മുംബൈ: എസ് പി ബാലസുബ്രമണ്യത്തിന് പിന്നാലെ ഇന്ത്യൻ മറ്റൊരു സുന്ദരനാദത്തെക്കൂടി കോവിഡ് കവർന്നു.ഇന്ത്യയുടെ വാനമ്പാടി ലതമങ്കേഷ്‌കറും കോവഡിന് കീഴടങ്ങി ഓർമ്മയിലേക്ക്.അതീവ ഹൃദ്യമായ സ്വരമാധുരിയും ആലാപനശൈലിയുമാണ് ലതാ മങ്കേഷ്‌കറിന് ഇന്ത്യക്കകത്തും പുറത്തും ഇത്രയേറെ ആരാധകരെ നേടിക്കൊടുത്തത്. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ഗായകരിലൊരാളായ ലതാ മങ്കേഷ്‌കർ ആയിരത്തിലധികം ബോളിവുഡ് സിനിമകളിൽ പിന്നണി ഗായികയായി. വിദേശഭാഷകളിലുൾപ്പെടെ മുപ്പത്തിയാറിൽപരം ഭാഷകളിൽ ലതാജി എന്ന് ആരാധകർ ബഹുമാനത്തോടെയും സ്നേഹത്തോടെയും വിളിക്കുന്ന ആ മഹാഗായിക ഗാനങ്ങൾ ആലപിച്ചു.

പ്രണയം, വിരഹം, സന്തോഷം, സന്താപം തുടങ്ങി മനുഷ്യഭാവങ്ങളെയും ദേശസ്‌നേഹത്തിന്റെ വികാരത്തെയും തലമുറകൾക്ക് തന്റെ സ്വരമാധുരിയിലുടെ കൈമാറാൻ ലതാജിക്ക് സാധിച്ചു.1929 സെപ്റ്റംബർ 28ന് മധ്യപ്രദേശിലാണ് ലതാ മങ്കേഷ്‌കറുടെ ജനനം. സംഗീതജ്ഞനും നാടകനടനുമായ ദീനാനാഥ് മങ്കേഷ്‌കറുടെയും ശിവന്തിയുടെയും 5 മക്കളിൽ മൂത്തയാൾ. ഗോവയിലെ മങ്കേഷിയിൽ നിന്ന് ഇൻഡോറിലേക്കു കുടിയേറിയ മഹാരാഷ്ട്രീയൻ കുടുംബം.ലത, മീന, ആശ, ഉഷ, ഹൃദയനാഥ് എന്നീ 5 മക്കളെയും അച്ഛൻ തന്നെയാണ് സംഗീതം അഭ്യസിപ്പിച്ചത്. ലത ചെറുപ്പത്തിലേ ദീനാനാഥിന്റെ നാടകങ്ങളിലും അഭിനയിച്ചു.

തന്റെ നാടകത്തിലെ കഥാപാത്രത്തിൽ നിന്നു പ്രേരണ ഉൾക്കൊണ്ട് മകൾ ഹേമയുടെ പേര് ലതയെന്ന് അദ്ദേഹം മാറ്റിയതാണ്. ഹരിദ്കർ എന്ന പേര് ജന്മനാടിന്റെ ഓർമയ്ക്കായി മങ്കേഷ്‌കർ എന്ന് ദീനാനാഥ് മാറ്റുകയായിരുന്നു.മറാഠി സിനിമയിൽ ലത പാടിത്തുടങ്ങുന്നത് 13ാം വയസ്സിലാണ്. പിന്നണി ഗാനരംഗത്ത് ചുവടുറപ്പിക്കും മുൻപ് ഏതാനും ഹിന്ദി, മറാഠി ചിത്രങ്ങളിൽ അഭിനയിക്കുകയും ചെയ്തു. രണ്ടിടത്തും ഭാഗ്യം പരീക്ഷിച്ചെങ്കിലും സംഗീതമാണ് തന്റെ വഴിയെന്നു പിന്നീട് തിരിച്ചറിയുകയായിരുന്നു. അച്ഛന്റെ മരണശേഷം, കുടുംബസുഹൃത്തായ വിനായക് ദാമോദറാണ് ലതയെ കലാരംഗത്തു കൈപിടിച്ചുയർത്തിയത്. 1942ൽ കിതി ഹസാൽ എന്ന മറാഠി ചിത്രത്തിൽ നാച്ചുയാഗഡേ, കേലു സാരി എന്നതായിരുന്നു ആദ്യഗാനം. എന്നാൽ, ചിത്രം പുറത്തിറങ്ങിയപ്പോൾ ആ പാട്ട് ഒഴിവാക്കപ്പെട്ടു. പിറ്റേവർഷം ഗജാഭാവു എന്ന ചിത്രത്തിൽ ആദ്യമായി ഹിന്ദിയിൽ പാടി. 1945ലാണ് ലതാ മങ്കേഷ്‌കർ മുംബൈയിലേക്കു താമസം മാറ്റി.

