള ജംക്ഷനു സമീപം വാന്‍ ആംബുലന്‍സിനെ മറികടന്നപ്പോള്‍ വിഷ്ണു ഇതു ചോദ്യം ചെയ്തതോടെയാണ് യുവാക്കള്‍ ആക്രമിച്ചത്. ആംബുലന്‍സിന് കുറുകെ വാന്‍ നിര്‍ത്തിയിട്ടു യുവാക്കള്‍ ആക്രോശത്തോടെ ആംബുലന്‍സിനു നേരെ പാഞ്ഞടുക്കുക ആയിരുന്നു. വണ്ടി നിര്‍ത്തി വിഷ്ണുവും സഹായിയും പുറത്തിറങ്ങി. വാക്കുതര്‍ക്കം കയ്യാങ്കളിയിലെത്തി. പക്ഷാഘാതം വന്നു തളര്‍ന്നു കിടക്കുന്ന രോഗി ആംബുലന്‍സില്‍ ഉണ്ടെന്നു പറഞ്ഞിട്ടും യുവാക്കള്‍ ഗൗനിച്ചില്ലെന്നും വിഷ്ണു പറഞ്ഞു. രോഗിയെ ആശുപത്രിയിലെത്തിച്ച ശേഷം വിഷ്ണു നൂറനാട് പൊലീസില്‍ പരാതിപ്പെട്ടു.
ഷമീര്‍, സക്കീര്‍, ജഫ്നാദ് മുഹമ്മദ് എന്നിവരാണ് വാനില്‍ ഉണ്ടായിരുന്നത്. ഷമീറാണു വാഹനം ഓടിച്ചത്. ഇന്നലെ ആംബുലന്‍സ് ഡ്രൈവറെയും യുവാക്കളെയും സ്റ്റേഷനില്‍ വിളിച്ചുവരുത്തി ചര്‍ച്ച നടത്തി. ആംബുലന്‍സ് തടഞ്ഞെന്ന പരാതി വിഷ്ണു പിന്‍വലിച്ചതിനാല്‍ സംഭവത്തില്‍ കേസ് എടുത്തിട്ടില്ലെന്നു നൂറനാട് ഇന്‍സ്പെക്ടര്‍ ഷൈജു ഇബ്രാഹിം പറഞ്ഞു. അപകടകരമായി വാഹനമോടിച്ചതിനു ഷമീറിനെതിരെ കേസുണ്ട്.