- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കെപിസിസി ഓഫീസിന് മുമ്പിൽ തലമുണ്ഡനം ചെയ്ത് പ്രതിഷേധിച്ച് കോൺഗ്രസ് വിടാൻ യാത്ര പുറപ്പെട്ട് ലതികാ സുഭാഷ്; വൈപ്പിനിലെ സീറ്റ് നൽകി പ്രതിസന്ധി മറികടക്കാൻ നീക്കം; ഇരിക്കൂർ വേണുഗോപാൽ അടിച്ചു മാറ്റിയതോടെ കണ്ണൂരിലെ മൂന്ന് ഷുവർ സീറ്റിലും തോൽവി സാധ്യത; നിരവധി നേതാക്കൾ ബിജെപിയിലേക്ക് പോകാൻ ടിക്കറ്റ് എടുത്തു കഴിഞ്ഞു; കോൺഗ്രസിൽ ഭൂകമ്പ സാധ്യത
തിരുവനന്തപുരം: നേമത്ത് കെ മുരളീധരൻ മത്സരിക്കും. അങ്ങനെ ഒരു പ്രതിസന്ധി കോൺഗ്രസ് മറികടന്നു. അപ്പോൾ അതിലും വലിയ തലവേദന. കോൺഗ്രസിലെ പ്രധാന വനിതാ നേതാവ് സീറ്റ് കിട്ടാത്തതിൽ നിരാശയാണ്. കടുത്ത തീരുമാനങ്ങൾ അവർ എടുത്തു കഴിഞ്ഞു. കണ്ണൂരിലൂം പൊട്ടിത്തെറിക്കാണ് സാധ്യത. കെസി വേണുഗോപാലിന്റെ നീക്കങ്ങളാണ് ഇതിന് കാരണം. ഇതോടെ കോട്ടയത്തും കണ്ണൂരും പ്രശ്നങ്ങൾ രൂക്ഷമായി. ലതികാ സുഭാഷിനെ അനുനയിപ്പിക്കാൻ ഉമ്മൻ ചാണ്ടി കിണഞ്ഞു ശ്രമിക്കുകയാണ്.
കെപിസിസി ഓഫീസിന് മുമ്പിൽ എത്തി തലമുണ്ഡനം ചെയ്ത് പ്രതിഷേധിച്ച് കോൺഗ്രസ് വിടാൻ ഒരുങ്ങി യാത്ര പുറപ്പെട്ട് ലതികാ സുഭാഷ് നേതൃത്വത്തെ ഞെട്ടിച്ചിരിക്കുകയാണ് മഹിളാ കോൺഗ്രസ് നേതാവിന് വൈപ്പിനിലെ സീറ്റ് നൽകി പ്രതിസന്ധി മറികടക്കാൻ തിരക്കിട്ട നീക്കം നടക്കുകയും ചെയ്യുന്നു. സീറ്റ് കിട്ടിയില്ലെങ്കിൽ അവർ പാർട്ടി വിടുമെന്ന് ഉറപ്പാണെന്ന തിരിച്ചറിവ് കോൺഗ്രസ് നേതാക്കൾക്കുണ്ട്. അതിനിടെ കണ്ണൂരിൽ സ്ഥാനാർത്ഥി പട്ടികയിലുണ്ടായ അട്ടിമറിയാണ് പ്രതിസന്ധിയാകുന്നത്. ഇരിക്കൂറിൽ സോണി സെബാസ്റ്റ്യനെ മത്സരിപ്പിക്കാനായിരുന്നു ധാരണ. എന്നാൽ കെസി സോണിയെ വെട്ടി. ഇതോടെ സോണിയും വിമതനാകാനുള്ള തയ്യാറെടുപ്പിലാണ്.
കണ്ണൂരിൽ സതീശൻ പാച്ചേനിയാണ് സ്ഥാനാർത്ഥി. പാച്ചേനിക്കെതിരെ എ ഗ്രൂപ്പിലെ നേതാക്കൾ പ്രശ്നത്തിലാണ്. മുമ്പ് എ ഗ്രൂപ്പിലായിരുന്നു പാച്ചേനി. എന്നാൽ ഇന്ന് സുധാകരന്റെ വിശ്വസ്തനും. ഐ ഗ്രൂപ്പിന്റെ മുഖമായ പാച്ചേനിയെ തോൽപ്പിക്കുമെന്ന് എ ഗ്രൂപ്പുകാർ പറയുന്നു. ഇരിക്കൂറിലെ സീറ്റും ഇപ്പോൾ എ ഗ്രൂപ്പിന് കൈവിട്ടു പോകുന്ന അവസ്ഥയാണ്. ഇരിക്കൂർ സീറ്റ് സജീവ് ജോസഫിന് നൽകാനാണ് നീക്കം. ഇതാണ് ഇരിക്കൂരിൽ സോണി സെബാസ്റ്റ്യനെ എതിരാളിയാക്കുന്നത്. കെസി വേണുഗോപാലാണ് സജീവിനെ ഇരിക്കൂറിൽ എത്തിക്കാൻ നീക്കം നടത്തുന്നത്. എന്നാൽ സജീവിനെ എ ഗ്രൂപ്പുകാരനായി ഇരിക്കൂരിൽ മത്സരിക്കാൻ അനുവദിക്കില്ലെന്നാണ് അവിടുത്തെ നേതാക്കളുടെ നിലപാട്.
