കൊച്ചി: കേരളം നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന വേളയിൽ പിണറായി വിജയൻ എൽഡിഎഫിനെ നയിക്കുമെന്ന കാര്യം വ്യക്തമായതോടെ ഉമ്മൻ ചാണ്ടി രാഷ്ട്രീയക്കരു നീക്കങ്ങളുമായി രംഗത്തെത്തി. എസ്എൻസി ലാവലിൻ കേസിൽ മുൻ വൈദ്യുതി മന്ത്രിയും സിപിഐ(എം)ം പോളിറ്റ്ബ്യൂറോ അംഗവുമായ പിണറായി വിജയനെതിരെ സംസ്ഥാന സർക്കാർ ഹൈക്കോടതിയിലെത്തി. പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ നടപടി ശരിയല്ലെന്ന് കാണിച്ചാണ് സർക്കാർ കോടതിയെ സമീപിച്ചത്. ഇക്കാര്യം ചൂണ്ടിക്കാട്ടി സർക്കാർ ഉപഹർജി നൽകി.

തെളിവുകൾ പലതും കീഴ്‌ക്കോടതി പരിഗണിച്ചില്ല തുടങ്ങിയ കാര്യങ്ങൾ ചൂണ്ടിക്കാണിച്ചാണ് സർക്കാർ കേസിൽ ഉപഹർജി നൽകിയത്. ഒരു വിദേശകമ്പനിക്ക് ചട്ടവിരുദ്ധമായി കരാർ നൽക്കുക വഴി സർക്കാർ ഖജനാവിന് നഷ്ടം വരുത്തിയത് നിസാരസംഭവമല്ലെന്നും ഹർജിയിൽ വ്യക്തമാക്കി. സർക്കാരിന് വേണ്ടി ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ടി ആസിഫലിയാണ് ഉപഹർജി നൽകിയത്. റിവിഷൻ ഹർജിയിൽ എത്രയും വേഗം വാദം കേൾക്കണമെന്നും ആവശ്യപ്പെടും. സർക്കാരിനുണ്ടായ സാമ്പത്തിക നഷ്ടവും കോടതിയിൽ ഉന്നയിച്ചിട്ടുണ്ട്. പിണറായിയെ വെറുതെ വിട്ടതിനെതിരെ നൽകിയ അപ്പീൽ ഉടൻ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി സമർപ്പിച്ചത്. നേരത്തെ ഈ കേസിൽ സിബിഐ അന്വേഷണം ഉൾപ്പെടെയുള്ളവ നടന്നിരുന്നു.

അതേസമയം തിരഞ്ഞെടുപ്പ് അടുത്ത് വരുന്നതിനിടെ രാഷ്ട്രീയലക്ഷ്യങ്ങളോടെയാണ് സംസ്ഥാനസർക്കാർ ഹർജി സമർപ്പിച്ചിരിക്കുന്നതെന്ന് സിപിഐ(എം) കുറ്റപ്പെടുത്തി. തിരഞ്ഞെടുപ്പ് സമയത്ത് മാത്രമാണ് യുഡിഎഫ് സർക്കാർ ലാവ്‌ലിൻ വിഷയം ഉയർത്തിക്കൊണ്ടു വരാറെന്നും സിപിഐ(എം) നേതാവ് എം വി ജയരാജൻ വിമർശിച്ചു. പിണറായിയുടെ ഇമേജ് തകർക്കാനുള്ള ഉമ്മൻ ചാണ്ടിയുടെ ശ്രമമാണ് ഇതെന്ന് ഇ പി ജയരാജനും പ്രതികരിച്ചു.

കേസിൽ നിന്നു പിണറായി വിജയനെ ഒഴിവാക്കി സിബിഐ പ്രത്യേക കോടതിയാണ് ഉത്തരവിട്ടിരുന്നത്. ഇതിനെതിരെയാണ് സർക്കാർ ഇപ്പോൾ ഉപഹർജി നൽകുന്നത്. കേസിൽ നേരത്തെ സിബിഐ അപ്പീൽ നൽകിയിരുന്നു. പിണറായിയെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിക്കൊണ്ടായിരുന്നു കോടതി പിണറായി വിജയന്റെ വിടുതൽ ഹരജി അംഗീകരിച്ചത്. ലാവ്‌ലിൻ കേസിൽ കുറ്റപത്രം നിലനിൽക്കില്ലെന്നും കോടതി വ്യക്തമാക്കി. ഏഴ് പ്രതികളെയും കോടതി കുറ്റവിമുക്തരാക്കിയിരുന്നു.