ലോകത്തിന് മുന്നിൽ ഇന്ത്യയുടെ സ്വരമായി മാറിയ ശബ്ദത്തെ ഒരിക്കൽ സ്വരം മോശമാണെന്ന് പറഞ്ഞ് മാറ്റി നിർത്തിയിരുന്നുവെന്ന് പറഞ്ഞാൽ അത്രപെട്ടെന്ന് ആരും വിശ്വസിക്കില്ല.അത്തരമൊരു അനുഭവവും ലതാ മങ്കേഷ്‌കറിനുണ്ടായിരുന്നു.വിനായകിന്റെ അപ്രതീക്ഷിത മരണത്തോടെ സംഗീത സംവിധായകൻ ഗുലാം ൈഹദറാണ് മാർഗദർശിയായി മാറിയത്. ഇതോടെ, വീണ്ടും ചെറിയ അവസരങ്ങൾ.ഈ സമയത്താണ് സ്വരം മോശമാണെന്ന പേരിൽ അവസരങ്ങൾ നഷ്ടപ്പെട്ടത്. പക്ഷേ ഹൈദറിന് ഉറപ്പുണ്ടായിരുന്നു, ഈ സ്വരം ഒരുദിനം ഇന്ത്യ കീഴടക്കുമെന്ന്. അദ്ദേഹം സംഗീതമൊരുക്കിയ മജ്ബൂർ എന്ന സിനിമയിലെ ഗാനം തന്നെ വഴിത്തിരിവായി. ലതയുടെ സ്വരം ഇന്ത്യ താൽപര്യത്തോടെ കേൾക്കാൻ തുടങ്ങിയത് അന്നുമുതലാണ്.

എന്നാൽ, നേർത്തതും തുളച്ചുകയറുന്നതുമാണ് ശബ്ദമെന്നും അത് ഹിന്ദിയിലെ അന്നത്തെ ഗാനശബ്ദസൗന്ദര്യ സങ്കൽപവുമായി യോജിച്ചു പോകുന്നില്ലെന്നും ഇതിനിടെ വിമർശനം ഉയർന്നു. മറാഠി കലർന്ന ഹിന്ദി ഉച്ചാരണമാകട്ടെ, ഉർദുവിന്റെ കാൽപനിക സൗന്ദര്യവുമായി ഇഴ ചേർന്നിരുന്നില്ല. പക്ഷേ, നിശ്ചയദാർഢ്യത്തോടെ ഹിന്ദുസ്ഥാനിയും ഉർദുവും പഠിച്ചെടുത്ത ലതയ്ക്കു മുന്നിൽ, ആ സ്വരത്തിനു മുന്നിൽ, കാലം കീഴടങ്ങി. പിന്നീടുള്ളത് ചരിത്രമായി. ലതാ മങ്കേഷ്‌കറിന്റെ മാത്രമല്ല; ഇന്ത്യൻ സിനിമയുടെയും സിനിമാ സംഗീതത്തിന്റെയും ചരിത്രം.

