- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ലതിക സുഭാഷിനെ പ്രാഥമികാംഗത്വത്തിൽനിന്നും പുറത്താക്കി കോൺഗ്രസ് നേതൃത്വം; കാരണം വ്യക്തമാക്കാതെ കെപിസിസി അധ്യക്ഷന്റെ വാർത്താക്കുറിപ്പ്; മുല്ലപ്പള്ളിയുടെ നടപടി, വോട്ടെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ; സ്ത്രീ വിരുദ്ധ പരാമർശം നടത്താൻ മടിയില്ലാത്ത കോൺഗ്രസ് അധ്യക്ഷനിൽ നിന്നും കൂടുതൽ ഒന്നും പ്രതീക്ഷിക്കുന്നില്ലെന്ന് ലതിക; ബാലറ്റിലൂടെ സ്ത്രീ സമൂഹം മറുപടി നൽകുമെന്നും പ്രതികരണം
കോട്ടയം: മഹിള കോൺഗ്രസ് മുൻ സംസ്ഥാന അദ്ധ്യക്ഷ ലതിക സുഭാഷിനെ കോൺഗ്രസിന്റെ പ്രാഥമികാംഗത്വത്തിൽനിന്നും പുറത്താക്കി കെപിസിസി നേതൃത്വം. എന്നാൽ പ്രാഥമിക അംഗത്വത്തിൽനിന്ന് ലതികയെ പുറത്താക്കിയതായുള്ള കെപിസിസി പ്രസിഡന്റിന്റെ വാർത്താക്കുറിപ്പിൽ കാരണം വ്യക്തമാക്കിയിട്ടില്ല.
സ്ത്രീ വിരുദ്ധ പരാമർശം നടത്താൻ മടിയില്ലാത്ത കോൺഗ്രസ് അധ്യക്ഷനിൽ നിന്നും ഇതിൽ കൂടുതൽ ഒന്നും പ്രതീക്ഷിക്കുന്നില്ലെന്ന് ലതിക പ്രതികരിച്ചു. ബാലറ്റിലൂടെ സ്ത്രീ സമൂഹം ഇതിന് മറുപടി നൽകുമെന്നും അവർ വ്യക്തമാക്കി.
സ്ഥാനാർത്ഥി പ്രഖ്യാപനത്തോടെ കോൺഗ്രസിൽ നിരവധി പ്രതിഷേധങ്ങൾ ഉണ്ടായെങ്കിലും പാർട്ടിയെ പിടിച്ചുലച്ചതും ഏറെ ചർച്ചചെയ്യപ്പെട്ടതുമായ പ്രതിഷേധവും ലതികയുടേതായിരുന്നു. സീറ്റ് നിഷേധിച്ചതിനെ തുടർന്ന് ലതിക കെപിസിസി ആസ്ഥാനത്തിനു മുന്നിൽ തല മുണ്ഡനം ചെയ്ത് പ്രതിഷേധിക്കുകയും മഹിള കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനം രാജിവയ്ക്കുകയും ചെയ്തിരുന്നു. പാർട്ടി സ്ഥാനങ്ങളെല്ലാം രാജിവച്ചെന്നും കോൺഗ്രസ് അംഗമായി തുടരുമെന്നും അവർ വ്യക്തമാക്കിയിരുന്നു.
തിരുവനന്തപുരത്തെ കെപിസിസി ആസ്ഥാനത്ത് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു കഴിഞ്ഞുള്ള വാർത്ത സമ്മേളനത്തിനുശേഷമായിരുന്നു ലതികയുടെ പരസ്യപ്രതിഷേധം.. സ്ഥാനാർത്ഥി പട്ടികയിൽ സ്ത്രീകൾ തഴയപ്പെട്ടെന്ന് വാർത്താ സമ്മേളനത്തിൽ ലതിക പറഞ്ഞിരുന്നു. വർഷങ്ങളുടെ പ്രവർത്തന പാരമ്പര്യമുള്ള സ്ത്രീകളാണ് കടുത്ത അവഗണന അനുഭവിക്കുന്നത്. 14 ജില്ലകളിൽ 14 വനിത സ്ഥാനാർത്ഥികളെങ്കിലും ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാൽ അതും ഉണ്ടായില്ല. തനിക്ക് സീറ്റ് നിഷേധിച്ചത് കടുത്ത അനീതിയാണെന്നും ലതിക പറഞ്ഞിരുന്നു.
ഏറ്റുമാനൂരിൽ സ്വതന്ത്ര സ്ഥാനാർത്ഥിയാണ് ലതിക. സ്വതന്ത്ര സ്ഥാനാർത്ഥിയാകുക കൂടി ചെയ്തതോടെ പുറത്താക്കണമെന്ന ആവശ്യം പാർട്ടിയിൽ ശക്തമായിരുന്നു. ഏറ്റുമാനൂർ ഘടകകക്ഷിയായ കേരള കോൺഗ്രസിനു കൊടുത്തുപോയതു കൊണ്ടാണു ലതിക സുഭാഷിനു നൽകാത്തതെന്നായിരുന്നു കോൺഗ്രസിന്റെ വിശദീകരണം. യുഡിഎഫിനായി പ്രിൻസ് ലൂക്കോസാണ് ഏറ്റുമാനൂരിൽ മത്സരിക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