ഇവർക്കെതിരായ കുറ്റപത്രം നിലനിൽക്കില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു. ഈ വിധിക്കെതിരെയാണ് രണ്ട് വർഷത്തിന് ശേഷം സംസ്ഥാന സർക്കാർ സർക്കാർ അപ്പീൽ നൽകുന്നത്. തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് സർക്കാർ നീക്കണമെന്ന കാര്യം വ്യക്തമാണ്. ലാവലിൻ കേസ് തിരഞ്ഞെടുപ്പിൽ പ്രചരണ വിഷയം ആക്കാനാണ് ഉദ്ദേശിക്കുന്നത്. യുഡിഎഫിൽ നിന്നും ജനതാദൾ അടക്കമുള്ള കക്ഷികൾ പുറത്തേക്ക് പോകാനുള്ള സാഹചര്യത്തിൽ കൂടിയാണ് ഈ നീക്കമെന്നതും ശ്രദ്ധേയമാണ്. നവകേരളാ മാർച്ചുമായി പിണറായി രംഗത്തെത്തിയ സമയത്താണ് സർക്കാർ പിണറായിക്കെതിരെ രംഗത്തെത്തിയതും.

കുറ്റപത്രത്തിൽ പാളിച്ചകളുണ്ട്. ഇവർക്കെതിരെയുള്ള ഗൂഢാലോചന തെളിയിക്കാനായില്ല. പിണറായി ഗൂഢാലോചന നടത്തിയില്ല. വിശ്വാസ വഞ്ചന നടത്തിയിട്ടില്ലെന്നും എന്നാവർത്തിച്ചാണ് സിബിഐ പ്രത്യേക കോടതി പിണറായി വിജയനെ കുറ്റവിമുക്തനാക്കിയിരുന്നത്. പിണറായിക്ക് പുറമേ മുൻ ഊർജ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ. മോഹനചന്ദ്രൻ, മുൻ ജോയിന്റ് സെക്രട്ടറി എ. ഫ്രാൻസിസ്, കെഎസ്ഇബി മുൻ ചെയർമാൻ പി.എ. സിദ്ധാർഥ മേനോൻ എന്നിവരെയാണ് പ്രതിപ്പട്ടികയിൽ നിന്നും ഒഴിവാക്കിയത്. ലാവ്‌ലിൻ കമ്പനിക്ക് സാമ്പത്തികനേട്ടമുണ്ടാക്കാൻ ഒരു ഘട്ടത്തിലും ഗൂഢാലോചന നടത്തിയിട്ടില്ലെന്ന് പറഞ്ഞുകൊണ്ടായിരുന്നു പിണറായിയുടെ വിടുതൽഹരജി. ഗൂഢാലോചനാകുറ്റം തനിക്കുമേൽ ചുമത്തിയത് വ്യക്തമായ രാഷ്ട്രീയലക്ഷ്യത്തോടെയാണെന്നും, ഇടപാടിൽ നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും പിണറായിയുടെ ഹരജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

തെളിവുകളുടെയോ രേഖകളുടെയോ പിൻബലമില്ലാതെയാണ് കേസിൽ തന്നെ പ്രതിയാക്കിയതെന്നും ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നുമാണ് പിണറായിയുടെ വാദം. തനിക്കെതിരെയുള്ള ഗൂഢാലോചനാക്കുറ്റം രാഷ്ട്രീയലക്ഷ്യങ്ങളോടെ കെട്ടിച്ചമച്ചതാണെന്നതിൽ ഊന്നി തന്നെയായിരുന്നു കോടതിയിൽ പിണറായിയുടെ വാദം. ഇടതു സർക്കാർ നിയോഗിച്ച ഇ.ബാലാന്ദൻ കമ്മിറ്റി റിപ്പോർട്ടിന്റെ വിശ്വാസ്യതയെയും പിണറായിക്കു വേണ്ടി ഹാജരായ അഡ്വ.എം.കെ.ദാമോദരൻ ചോദ്യം ചെയ്തു. എന്നാൽ, ലാവലിൻ ഇടപാടിൽ പിണറായി വിജയന്റെ പങ്കിന് ഒട്ടേറെ തെളിവുണ്ടെന്ന് സിബിഐ പ്രോസിക്ക്യൂട്ടർ രേഖകൾ സഹിതം വാദിച്ചു. താൻ സാമ്പത്തിക നേട്ടമുണ്ടാക്കിയതായി സിബിഐ കുറ്റപത്രത്തിൽ പറയുന്നില്ല. ഗൂഢാലോചനയാണ് ചുമത്തിയിട്ടുള്ളതെന്നും ഹരജിയിൽ പിണറായി ചൂണ്ടിക്കാട്ടിയിരുന്നു. കേസിൽ ഏഴാം പ്രതിയായിരുന്നു പിണറായി. എന്നാൽ ലാവ്‌ലിൻ കേസിൽ പിണറായിയുടെ പങ്കിനു വ്യക്തമായ തെളിവുണ്ടെന്നാണു സിബിഐയുടെ വാദം. കേസിൽ നിന്നൊഴിവാക്കാൻ പിണറായി നിരത്തിയ വാദങ്ങൾ പൊള്ളയാണെന്ന് എതിർസത്യവാങ്മൂലത്തിൽ സിബിഐ ചൂണ്ടിക്കാട്ടിയിരുന്നു.