വ്യക്തിജീവിതത്തിൽ കടുംപിടുത്തക്കാരിയായിരുന്നു ലത. പല ഗായകരുമായും സംഗീത സംവിധായകരുമായും അവർ അകന്നു നിന്നിട്ടുണ്ട്; വർഷങ്ങളോളം. പിന്നീട്, ചിലർ ഇങ്ങോട്ടു വന്നു കൂട്ടുകൂടിയപ്പോൾ ചിലരോട് അങ്ങോട്ടു പോയി പിണക്കം മാറ്റി. ഇതിൽ ഏറെ ചർച്ച ചെയ്യപ്പെട്ട പിണക്കങ്ങളിലൊന്ന് സംഗീത സംവിധായകൻ എസ്.ഡി. ബർമനുമായിട്ടായിരുന്നു. ബർമന്റെ സംഗീതത്തിന് ലതയുടെ സ്വരം അനുഭൂതി തീർക്കുന്ന കാലമായിരുന്നു അത്. ഒരിക്കൽ ലത പാടിയ പാട്ട് രണ്ടാമതും പാടിച്ച ബർമന് അതിലും തൃപ്തിയില്ലാതെ ഒന്നുകൂടി പാടാൻ വരാൻ ആളെ അയച്ചു.

വിദേശയാത്രയ്ക്കൊരുങ്ങുകയായിരുന്നു ലത. തിരിച്ചു വന്നശേഷം ആദ്യം തന്റെ പാട്ടു പൂർത്തിയാക്കണമെന്നു ബർമൻ പറഞ്ഞു. ഉറപ്പു നൽകാനാകില്ലെന്നു ലത മറുപടിയും പറഞ്ഞു. അതോടെ ഇനി അവർ തനിക്കു വേണ്ടി പാടില്ലെന്നു ബർമൻ പ്രഖ്യാപിച്ചു. അതേ ഗാനം ലതയുടെ സഹോദരി ആശാ ഭോസ്ലെയെക്കൊണ്ടു പാടിച്ചു. പക്ഷേ, അതിൽ തൃപ്തി വരാതെ ലതയുടെ രണ്ടാമത്തെ സൗണ്ട് ട്രാക്ക് തന്നെ ബർമൻ സിനിമയിൽ ഉപയോഗിച്ചുവെന്നത് വേറെ കാര്യം. അഞ്ചു വർഷത്തിനു ശേഷം ബർമന്റെ മകൻ ആർ.ഡി. ബർമൻ മുൻകൈയെടുത്താണ് പിരിഞ്ഞ ബന്ധം വിളക്കിച്ചേർത്തത്. അതിനുശേഷം ഇരുവരും ചേർന്ന് ഹിന്ദിയിൽ ഹിറ്റുകളുടെ പെരുമഴ തന്നെ സൃഷ്ടിച്ചു. തന്റെ ഹിറ്റുകൂട്ടുകെട്ടായിരുന്ന റാഫിയോടു പോലും ലതാജി പിണങ്ങിയിട്ടുണ്ട്.

റോയൽറ്റി സംബന്ധിച്ച വിഷയമായിരുന്നു പിണക്കത്തിന് കാരണം.പ്രശ്‌നം വ്യക്തിതലത്തിൽ എത്തിയതോടെ അന്നത്തെ ഹിന്ദി സിനിമാശാഖയിലെ ഏറ്റവും ഭാവസാന്ദ്രമായ യുഗ്മഗാന ജോഡി വേർപിരിഞ്ഞു. നാലു വർഷത്തിനു ശേഷം ഒരു സംഗീതനിശയിൽ വീണ്ടും യുഗ്മഗാനം പാടി അവരൊന്നിച്ചു.

ജീവിതത്തിന്റെ വിവിധ കാലഘട്ടങ്ങളിൽ പലരോടൊപ്പം ലതയുടെ പേര് ചേർത്തു കഥകളുണ്ടായി. മുൻ ക്രിക്കറ്റർ രാജ് സിങ് ദുംഗാർപുരുമായുള്ള പ്രണയം ഏറെ ചർച്ച ചെയ്യപ്പെട്ടു. അദ്ദേഹത്തിന്റെ വീട്ടുകാർ എതിർത്തതോടെ ഇരുവരും വിവാഹസ്വപ്നങ്ങൾ ഉപേക്ഷിച്ചു. തകർക്കപ്പെടാതെ അവരുടെ പ്രണയം പിന്നെയുമൊഴുകി. ഗായകൻ ഭൂപൻ ഹസാരികയുമായി ലതയ്ക്ക് അടുത്ത ബന്ധമുണ്ടായിരുന്നുവെന്ന് പിൽക്കാലത്ത് ആരോപിച്ചത് ഭൂപന്റെ ഭാര്യ തന്നെയാണ്. വിവാഹാഭ്യർഥന നിരസിച്ചതാണ് സി. രാമചന്ദ്രയുമായുള്ള ബന്ധം വഷളായതിനു കാരണം.

