ന്യൂഡൽഹി: എസ്.എൻ.സി. ലാവലിൻ കേസ് സുപ്രീം കോടതി പരിഗണിക്കുന്നത് രണ്ടാഴ്ചത്തേക്ക് മാറ്റി. കേസ് പരിഗണിക്കുന്നത് മാറ്റി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഊർജ്ജ വകുപ്പ് മുൻ ജോയിന്റ് സെക്രട്ടറി എ. ഫ്രാൻസിസ് നൽകിയ കത്ത് പരിഗണിച്ചാണ് സുപ്രീം കോടതി നടപടി. എന്നാൽ, ഇനി കേസ് നീട്ടി വയ്ക്കാൻ അനുവദിക്കില്ലെന്ന് ജസ്റ്റിസുമാരായ യു.യു. ലളിത്, ഇന്ദിര ബാനർജി എന്നിവർ വ്യക്തമാക്കി.

കോടതിയിൽ കൂടുതൽ രേഖകൾ ഹാജരാക്കാൻ സമയം തേടിയാണ് ഊർജ്ജ വകുപ്പ് മുൻ ജോയിന്റ് സെക്രട്ടറി എ. ഫ്രാൻസിസിന്റെ അഭിഭാഷകൻ പ്രകാശ് രഞ്ചൻ നായക് കത്ത് നൽകിയത്. ജസ്റ്റിസുമാരായ യു.യു. ലളിത്, ഇന്ദിര ബാനർജി എന്നിവർ ചൊവ്വാഴ്ച പരിഗണിക്കാൻ നിശ്ചയിച്ചിരിക്കുന്ന നാലാമത്തെ കേസാണ് ലാവലിൻ ഇടപാടുമായി ബന്ധപ്പെട്ട ഹർജികൾ. ഇരുപത്തിയഞ്ചിൽ അധികം തവണ മാറ്റി വെച്ച കേസ് ഇനി മാറ്റിവെക്കില്ലെന്ന് സുപ്രീം കോടതി കഴിഞ്ഞ തവണ വ്യകതമാക്കിയിരുന്നു.

കൂടുതൽ തണവയും സിബിഐ ആണ് ആവശ്യം മുന്നോട്ടു വച്ചതെങ്കിൽ ഇന്നു കേരളത്തിലെ തെരഞ്ഞെടുപ്പ് ദിനത്തിൽ പരിഗണിക്കാനിരുന്ന കേസ് പിണറായി വിജയനൊപ്പം പ്രതിപ്പട്ടികയിൽനിന്ന് ഒഴിവാക്കിയ വ്യക്തിയായ ഊർജ്ജ വകുപ്പ് മുൻ ജോയിന്റ് സെക്രട്ടറി എ. ഫ്രാൻസിസിന്റെ ആവശ്യപ്രകാരമാണ് മാറ്റിയതെന്ന് ശ്രദ്ധേയമാണ്.

പിണറായി വിജയനൊപ്പം പ്രതിപ്പട്ടികയിൽനിന്ന് ഒഴിവാക്കിയ വ്യക്തിയാണ് ഊർജ്ജ വകുപ്പ് മുൻ ജോയിന്റ് സെക്രട്ടറി എ. ഫ്രാൻസിസ്. ചൊവ്വാഴ്ച കേരളത്തിൽ വോട്ടെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ ലാവലിൻ ഹർജികളിൽ സിബിഐ. സുപ്രീം കോടതിയിൽ നടത്തുന്ന ഇടപെടലിന് രാഷ്ട്രീയ പ്രാധാന്യം കൽപ്പിച്ചിരുന്നു.