കെസി ജോസഫ് കോട്ടയത്തു നിന്ന് വന്ന് വളരെ കാലം ഇരിക്കൂരിലെ ജനപ്രതിനിധിയായി. ഇനിയും ഇത് അനുവദിക്കില്ലെന്നാണ് അവരുടെ നിലപാട്. ഇതോടെ പെരാവൂരിലും എ ഗ്രൂപ്പ് വിമതനീക്കങ്ങൾ നടത്തും. ഇതോടെ കണ്ണൂരിലെ മൂന്ന് ഷുവർ സീറ്റിലും തോൽവി സാധ്യത കോൺഗ്രസ് നേതാക്കൾ കാണുന്നുണ്ട്. കേരളത്തിൽ നിരവധി നേതാക്കൾ ബിജെപിയിലേക്ക് പോകാൻ ടിക്കറ്റ് എടുത്തു കഴിഞ്ഞു. തിരുവനന്തപുരത്ത് കെപിസിസി നേതാവ് സ്ഥാനാർത്ഥിയാകുമെന്ന് സൂചനയുണ്ട്. ഇതോടെ സ്ഥാനാർത്ഥി പ്രഖ്യാപനത്തെ തുടർന്ന് കോൺഗ്രസിൽ ഭൂകമ്പ സാധ്യത മുന്നിൽ കാണുകയാണ് നേതൃത്വം.
മുന്നണിയിലെ തർക്കങ്ങൾ ഒഴിവാക്കാനാണ് ഏറ്റുമാനൂർ മണ്ഡലം കേരള കോൺഗ്രസിനു വിട്ടുകൊടുക്കേണ്ടി വന്നതെന്ന് ഉമ്മൻ ചാണ്ടി ലതികാ സുഭാഷിനെ അറിയിച്ചിരുന്നു. അവർ ഏറ്റുമാനൂരിൽ മത്സരിക്കാനായിരുന്നു ആഗ്രഹിച്ചിരുന്നത്. .തിരഞ്ഞെടുപ്പിൽ മഹിളാ കോൺഗ്രസിന് അർഹമായ പ്രാധാന്യം ഉറപ്പാക്കണമെന്ന് ഉമ്മൻ ചാണ്ടിയോടു ലതികാ സുഭാഷ് ആവശ്യപ്പെടുകയും ചെയ്തു. ഇന്നലെ പുതുപ്പള്ളിയിലെ വീട്ടിലാണ് ഇരുവരും ചർച്ച നടത്തിയത്. ഏറ്റുമാനൂർ കോൺഗ്രസ് ഏറ്റെടുത്താൽ മത്സരിക്കാനായി ലതികാ സുഭാഷിന്റെ പേരും പരിഗണനയിൽ ഉണ്ടായിരുന്നു. തനിക്കു ജയസാധ്യത ഉണ്ടായിരുന്ന മണ്ഡലത്തിൽ നീക്കുപോക്ക് ആകാമായിരുന്നുവെന്ന് അവർ ഉമ്മൻ ചാണ്ടിയോട് പറഞ്ഞു.
സീറ്റ് ലഭിക്കാത്തതിനാൽ ഇടഞ്ഞു നിൽക്കുന്ന നേതാക്കളെ അനുനയിപ്പിക്കാൻ കൂടിയാണ് വെള്ളിയാഴ്ച ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും ഡൽഹിയിൽ നിന്നു മടങ്ങിയത്. ലതികാ സുഭാഷ് എന്ന വ്യക്തിക്കു സീറ്റു ലഭിക്കുന്നോ എന്നതല്ല വിഷയം. മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷയ്ക്കു ജയസാധ്യതയുള്ള സീറ്റ് ലഭിക്കണം. ഇന്നു പട്ടിക വന്ന ശേഷം കൂടുതൽ പ്രതികരിക്കാം-ഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷയായ ലതികാ സുഭാഷിന്റെ പ്രതികരണം ഇന്നലെ ഇങ്ങനെയായിരുന്നു. ഇതിന് പിന്നാലെയാണ് അവർ കടുത്ത തീരുമാനങ്ങളെടുത്ത് തിരുവനന്തപുരത്തേക്ക് തിരിച്ചുവെന്ന് നേതൃത്വം മനസ്സിലാക്കുന്നത്.
