വെറും 13ാമത്തെ വയസ്സിൽ ആരോരും തുണയില്ലാതെ, മുബൈയിൽ അഭിനയിക്കാൻ എത്തിയ ഒരു പെൺകുട്ടിയുടെ അവസ്ഥയെന്തായിരിക്കും. ആദ്യം നടിയായും പിന്നീട് ഗായികയായും മാറിയ ലതാ മങ്കേഷ്‌ക്കറിന്റെ ജീവിതത്തിൽ ഒരുപാട് കൈപ്പേറിയ അനുഭവങ്ങളുമുണ്ട്. നാടകകമ്പനി പൊളിഞ്ഞ് പാളീസായി മദ്യത്തിൽ മുങ്ങി എല്ലാം നശിച്ച് ഒടുവിൽ ഹൃദയാഘാതം വന്ന് മരിച്ച പിതാവിന്റെ മൃതദേഹം വീട്ടിലെത്തിക്കാൻ പണമില്ലാതെ വിഷമിച്ചത് തൊട്ട്, റിക്ഷാക്കാർക്ക് കൊടുക്കാൻ കാശില്ലാതെ ബോംബെയിലൂടെ കിലോമീറ്ററുകൾ പൊരിവെയിലത്ത് നടന്നതും, നേർത്ത ശബ്ദമെന്ന് പറഞ്ഞ് ചില നിർമ്മാതാക്കൾ അപമാനിച്ച് ഇറക്കിവിട്ടതും അടക്കം, ഒരുപാട് പൊള്ളുന്ന അനുഭവങ്ങൾ. നമ്മുടെ യേശുദാസിനെപ്പോലെ സാമ്പത്തികകാര്യങ്ങളിൽ അതികണിശക്കാരിയാക്കി ലതാജിയെ മാറ്റിയതും ഒരുപക്ഷേ ഈ ദുരനുഭവങ്ങൾ ആയിരിക്കാം.

അതുപോലെ നഷ്ടപ്രണയങ്ങളുടെ നായികയുമാണ് അവർ എന്നാണ് മുംബൈയിലെ സിനിമാ മാധ്യമങ്ങൾ എഴുതുന്നത്. പലപ്പോഴും ഗോസിപ്പ് മാസികളുടെ തലക്കെട്ടുകൾ പൊടിപ്പും തൊങ്ങലും വെച്ച് അവരുടെ പ്രണയം കവർന്നു. പക്ഷേ ഒന്നുപോലും വിവാഹത്തിൽ എത്തിയതുമില്ല.

രാമചന്ദ്രന്റെ പ്രപ്പോസൽ നിഷേധിച്ചത് ലത

സംഗീത സംവിധായകനും ഗായകനുമായ ആർ രാമചന്ദ്രനുമായിട്ടായിരുന്നു ലതയുടെ പുറത്തുവന്ന ആദ്യ പ്രണയ വാർത്ത. പ്രധാനമരന്ത്രി നെഹ്റുപോലും വിതുമ്പിപ്പോയ 63ലെ പ്രശസ്തമായ 'ഏയ് മേരേ വദൻ കേ ലോഗോം' എന്ന ഗാനം ആലപിച്ച സമയത്ത് ലതാമങ്കേഷ്‌ക്കറിന്റെ ഒപ്പം രാമചന്ദ്രൻ ഉണ്ടായിരുന്നു. ആ പാട്ടിന്റെ സംഗീത സംവിധാനവും അദ്ദേഹത്തിന്റെത് ആയിരുന്നു. ക്രമേണെ ലതയും രാമചന്ദ്രനും പ്രണയത്തിലാണെന്ന വാർത്ത ഹിന്ദി സിനിമാ ലോകത്ത് പരന്നു. പക്ഷേ ആ സമയത്ത് ലത വിവാഹത്തിന് തയ്യാറായിരുന്നില്ല. വിവാഹാഭ്യർഥന നിരസിക്കപ്പെട്ടതോടെ രാമചന്ദ്രന് ലത ശത്രുവായി. പക്ഷേ അതിന്റെ നഷ്ടവും അദ്ദേഹത്തിന് തന്നെയായിരുന്നു. അതിനകം സംഗീത സൂപ്പർ സ്റ്റാർ ആയി മാറിയെ ലതാജിയെ വെറുപ്പിക്കാൻ ആരും തയ്യാറായില്ല. ഫലമോ, രാമചന്ദ്രൻ എന്ന പ്രതിഭാശാലിയായ ചെറുപ്പക്കാരൻ ചലച്ചിത്ര മേഖലയിൽനിന്ന് ഔട്ടായി.

