ന്യൂഡൽഹി: ലാവലിൻ കേസിൽ നിന്നും രക്ഷപെട്ടു എന്ന ആശ്വാസത്തിലിരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന് ആശങ്ക വർദ്ധിപ്പിച്ച് സുപ്രീം കോടതിയിൽ ഹർജി. പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി വിധിക്കെതിരെ കേസിലെ നാലാം പ്രതി സുപ്രീംകോടതിയെ സമീപിച്ചതാണ് സിപിഎമ്മിന് ആശങ്കയ്ക്ക് ഇടയാക്കുന്നത്. കെ.എസ്.ഇബി മുൻ ചീഫ് എൻജിനീയറുമായ കസ്തൂരി രംഗ അയ്യർ ആണ് കോടതിയെ സമീപിച്ചത്. ഹൈക്കോടതി വിധി വിവേചനപരമാണെന്നും പ്രതിപ്പട്ടികയിൽ നിന്ന് തന്നെ ഒഴിവാക്കണമെന്നും അദ്ദേഹം ഹർജിയിൽ ആവശ്യപ്പെട്ടു.

കേസിൽ ഏഴാം പ്രതിയായ പിണറായി ഉൾപ്പെടെയുള്ള മൂന്ന് പ്രതികളെ കേസിൽനിന്ന് ഒഴിവാക്കിയ സ്ഥിതിക്ക് തന്നെയും ഒഴിവാക്കണം. കേസിൽ എല്ലാവർക്കും കൂട്ടുത്തരവാദിത്വമാണ്. ഒരേ കേസിലെ പ്രതികളോട് വ്യത്യസ്ത നിലപാട് സ്വീകരിക്കാൻ കഴിയില്ലെന്നും ഹൈക്കോടതി വിധി റദ്ദാക്കി തന്നെയും കേസിൽ കുറ്റവിമുക്തനാക്കണമെന്നുമാണ് ഹർജിയിലെ ആവശ്യം. ഹർജി കോടതി തിങ്കളാഴ്ച പരിഗണിക്കും.

കേസിൽ പിണറായി വിജയൻ അടക്കമുള്ളവരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി തന്നെ പ്രതിപ്പട്ടിക നിലനിർത്തിയത് വിവേചനപരമാണെന്നാണ് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നത്. കേസിലെ എല്ലാ പ്രതികളെയും വിട്ടയച്ചുകൊണ്ടുള്ള വിചാരണക്കോടതിയുടെ വിധിക്കെതിരെ സിബിഐ നൽകിയ റിവിഷർ ഹർജിയിലാണ് ഹൈക്കോടതി പിണറായി അടക്കമുള്ളവരെ വിട്ടയച്ച നടപടി ശരിവയ്ക്കുകയും മൂന്നു പ്രതികൾക്കെതിരെ കേസ് നിലനിൽക്കുമെന്നും വ്യക്തമാക്കിയിരുന്നു.

പിണറായിക്കു പുറമേ ഊർജവകുപ്പിലെ മുൻസെക്രട്ടറി കെ. മോഹനചന്ദ്രൻ, മുൻജോയിന്റ് സെക്രട്ടറി എ. ഫ്രാൻസിസ് എന്നിവരെയും കുറ്റവിമുക്തരാക്കിയ വിചാരണക്കോടതിവിധി സിംഗിൾബെഞ്ച് ശരിവെച്ചുകൊണ്ട് ഉത്തരവിട്ടിരുന്നു. കേസിലെ പ്രതികളെയെല്ലാം തിരുവനന്തപുരം സിബിഐ.കോടതി കുറ്റവിമുക്തരാക്കിയത് ചോദ്യംചെയ്ത് സിബിഐ നൽകിയ പുനഃപരിശോധനാഹർജിലായിരുന്നു ഹൈക്കോടതിയുടെ വിധി.

അതേസമയം, വൈദ്യുതിവകുപ്പിലെ മുൻ ഉദ്യോഗസ്ഥരായ കെ.ജി. രാജശേഖരൻ നായർ, ആർ. ശിവദാസൻ, കസ്തൂരിരംഗ അയ്യർ എന്നിവർ വിചാരണ നേരിടണമെന്നും കോടതി വിധിച്ചിരുന്നു. ഇവർ യഥാക്രമം കേസിൽ രണ്ടും മൂന്നും നാലും പ്രതികളാണ്.