കൊച്ചി: കേരള മുഖ്യമന്ത്രി പിണറായി വിജയനെ ലാവലിന് കേസ് വീണ്ടും വെട്ടിലാക്കുമോ? ഹൈക്കോടതിയിൽ മുഖ്യമന്ത്രിക്കെതിരെയുള്ള വാദങ്ങൾ ശക്തമാക്കി സിബിഐ രംഗത്തെത്തി. എസ്എൻസി ലാവ്ലിൻ കമ്പനിയുമായി നടത്തിയ ഇടപാടിന്റെ വിവരങ്ങൾ അന്ന് വൈദ്യുതി മന്ത്രിയായിരുന്ന പിണറായി വിജയൻ അതീവ രഹസ്യമായാണ് കൈകാര്യം ചെയ്തതെന്നാണ് സിബിഐയുടെ വാദം.

മന്ത്രിസഭയിൽ നിന്ന് മറച്ചുവെച്ചുവെന്നും ലാവ്ലിന് കരാർ നൽകാൻ പിണറായി അമിത താൽപര്യം കാണിച്ചുവെന്നും സിബിഐ വാദിച്ചു. നേരത്തെ പിണറായി അടക്കമുള്ള ഒൻപത് പ്രതികളെ കുറ്റവിമുക്തരാക്കിയതിനെതിരെ സിബിഐ നൽകിയ റിവിഷൻ ഹർജി പരിഗണിക്കവേയാണ് കേസിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ സിബിഐ ഹൈക്കോടതി മുമ്പാകെ നൽകിയത്.

കരാറിനെതിരെ വൈദ്യൂതി ബോർഡിലെ ഉന്നത ഉദ്യോഗസ്ഥർ എതിർത്തിരുന്നു. ഈ എതിർപ്പുകൾ സ്വാധീനം ഉപയോഗിച്ച് ഇല്ലാതാക്കി. നിയമപരമായി നിലനിൽക്കാത്ത കരാറാണ് ലാവ്ലിനുമായി ഉണ്ടാക്കിയത്. കമ്പനി പ്രതിനിധികൾക്ക് പ്രത്യേക പരിഗണന നൽകിയെന്നും സിബിഐ കോടതിയിൽ അവതരിപ്പിച്ചു. ധനകാര്യ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന വിനോദ് റായി അടക്കമുള്ളവർ കേസിൽ സാക്ഷികളായിട്ടുണ്ട്. പിണറായിക്കും മറ്റ് പ്രതികൾക്കും എതിരെയുള്ള കുറ്റങ്ങളും തെളിവുകളും സാക്ഷിപട്ടികയും കോടതിയിൽ സിബിഐ സമർപ്പിച്ചു.

പിണറായി വിജയൻ വൈദ്യുതി മന്ത്രിയായിരിക്കെ നടന്ന ഇടപാടിലാണ് അഴിമതി ആരോപണം ഉയർന്നത്. പന്നിയാർ, ചെങ്കുളം, പള്ളിവാസൽ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന് കാനഡയിലെ എസ്എൻസി ലാവ്ലിൻ കമ്പനിയുമായി ഉണ്ടാക്കിയ 374.5 കോടിയുടെ കരാർ മൂലം വൈദ്യുതി ബോർഡിനും സർക്കാരിനും നഷ്ടം വന്നെന്നായിരുന്നു കേസ്.സിബിഐ അന്വേഷണം നടത്തുകയും 2013 നവംബറിൽ പിണറായി വിജയനുൾപ്പെടെയുള്ളവരെ സിബിഐ കോടതി കുറ്റവിമുക്തരാക്കുകയും ചെയ്തിരുന്നു.

നേരത്തെ കേസുമായി ബന്ധപ്പെട്ട് യുഡിഎഫ് സർക്കാരും ക്രൈം എഡിറ്റർ നന്ദകുമാറും നൽകിയ ഉപഹർജികൾ ഹൈക്കോടതി തള്ളിയിരുന്നു. പുനഃപരിശോധാ ഹർജി സമർപ്പിക്കാൻ സിബിഐയ്ക്ക് മാത്രമെ അധികാരമുള്ളൂവെന്നും കക്ഷിചേരാൻ മറ്റുള്ളവർക്ക് അവകാശമില്ലെന്നുമായിരുന്നു കോടതിയുടെ നിരീക്ഷണം.