കഴക്കൂട്ടത്ത് കെപിസിസി ഭാരവാഹി ബിജെപി സ്ഥാനാർത്ഥിയാകുമെന്നാണ് റിപ്പോർട്ട്. നേരത്തെ കെപിസിസി ജനറൽ സെക്രട്ടറിയായിരുന്ന വിജയൻ തോമസ് ബിജെപിയിൽ എത്തിയിരുന്നു. സമാന രീതിയിൽ പലരും ഇനിയും വരുമെന്നാണ് സൂചന. തിരുവനന്തപുരത്ത് മുമ്പ് കോൺഗ്രസ് വിമതനായി മത്സരിച്ച് ചരിത്രമുള്ള നേതാവിനെയാണ് ബിജെപി കഴക്കൂട്ടത്തേക്ക് നോട്ടമിടുന്നത്. സ്വതന്ത്രനായി മത്സരിക്കുമ്പോൾ ഈ നേതാവിന് ബിജെപിയുടെ പിന്തുണയും ഉണ്ടായിരുന്നു. 2006ൽ കോൺഗ്രസിനെ തോൽപ്പിച്ച ആ വിമതൻ ഇത്തവണ ബിജെപി സ്ഥാനാർത്ഥിയാകുമെന്നാണ് സൂചന. അന്ന് ജയിച്ചത് ഇടത് സ്ഥാനാർത്ഥിയായിരുന്നു. വിമതൻ നേടിയ വോട്ടാണ് കോൺഗ്രസിന് തിരിച്ചടിയായത്.
എന്നാൽ എല്ലാം തീരുമാനിക്കുക ബിജെപി അധ്യക്ഷൻ അമിത് ഷായാണ്. ഈ നേതാവുമായി ഇന്നലെ രാത്രിയും ബിജെപി നേതാക്കൾ ചർച്ച നടത്തി. കോൺഗ്രസും പ്രതിരോധത്തിന് രംഗത്തുണ്ട്. അതിനിടെ മറ്റു രാഷ്ട്രീയ പാർട്ടികളുടെ നേതാക്കന്മാരെ വലവീശാനും മറുകണ്ടം ചാടിക്കാനും ബിജെപിയുടെ കേന്ദ്രസംഘം സജീവമാണെന്നും റിപ്പോർട്ട് എത്തുന്നു. കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി, കർണാടക ഉപമുഖ്യമന്ത്രി അശ്വന്ത് നാരായണൻ, കർണാടക എംഎൽഎ. സുനിൽകുമാർ കാർക്കളെ എന്നിവരാണ് നേതൃത്വം കൊടുക്കുന്നത്. ബിജെപിയിലെത്തുന്നവർക്ക് സ്ഥാനാർത്ഥിത്വവും പാർട്ടി ഭാരവാഹിത്വവും വാഗ്ദാനം ചെയ്യുന്നതും ഇവരാണ്. ലതികാ സുഭാഷ് അടക്കമുള്ളവരുമായി ഇവർ സംസാരിക്കാൻ ശ്രമിക്കുന്നുണ്ട്.
ബിജെപിയിലെത്തിയ മുൻ കോൺഗ്രസ് നേതാക്കളായ വിജയൻ തോമസ്, പന്തളം പ്രതാപൻ എന്നിവരോട് ഇവർ സംസാരിച്ചിരുന്നു. കോൺഗ്രസിലെയും കേരള കോൺഗ്രസിലെയും ഇടതുപക്ഷത്തെയും ചില നേതാക്കന്മാരുമായും ആശയവിനിമയം നടക്കുന്നുണ്ട്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും പശ്ചിമബംഗാളിലും ചെയ്ത രീതിയിൽ മറ്റുകക്ഷികളിൽ നിന്ന് പരമാവധി നേതാക്കന്മാരെ ബിജെപിയിലെത്തിക്കാനാണ് നീക്കം. ഇങ്ങനെയെത്തുന്നവർക്കായി ചില മണ്ഡലങ്ങൾ ബിജെപി. ഒഴിച്ചിടുമെന്നാണ് സൂചന. ഇതിന് വേണ്ടിയാണ് ബിജെപി പല സീറ്റുകളും ഒഴിച്ചിട്ടിരിക്കുന്നത്.
അടുത്തകാലത്ത് പി.ജെ. ജോസഫിനൊപ്പമെത്തിയ മറ്റൊരു കേരള കോൺഗ്രസ് ഗ്രൂപ്പ് നേതാവ് ബിജെപി. നേതൃത്വവുമായി രണ്ടുവട്ടം ചർച്ച പൂർത്തിയാക്കിയിട്ടുണ്ട്. ആന്റണി രാജുവുമായി തെറ്റിനിൽക്കുന്ന ജനാധിപത്യ കേരള കോൺഗ്രസ് നേതാക്കളുമായും ചർച്ച പുരോഗമിക്കുകയാണ്. വിക്ടർ ടി തോമസും ബിജെപിയുടെ സാധ്യതാ ലിസ്റ്റിലാണ്.
മറുനാടന് മലയാളി ബ്യൂറോ