ദുബായ് രാജാവിന്റെ മകൾ ഷെയ്ഖ ലത്തിഫ മുഹമ്മദ് അൽ മക്തൂം ഇപ്പോൾ എവിടെയാണ്? തനിക്ക് ദുബായിലേക്ക് പോകാനില്ലെന്നും തടവിൽനിന്ന് രക്ഷപ്പെടുകയായിരുന്നുവെന്നും പറഞ്ഞ് ഫേസ്‌ബുക്ക് ലൈവിൽ പ്രത്യക്ഷപ്പെട്ട രാജകുമാരിക്ക് എന്തുസംഭവിച്ചു. ലൈവ് വന്നതിനുശേഷം രണ്ടാഴ്ചയായി രാജകുമാരിയെക്കുറിച്ച് യാതൊരു വിവരവും ഇല്ലാത്തത് സംഭവത്തിന്റെ ദുരൂഹത വർധിപ്പിക്കുന്നു.

ദുബായ് രാജാവിന്റെ 30 മക്കളിലൊരാളാണ് താനെന്ന് അവകാശപ്പെട്ട ലത്തിഫ ദുബായിലെ വീട്ടുതടങ്കലിൽനിന്ന് ഫ്രഞ്ച് ചാരനായ ഴാങ് പിയറി ഹെർവ് ജോബർട്ടിന്റെ സഹായത്തോടെയാണ് ദുബായിൽനിന്ന് രക്ഷപ്പട്ടത്. അതിനുശേഷം ഒരു ആഡംബര യാട്ടിൽ ഇന്ത്യൻതീരത്തെവിടെയോ കഴിയുകയായിരന്നു അവർ.

എന്നാൽ, ലത്തീഫയ്‌ക്കൊപ്പം ഫിൻലൻഡുകാരനായ പേഴ്‌സണൽ ട്രെയിനർ ടിലിന ജോഹാന ജൗഹിയാനെയും കാണാതായിട്ടുണ്ടെന്നാണ് പുതിയ വെളിപ്പെടുത്തൽ. ലത്തീഫ ലൈവ് വീഡിയോ ഷൂട്ട് ചെയ്യുമ്പോൾ യാട്ട് ഇന്ത്യൻ തീരത്തുനിന്ന് 50 കിലോമീറ്റർ അകലെയായിരുന്നുവെന്നും ലത്തീഫയുടെ വീഡിയോ പുറത്തുവിട്ട ദുബായിലെ മനുഷ്യാവകാശ സംഘടനയായ ഡീറ്റെയിൻഡ് വ്യക്തമാക്കി.

ദയവായി സഹായിക്കുക. പുറത്ത് ആളുകളുണ്ട് എനിക്ക് വെടിയൊച്ചകൾ കേൾക്കാം. ഞാനും സുഹൃത്തും ഒളിച്ചിരിക്കുകയാണ്...ഇതാണ് ലത്തീഫ ഡീറ്റെയിൻഡിനയച്ച അവസാന വാട്‌സാപ്പ് സന്ദേശം. ഇതിനുശേഷം രാജകുമാരിയെക്കുറിച്ച് യാതൊരു വിവരവുമില്ല. ഇവർ അമേരിക്കയിലോക്കോ ഫ്രാൻസിലേക്കോ യുകെയിലേക്കോ ഫിൻലൻഡിലേക്കോ കടന്നിരിക്കാമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ, ഇരുവരെയും ഇന്ത്യൻ തീരസേന കസ്റ്റഡിയിലെടുത്തെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.

തനിക്ക് യാതൊരു സ്വാതന്ത്ര്യവും അനുവദിച്ചിരുന്നില്ലെന്നും 2002 മുതൽ എപ്പോഴും നിരീക്ഷണത്തിലായിരുന്നുവെന്നും ഡീറ്റെയിൻഡ് പുറത്തുവിട്ട 40 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ പറയുന്നു. ഇനി തനിക്കൊരു പുതിയ ജീവിതം ആരംഭിക്കണമെന്നും ജീവിത്തിന് പുതിയ അർഥം കണ്ടെത്തണമെന്നും വീഡിയോയിലുണ്ട്. ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റഷീദ് അൽ മക്തൂമിന്റെ അത്ര പ്രശസ്തയല്ലാത്ത ഭാര്യയാണ് തന്റെ അമ്മയെന്നും ലത്തീഫ വീഡിയോയിൽ പറയുന്നുണ്ട്.

മാർച്ച് മൂന്നിലാണ് ടിലിനയുമായി അവസാനം ഫോണിൽ ബന്ധപ്പെട്ടതെന്ന് അവരുടെ സഹോദരൻ ഒക്കു വ്യക്തമാക്കി. ടിലിനയും ലത്തീഫയും അടുത്ത സൃഹുത്തുക്കളായിരുന്നുവെന്നും ഇരുവരും ഒരുമിച്ചാകും ദുബായിൽനിന്ന് കടന്നതെന്ന് കരുതുന്നതായും അദ്ദേഹം ഡീറ്റെയിൻഡിനോട് വ്യക്തമാക്കി. 2010-ലാണ് ടിലിനയും ലത്തീഫയും പരിചയപ്പെടുന്നത്. അതിനുശേഷ ഇരുവരും ഉറ്റസുഹൃത്തുക്കളാവുകകയും ടിലിന പേഴ്‌സണൽ ട്രെയിനറാവുകയുമായിരുന്നു.