കരാർ സംബന്ധിച്ച സുപ്രധാന വിവരങ്ങൾ മന്ത്രിസഭാ യോഗത്തിൽനിന്നു മറച്ചുവച്ചു. മലബാർ കാൻസർ സെന്ററിനു ലാവ്‌ലിൻ കമ്പനി വാഗ്ദാനം ചെയ്ത ധനസഹായം നേടിയെടുക്കാൻ പിണറായി താൽപര്യമെടുത്തില്ല. പഴ്‌സനൽ സ്റ്റാഫ് അംഗമായിരുന്ന ശശിധരൻ നായരെ കാൻസർ ആശുപത്രിയുടെ സ്‌പെഷൽ ഓഫിസറായി പിണറായി നിയമിച്ചതു സ്വന്തം താൽപര്യം സംരക്ഷിക്കാനായിരുന്നെന്നും സിബിഐ ആരോപിച്ചിരുന്നു. മലബാർ ക്യാൻസർ സെന്ററിന് ലാവലിൻ വാദ്ഗാനം ചെയ്ത ധനസഹായം നേടിയെടുക്കാൻ പിണറായി താൽപര്യമെടുത്തില്ലെന്നും പിണറായിയുടെ ചേംബറിൽ വച്ചാണ് കരാർ ഒപ്പിട്ടതെന്നും സിബിഐ ആരോപിച്ചു. എന്നാൽ, കോടതി ഉന്നയിച്ച പല ചോദ്യങ്ങൾക്കും തൃപ്തികരമായ വിശദീകരണം നൽകാനാകാതെയാണ് പ്രോസിക്യുഷൻ വാദം പൂർത്തിയാക്കിയത്. നേരത്തെ പിണറായി നൽകിയ മറ്റൊരു ഹർജിയുടെ അടിസ്ഥാനത്തിൽ ഹൈക്കോടതി നിർദ്ദേശപ്രകാരം കേസിൽ ലാവ്‌ലിൻ കമ്പനിയെയും വൈസ് പ്രസിഡന്റായിരുന്ന ക്ലോസ് ട്രെൻഡലിനെയും ഒഴിവാക്കി കുറ്റപത്രം വിഭജിച്ചിരുന്നു.

പിണറായിക്കു പുറമെ മുൻ ഊർജവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ.മോഹനചന്ദ്രൻ, മുൻ ജോയിന്റ് സെക്രട്ടറി എ.ഫ്രാൻസിസ്, കെ.എസ്.ഇ.ബി മുൻ ചെയർമാൻ പി.എ.സിദ്ധാർഥമേനോൻ എന്നിവരാണ് ഹരജി നൽകിയത്. പന്നിയാർ, ചെങ്കുളം, പള്ളിവാസൽ ജലവൈദ്യുത പദ്ധതികളുടെ നവീകരണവുമായി ബന്ധപ്പെട്ട് 86.25 കോടിയുടെ ക്രമക്കേടു നടന്നതായാണു കേസ്. എസ്.എൻ.സി. ലാലിൻ കമ്പനിയുമായ കെ.എസ്.ഇ.ബി ധാരണാപത്രം ഒപ്പിടുന്നതോടെയാണ് ലാവലിൻ ഇടപാടിന്റെ തുടക്കം. അന്ന് വൈദ്യുതിമന്ത്രി ജി.കാർത്തികേയനായിരുന്നു. ഈ ധാരണാപത്രം അടുത്തവർഷം ഫെബ്രുവരി 24ന് കരാറായി ഒപ്പിട്ടു. പ്രോജക്ട് ആവിഷ്‌കരണം, ഡിസൈനിങ്, ടെൻഡറുകൾ തയാറാക്കൽ തുടങ്ങിയവ ചെയ്യുന്നതിന് കൺസൽട്ടന്റിനെ ചുമതലപ്പെടുത്തുന്നതിനുള്ള കരാർ ഒപ്പിട്ടതും ജി.കാർത്തികേയന്റെ കാലത്തായിരുന്നു. 17.5 കോടിയാണ് ഇതിനുള്ള ചെലവ്. 1996 മേയിൽ എൽ.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നപ്പോൾ പിണറായി വിജയനായി വൈദ്യുതിമന്ത്രി.

