കൊച്ചി: സംസ്ഥാന നിയമസഭാ തിരഞ്ഞെുപ്പിന് മുന്നോടിയായി പിണറായി വിജയനെ ലക്ഷ്യമിട്ട് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും യുഡിഎഫും നടത്തിയ രാഷ്ട്രീയ നീക്കത്തിന് പ്രാഥമികഘട്ടത്തിൽ വിജയം. ലാവലിൻ കേസിൽ മുൻ വൈദ്യുതി മന്ത്രിയും സിപിഐ(എം) പോളിറ്റ്ബ്യൂറോ പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ പ്രത്യേക സിബിഐ കോടതി വിധിക്കെതിരെ സിബിഐ നൽകിയ ഹർജിയിൽ കക്ഷി ചേരാനുള്ള സംസ്ഥാന സർക്കാറിന്റെ ഉപഹർജി ഹൈക്കോടതി അംഗീകരിച്ചു. ഇതോടെ പിണറായി നയിക്കുന്ന നവകേരള മാർച്ചിനിടെ ലാവലിൻ വീണ്ടും ചർച്ചയാക്കാൻ സംസ്ഥാന സർക്കാറിന് സാധിച്ചു.

സിബിഐ എതിർത്തിട്ടും സർക്കാർ നൽകിയ റിവിഷൻ ഹർജി കോടതി അംഗീകരിക്കുകയായിരുന്നു. അതേസമയം കേസ് അടിയന്തരമായി പരിഗണിക്കണമെന്ന സർക്കാറിന്റെ ആവശ്യം ഹൈക്കോടതി തള്ളി. ഹർജി ഫയലിൽ സ്വീകരിച്ച കോടതി ഫെബ്രുവരി മൂന്നാം വാരം പരിഗണിക്കുമെന്ന് വ്യക്തമാക്കി.കേസ് അടിയന്തരമായി പരിഗണിക്കേണ്ട സാഹചര്യമില്ലെന്ന് കോടതി പറഞ്ഞു. 15 വർഷമായുള്ള കേസിലെ അപ്പീൽ പോലും കെട്ടിക്കിടക്കുന്നുണ്ടെന്നും കോടതി പറഞ്ഞു. ജസ്റ്റിസ് പി ഉബൈദിന്റെ ബെഞ്ചാണ് സർക്കാറിന്റെ ഉപഹർജി പരിഗണിച്ചത്.

കേസിന്റെ വാദത്തിനിടെ ഉപഹർജിയിൽ സർക്കാർ നിലപാട് തള്ളുന്ന നിലപാടാണ് സിബിഐ സ്വീകരിച്ചത്. കേസ് അന്വേഷിച്ചത് തങ്ങളാണെന്നും കേസ് തിടുക്കപ്പെട്ട് പരിഗണിയ്‌ക്കേണ്ടതില്ലെന്നും സിബിഐ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. അതേ സമയം നെഗറ്റീവ് നിലപാട് സ്വീകരിക്കുന്നില്ലെന്നും കോടതി തീരുമാനിക്കുന്നതുപോലെ വിചാരണ നടക്കട്ടെയെന്നും സിബിഐ അഭിഭാഷകൻ ചന്ദ്രശേഖരൻ പിള്ള അറിയിച്ചു.

അതേ സമയം കേസിൽ ഹർജി നൽകാൻ സർക്കാരിന് നിയമപരമായി അവകാശമില്ലെന്ന് പിണറായി വിജയന്റെ അഭിഭാഷകൻ എം.കെ.ദാമോദരൻ വാദിച്ചു. ലാവ്‌ലിൻ കരാർ വഴി സർക്കാരിന് നഷ്ടമുണ്ടായിട്ടില്ലെന്നും പിണറായിയുടെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. പിണറായിയുടെ നവകേരള മാർച്ച് തുടങ്ങാനിരിക്കേ ഉണ്ടായ ഈ നടപടി രാഷ്ട്രീയ പ്രേരിതമാണെന്നുമാണ് വാദിച്ചത്. എന്നാൽ, ഈ വാദം കോടതി അംഗീകരിച്ചില്ല. രാഷ്ട്രീയകാര്യങ്ങൾ കോടതിയിൽ പറയേണ്ടതില്ലെന്ന് ജസ്റ്റിൽ പി ഉബൈദ് വ്യക്തമാക്കി.

