കൊച്ചി: ലാവ്‌ലിൻ കേസിൽ പിണറായി വിജയനെ വിചാരണക്കോടതി കുറ്റവിമുക്തനാക്കിയത് നിയമവിരുദ്ധമായിട്ടാണെന്ന് സിബിഐ. സാക്ഷിമൊഴികളും തെളിവുകളും വിചാരണ നടത്തിയ സിബിഐ കോടതി പരിഗണിച്ചില്ലെന്നും ഹൈക്കോടതിയിൽ ചൂണ്ടിക്കാട്ടി. പ്രതികളുടെ വാദങ്ങൾ അതേപടി അംഗീകരിച്ച് ഉത്തരവിറക്കുകയാണ് കേസിൽ ഉണ്ടായത്. കേസിൽ മുൻ വൈദ്യുത മന്ത്രിയായ പിണറായി വിജയനെ കുറ്റവിമുക്തനാക്കിയതിനെ ചോദ്യം ചെയ്ത് സിബിഐ നല്കിയ റിവിഷൻ ഹർജിയിലാണ് ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. അഡീഷണൽ സോളിസിറ്റർ ജനറൽ കെ.എം നടരാജനാണ് സിബിഐക്ക് വേണ്ടി ഹാജരായത്.

പിണറായി വിജയൻ വൈദ്യതി മന്ത്രിയായിരിക്കേ പന്നിയാർ, ചെങ്കുളം, പള്ളിവാസൽ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന് കാനഡയിലെ എസ്എൻസി ലാവ്‌ലിൻ കമ്പനിയുമായി ഉണ്ടാക്കിയ 374.5 കോടിയുടെ കരാർ മൂലം വൈദ്യുതി ബോർഡിനും സർക്കാരിനും നഷ്ടം വന്നെന്നായിരുന്നു കേസ്. പിണറായി വിജയൻ അടക്കമുള്ള പ്രതികളെ സിബിഐ കോടതി 2013 നവംബർ അഞ്ചിനാണ് കുറ്റവിമുക്തരാക്കിയത്.

വിചാരണക്കോടതിയുടെ വിധി നിയമവിരുദ്ധമാണെന്ന വാദമാണ് സിബിഐ റിവിഷൻ ഹർജിയിൽ പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്. പ്രോസിക്യൂഷന്റെ വാദങ്ങൾ പരിഗണിക്കാതെ പ്രതികളുടെ വാദങ്ങൾ കോടതി അതേപടി അംഗീകരിക്കുകയായിരുന്നുവെന്നും സിബിഐ പറയുന്നു.

നേരത്തെ കേസുമായി ബന്ധപ്പെട്ട് യുഡിഎഫ് സർക്കാരും ക്രൈം എഡിറ്റർ നന്ദകുമാറും നൽകിയ ഉപഹർജികൾ ഹൈക്കോടതി തള്ളിയിരുന്നു. പുനഃപരിശോധാ ഹർജി സമർപ്പിക്കാൻ സിബിഐയ്ക്ക് മാത്രമെ അധികാരമുള്ളൂവെന്നും കക്ഷിചേരാൻ മറ്റുള്ളവർക്ക് അവകാശമില്ലെന്നുമായിരുന്നു കോടതിയുടെ നിരീക്ഷണം.