പ്രമുഖ ഇന്ത്യൻ ഭാഷകളിലെല്ലാം പാടിയിട്ടുള്ള ലത മങ്കേഷ്‌കർ മലയാളത്തിൽ ഒരേയൊരു ഗാനമാണ് ആലപിച്ചിട്ടുള്ളത്. വയലാർ എഴുതി സലിൽ ചൗധരി ഈണം പകർന്ന 'കദളി കൺകദളി ചെങ്കദളി പൂ വേണോ...എന്ന ഗാനം. പക്ഷെ ആ ഒരൊറ്റ ഗാനം മതി ആ സാന്നിദ്ധ്യം നിലനിർത്താൻ.സജീവ സംഗീതലോകത്ത് നിന്നു ലത പിന്മാറിയിട്ട് വർഷങ്ങളായി. ഇതുവരെ പാടിക്കഴിഞ്ഞതിനപ്പുറം എന്തെങ്കിലും ആകർഷകമായി തോന്നിയാൽ മാത്രമേ മൈക്ക് കയ്യിലെടുക്കൂ. വീട്ടിലിരുന്ന് സംഗീതം ആസ്വദിക്കും, ടിവിയിൽ ക്രിക്കറ്റ് കാണും; പാട്ടു കഴിഞ്ഞാൽ പ്രിയപ്പെട്ട കാര്യങ്ങളിലൊന്നാണ് ക്രിക്കറ്റ്. പിന്നെ, പുസ്തകങ്ങൾ വായിക്കും. ഇതാണ് ഇപ്പോൾ രീതി. ഫൊട്ടോഗ്രഫി മറ്റൊരു ഇഷ്ടവിനോദമായിരുന്നു.

അറുപതുകളിൽ 5 മറാഠി സിനിമകളുടെ സംഗീത സംവിധാനം നിർവഹിച്ച ലത ഒരിക്കൽ മികച്ച സംഗീത സംവിധാനത്തിനുള്ള മഹാരാഷ്ട്ര സർക്കാർ പുരസ്‌കാരവും നേടിയിട്ടുണ്ട്. ഹിന്ദിയിലും മറാഠിയിലുമായി നാലു ചിത്രങ്ങളും നിർമ്മിച്ചു. 1948നും 1974നും മധ്യേ ലത 25,000 ഗാനങ്ങൾ പാടിയതായും ഏറ്റവും കൂടുതൽ ഗാനങ്ങൾ ആലപിച്ചയാളാണെന്നും ഗിന്നസ് ബുക് ഓഫ് റെക്കോർഡ്‌സ് രേഖപ്പെടുത്തിയെങ്കിലും അതിലേറെ ഗാനങ്ങൾ മുഹമ്മദ് റഫി പാടിയിട്ടുണ്ടെന്ന വാദം പിന്നാലെ ഉയർന്നു. പിന്നീട് പല കണക്കുകളും ഉയർന്നുവന്നെങ്കിലും പാട്ടുകളുടെ എണ്ണത്തിന്റെ കണക്ക് താൻ സൂക്ഷിച്ചിട്ടില്ലെന്ന് ലതാ മങ്കേഷ്‌കർ തന്നെ വിശദീകരിച്ചു.

ഏഴു പതിറ്റാണ്ടോളം നീണ്ട സംഗീതജീവിതം; അതിൽ അവർ ഒരു മഹാമേരുവായി നിലകൊണ്ടു. കലഹങ്ങളും പിണക്കങ്ങളുമെല്ലാം ഏറെ. എല്ലാറ്റിനുമൊടുവിൽ ബാക്കിയാവുന്നത് ലതയുടെ മധുരശബ്ദം മാത്രം. അതിൽ ലയിക്കാനാവുന്നതാണ് ഈ കാലഘട്ടത്തിന്റെ മഹാഭാഗ്യം.