സംഗീത സംവിധായകരായ ശങ്കർ- ജയകിഷൻ ജോടിയിലെ, ജയകിഷനുമായുള്ള ലതാമങ്കേഷ്‌ക്കറിന്റെ അടുപ്പമാണ് പിന്നെ സിനിമാ മാസികൾക്ക് തലക്കെട്ടായത്. പക്ഷേ ഇതും അധികാലാം മുന്നോട്ടുപോയില്ല. ജയകിഷൻ തന്റെ നല്ല സുഹൃത്താണെന്നാണ് ലത പിന്നെ പറഞ്ഞിരുന്നത്.

ജാതിവെറിമൂലം മുടങ്ങിയ വിവാഹം

കടുത്ത ക്രിക്കറ്റ് പ്രേമികൂടിയായിരുന്നു ലതാ മങ്കേഷ്‌ക്കർ. ഇംഗ്ലണ്ടിലെ ലോഡ്സിലും മറ്റും പോയി ക്രിക്കറ്റ് നേരിട്ട് കാണുക അവർക്ക് ഇഷ്ടമായിരുന്നു. അങ്ങനെയാണ് രാജസ്ഥാൻ രാജകൂടുംബാംഗവും ബിസിസിഐ പ്രസിഡന്റുമായ രാജ്സിങ്ങ് ദുർഗാപ്പൂരുമായി ലത അടുപ്പത്തിലാവുന്നത്. ഇരുവരും പല ക്രിക്കറ്റ് വേദികളിലും ഒന്നിച്ച് പ്രത്യക്ഷപ്പെടാനും തുടങ്ങി. വിവാഹത്തിന് തൊട്ടടുത്ത് എത്തിയ ബന്ധമായിരുന്നു ഇത്. പക്ഷേ രാജ്സിങ്ങിന്റെ രാജകൂടുംബത്തിന്, താരതമ്യേന താഴ്്ന്ന ജാതിക്കാരിയായ ലതയെ അംഗീകരിക്കാൻ ആയില്ല. അങ്ങനെ ആ പ്രണയവും തകർന്നു. അതോടെയാണ് വിവാഹം എന്ന സ്വപ്ന ലതാജി എന്നെന്നേക്കുമായി ഉപേക്ഷിച്ചത് എന്ന്, കുടുംബ സുഹൃത്തിന്റെ ഉദ്ധരിച്ച് ബോംബെ മിറർ പത്രം എഴുതിയിരുന്നു. പക്ഷേ ഇരുവരും പിൽക്കാലത്തും നല്ല സുഹൃത്തുക്കളായി തുടർന്നു.