സർക്കാറിനും വൈദ്യുതി ബോർഡിനും വൻ തുക നഷ്ടം വന്ന കേസാണെന്നും വാദം വൈകുന്നത് സർക്കാറിനെ ബാധിക്കുമെന്നുമാണ് ഹർജി നേരത്തെ കേൾക്കണമെന്ന അപേക്ഷയിൽ സർക്കാർ പറഞ്ഞിരുന്നത്. സർക്കാരിനു വേണ്ടി ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ടി. ആസഫലിയാണ് ഹർജി സമർപ്പിച്ചത്. ലാവലിൻ കരാർ ഒപ്പിട്ട കാലത്തെ വൈദ്യുതി മന്ത്രിയും സിപിഐ(എം). നേതാവുമായ പിണറായി വിജയന് ഇടപാടിൽ പങ്കുണ്ടെന്ന് സിബിഐ.യുടെ കണ്ടെത്തലുണ്ടെന്ന് ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു. എന്നാൽ, അത് പരിഗണിക്കാതെയാണ് തിരുവനന്തപുരത്തെ സിബിഐ. പ്രത്യേക കോടതി പിണറായി വിജയനെയും മറ്റും കുറ്റ വിമുക്തരാക്കിയത് എന്നാണ് ഹർജിയിൽ പറയുന്നത്.

പിണറായി വിജയൻ ഉൾപ്പെടെ ഏഴ് പ്രതികളെ കുറ്റവിമുക്തരാക്കിയ സിബിഐ കോടതി വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് ടി.പി. നന്ദകുമാർ നൽകിയ ഹർജിയിലാണ് സർക്കാറിന്റെ അപേക്ഷ. ആ ഹർജിയിൽ സർക്കാർ രണ്ടാം എതിർകക്ഷിയാണ്. കേസ് നീട്ടിക്കൊണ്ടുപോകാൻ പ്രതികൾ ശ്രമം നടത്തുകയാണെന്നും അത് ഗൗരവത്തോടെ കാണണമെന്നുമാണ് സർക്കാർ ആവശ്യപ്പെടുന്നത്. പന്നിയാർ, ചെങ്കുളം, പള്ളിവാസൽ എന്നീ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന് കാനഡയിലെ എസ്എൻസി ലാവലിൻ കമ്പനിയുമായി ഉണ്ടാക്കിയ 374.5 കോടിയുടെ കരാർ വൈദ്യുതി ബോർഡിനും സർക്കാറിനും കോടികളുടെ നഷ്ടമുണ്ടാക്കിയെന്നാണ് കേസ്.

നിയമസഭാ തിരഞ്ഞെടുപ്പിൽ പിണറായി വിജയൻ സിപിഎമ്മിനെ നയിക്കുമെന്ന വിധത്തിലേക്ക് കാര്യങ്ങൾ നീങ്ങിയപ്പോഴാണ് സംസ്ഥാന സർക്കാർ രണ്ട് വർഷത്തിന് ശേഷം കേസിൽ കക്ഷി ചേർന്നത്. നിയമവകുപ്പ് സെക്രട്ടറിയുടെ ഉപദേശവും തള്ളിക്കളഞ്ഞാണ് സർക്കാർ കേസിൽ ഉപഹർജി നൽകിയത്. കേസിൽ സർക്കാർ വാദം അംഗീകരിച്ചെന്ന് മന്ത്രി കെ സി ജോസഫ് പറഞ്ഞു. സിപിഐ(എം) കേസിനെ എന്തിനാണ് ഭയക്കുന്നതെന്നും ജോസഫ് ചോദിച്ചു.