കാർത്തികേയന്റെ കാലത്ത് ഒപ്പിട്ട കൺസൽട്ടൻസി കരാറിൽ അനുബന്ധ കരാർ ഉണ്ടാക്കി യന്ത്രസാമഗ്രികൾ സപ്ലൈ ചെയ്യുന്നതിനുള്ള ചുമതല ലാവലിനെ ഏൽപ്പിക്കുന്നത് പിണറായിയുടെ കീഴിലായിരുന്നു. 1996 ഫെബ്രുവരിയിൽ ലാവ്‌ലിൻ കമ്പനിയുമായി ഒപ്പിട്ട കൺസൽറ്റൻസി കരാർ പിണറായി വൈദ്യുതി മന്ത്രിയായ ശേഷമാണ് വിതരണക്കരാർ ആക്കിയത്. ഇതിനു മുന്നോടിയായി പിണറായിയുടെ നേതൃത്വത്തിലുള്ള സംഘം കാനഡ സന്ദർശിച്ചു. ഈ സന്ദർശനത്തിലെ ധാരണ പ്രകാരമാണ് പിന്നീട് കരാർ ഒപ്പിട്ടത്. അതിനു വൈദ്യുതി ബോർഡിന്റെയോ സർക്കാരിന്റെയോ അനുമതി ഇല്ലായിരുന്നു. സാമഗ്രികൾ വാങ്ങുന്നതിനായി 169 കോടിക്കുള്ള വായ്പ കനേഡിയൻ ഏജൻസിയായ ഇ.ഡി.സിയിൽ നിന്ന് വാങ്ങാനും തീരുമാനിച്ചു. ഈ അനുബന്ധകരാർ ഒപ്പിടുന്നത് 1997 ഫെബ്രുവരി 10നാണ്. തലശേരിയിൽ മലബാർ ക്യാൻസർ സെന്റർ സ്ഥാപിക്കുന്നതിന് 98.3 കോടി രൂപ ഗ്രാന്റായി നൽകുന്നതിന് 1998 ഏപ്രിൽ 25ന് ലാവലിനും വൈദ്യുതിവകുപ്പും തമ്മിൽ ധാരണാപത്രവും ഒപ്പിട്ടു. ഇത് നിയമപ്രകാരമുള്ള കരാറായി മാറാതെ തന്നെ പിണറായി വിജയൻ പാർട്ടി സംസ്ഥാനസെക്രട്ടറിയാകാൻ വേണ്ടി വൈദ്യുതി വകുപ്പ് വിട്ടു.

തുടർന്ന് മന്ത്രിയായ എസ്.ശർമയോ യു.ഡി.എഫ് കാലത്ത് മന്ത്രിയായ കടവൂർ ശിവദാസനോ ഈ സഹായധനം വാങ്ങുന്നത് നിയമപരമാക്കാൻ കൂട്ടാക്കിയില്ല. കരാറിലെ അപാകതകൾ ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. 2003 മാർച്ചിൽ ശക്തമായ രാഷ്ട്രീയ സമ്മർദത്തെ തുടർന്ന് എ.കെ.ആന്റണി സർക്കാർ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചതോടെയാണ് ലാവലിന്റെ നിയമവഴി ആരംഭിക്കുന്നത്. 2005ൽ ലാവലിൻ കേസ് സംബന്ധിച്ച കംപ്‌ട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ കരട് റിപ്പോർട്ട് ചോർന്ന് പുറത്ത് വന്നത് മുതലാണ് പിണറായി വിജയൻ സംശയത്തിന്റെ മറയിലായത്. ഇതോടെ പിണറായി വിജയനെ കേന്ദ്രീകരിച്ച് ആരോപണങ്ങൾ ഉയർന്ന് തുടങ്ങി. സി ഏ ജി റിപ്പോർട്ടും തുടർന്ന് ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് നടന്ന വിജിലൻസ് അന്വേഷണവും പിണറായി വിജയനെ കൂടുതൽ പ്രതിരോധത്തിലാക്കി. വിജിലൻസിന്റെ ശുപാർശയെത്തുടർന്നായിരുന്നു സിബിഐ അന്വേഷണം. സിപിഐ.എം രാഷ്ട്രീയത്തെ പിടിച്ചുലച്ച കേസാണ് എസ്.എൻ.സി ലാവലിൻ ക്രമക്കേട്.