ലതാജിയെക്കുറിച്ച് അവസാനം കേട്ട പ്രണയവാർത്ത ഗായകനും സംഗീതഞ്ജനും ചലച്ചിത്രകാരനുമായ ഭൂപൻ ഹസാരികക്കൊപ്പമായിരുന്നു. സംഗീതത്തോടുള്ള അഭിനിവേശം തന്നെ ആയിരിക്കണം ഇരുവരെയും അടുപ്പിച്ചത്. പക്ഷേ ഈ ബന്ധത്തിനെതിരെ ഹസാരികയുടെ ഭാര്യ, പ്രിയവദ രംഗത്ത് എത്തിയതോടെ സംഭവം വൻ വിവാദമായി. ഹോട്ടൽ മുറികളിൽ ഇരുവരും അന്തിയുറങ്ങിയെന്നും, ലത തന്റെ കുടുംബം തകർക്കുകയാണെന്നുമുള്ള പ്രിയംവദയുടെ ആരോപണം വലിയ വാർത്തയായി. പക്ഷേ ഇതിനെ വെറുമൊരു അവിഹിതമായി ഒതുക്കരുതെന്നും രണ്ട് സംഗീത ജീനിയസ്സുകൾ തമ്മിലുള്ള അസാധാരണമായ ബന്ധം ആയിരുന്നുവെന്നുമാണ്, ഇരുവരുടെയും സുഹൃത്തുക്കൾ പ്രതികരിച്ചത്.

വിവാഹത്തെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി പറഞ്ഞും അവർ മടുത്തിരുന്നു. ചെറുപ്പത്തിലെ പ്രണയ പരാജയമാണോ വിവാഹത്തിൽനിന്ന് വിട്ടുനിൽക്കാൻ കാരണം എന്ന് ചോദിച്ചത് അവർ ഒരു അഭിമുഖം റദ്ദാക്കിയിരുന്നു. ഒരുഘട്ടത്തിൽ താൻ ഇനി വിവാഹം കഴിക്കില്ലെന്നും അവർ തീർത്തു പറഞ്ഞു. അപ്പോൾ സഹോദരിയും പ്രശസ്ത ഗായികയുമായ ആശാ ഭോസ്ലേ ഇങ്ങനെ പ്രതികരിച്ചു. ''കലാകാരികൾ വിവാഹം കഴിക്കാതിരിക്കുന്നത് തന്നെയാണ് നല്ലത്'.

്കോടീശ്വരന്മാർ വിവാഹത്തിന് ക്യൂ നിന്ന കാലം

പാട്ടുകാരി എന്നതിനപ്പുറം തന്റേതായ ഒരു സ്വകാര്യ ലോകം ലതയ്ക്കുണ്ടായിരുന്നു. അവിവാഹിതയായ അവർ ആ സ്വകാര്യതയിൽ അഭിരമിക്കുകയും ചെയ്തിരുന്നു. കോടീശ്വരന്മാരായ ആരാധകർ ഒരു കടാക്ഷത്തിനായി ക്യൂ നിന്നിട്ടും അവർ വിവാഹത്തിന് കൂട്ടാക്കിയില്ല.

വിചിത്രമായ ചില ശീലങ്ങളുടെ ഉടമ കൂടിയായിരുന്നു അവർ. ഇന്നും സംഗീതത്തെ ഭയഭക്തി ബഹുമാനത്തോടെ സമീപിക്കുന്ന ലത റെക്കോഡിങ് സമയത്ത് ഒരിക്കലും ചെരുപ്പ് ഉപയോഗിക്കാറില്ല. മൈനസ് തണുപ്പുള്ള സമയത്ത് ഒരിക്കൽ ബ്രിട്ടനിൽ എത്തിയ അവർ ഷൂസ് കഴിച്ച് സ്റ്റേജിൽ കയറിയത് വാർത്തയായിരുന്നു. കോലാപൂരി മുളക് ആണ് തന്റെ സ്വരസൗന്ദര്യത്തിന്റെ രഹസ്യമെന്നു അവർ വിശ്വസിച്ചു. പലപ്പോഴും ഈ മുളക് ആവശ്യത്തിനും അനാവശ്യത്തിനും കറികളിൽ ഉപയോഗിച്ചു. ഇതിനു ശാസ്ത്രീയമായ വലിയ വിശദീകരണങ്ങളോ തെളിവുകളോ ഒന്നുമില്ലായിരുന്നെങ്കിൽ കൂടി. തന്റെ സ്വരം പോലെ സൗന്ദര്യത്തിലും അവർ ശ്രദ്ധാലുവായിരുന്നു. പ്രായം 90 പിന്നിട്ടപ്പോഴും സൗന്ദര്യവും ശാലീനതയും അവരെ കൈവിട്ടുപോയിരുന്നില്ല. ചിട്ടയായ ജീവിതവും ആഹാരശീലങ്ങളുമാണ് അവരെ ഇതിനു സഹായിച്ചിരുന്നത്.

സംഗീതം കഴിഞ്ഞാൽ പ്രിയം ഫോട്ടോഗ്രഫിയായിരുന്നു. പാചകവും വായനയും വളരെ പ്രിയമായിരുന്നു. വായനയിൽ മുഴുകുമ്പോൾ മറ്റൊരു ലോകത്തു സഞ്ചരിക്കുന്നതായി അനുഭവപ്പെടുമെന്ന് അവർ ഒരിക്കൽ പറഞ്ഞു. ക്രിക്കറ്റും ഫുട്‌ബോളും ടെന്നിസും ഇഷ്ടമായിരുന്നു.

കുടുംബ ബന്ധങ്ങൾ വലിയ ദൗർബല്യമായിരുന്നു. സഹോദരിയും ഗായികയുമായ ആശയുമായി ശത്രുതയാണെന്നു വാർത്തകൾ വന്നപ്പോഴും സഹോദരങ്ങളെല്ലാം ഒരേ ഫ്ലാറ്റ് സമുച്ചയത്തിൽ ഒന്നിച്ചു താമസിച്ചു. പ്രൊഫഷണൽ പ്രശ്നങ്ങൾ അല്ലാതെ മാധ്യമങ്ങൾ ആരോപിക്കുന്ന രീതിയിലുള്ള പ്രശ്നങ്ങൾ അവർക്കിടയിൽ ഉണ്ടായിരുന്നില്ല.വൈകുന്നേരങ്ങളിൽ ലതയുടെ അടുക്കളകളിൽനിന്നു വിഭവങ്ങൾ മറ്റു വീടുകളിലേക്കു സഞ്ചരിച്ചു. എല്ലാവർക്കും ഏതെങ്കിലും വിഭവം ദിവസവും കൊടുത്തയയ്ക്കണം എന്നു നിർബന്ധമായിരുന്നു. പ്രതിഫലത്തിന്റെ കാര്യത്തിൽ നമ്മുടെ യേശുദാസിനെപ്പോലെ കണിശക്കാരിയായിരുന്നു ലത. ബാല്യത്തിലെ ദാരിദ്രം അവർ ഒരിക്കലും മറന്നിട്ടില്ലായിരുന്നു. കുതിരവണ്ടിയിൽ കയറാൻപോലും പണമില്ലാതെ മുംബൈയുടെ തെരുവിലൂടെ ആദ്യകാലത്തു മൈലുകൾ നടന്നുപോയ ഓർമ ലതയ്ക്കുണ്ട്. അതുകൊണ്ടാവണം പണം സൂക്ഷിച്ചുപയോഗിക്കാൻ അവർ തീരുമാനിച്ചതും.

ലോകത്തെവിടെയായിരുന്നാലും ലതാമങ്കേഷ്‌ക്കറുടെ മിക്ക സംഗീത പരിപാടികളുടെയും ഒരു പ്രത്യേകത മഴയുടെ സാന്നിധ്യമാണ്. മഴക്കാലമല്ലെങ്കിൽപോലും വരദാനംപോലെ മഴമേഘങ്ങൾ കനിയുന്നത് ഏവർക്കും അത്ഭുദമായിരുന്നു. തനിക്കുള്ള ഭഗവൽ പ്രസാദമായ അമൃതവർഷിണിയായിട്ടാണ് അവർ ഇതിനെ കണ്ടത്.