ന്യൂഡൽഹി: എസ് എൻസി ലാവലിൻ കേസിൽ ഹൈക്കോടതി വിധിക്കെതിരെ സിബിഐ സുപ്രീം കോടതിയിൽ നൽകിയ അപ്പീൽ ഇന്ന് പരിഗണിക്കും. ലാവലിൻ കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധിക്കെതിരെയാണ് സിബിഐ അപ്പീൽ നൽകിയിട്ടുള്ളത്. ലാവലിൻ കേസുമായി ബന്ധപ്പെട്ട രണ്ടു ഹരജികൾ വെള്ളിയാഴ്ച പരിഗണിക്കാനിരിക്കെയാണ് മോദി സർക്കാറിന്റെ രാഷ്ട്രീയനീക്കമായി വിലയിരുത്താവുന്ന നടപടിയുമായി സി.ബി.െഎ പിണറായിക്കെതിരെ രംഗത്തുവന്നത്. കേസിൽ വിചാരണ നേരിടണമെന്ന് ഹൈക്കോടതി വിധിച്ച കെ.എസ്.ഇ.ബി മുൻ ഉദ്യോഗസ്ഥരായ ആർ. ശിവദാസൻ, കസ്തൂരിരംഗ അയ്യർ എന്നിവരുടെ ഹരജികളാണ് ജസ്റ്റിസുമാരായ എൻ.വി. രമണ, അമിതാവ് റോയ് എന്നിവരടങ്ങുന്ന ബെഞ്ച് വെള്ളിയാഴ്ച പരിഗണിക്കുന്നത്.

കേസിൽ മൂന്ന് കെഎസ്ഇബി ഉദ്യോഗസ്ഥർ മാത്രം വിചാരണനേരിട്ടാൽ മതിയെന്നും പിണറായി വിജയൻ ഉൾപ്പെടെയുള്ളവരെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്നുമായിരുന്നു ഹൈക്കോടതി വിധി. ഉദ്യോഗസ്ഥർ മാത്രം വിചാരണ നേരിടണമെന്ന ഉത്തരവ് ന്യായീകരിക്കാനാവില്ലെന്ന് സിബിഐ സുപ്രീംകോടതിയിൽ നൽകിയ അപ്പീലിൽ പറയുന്നു. പിണറായി വിജയനും ഉന്നത ഉദ്യോഗസ്ഥർക്കും കെഎസ്ഇബി ഉദ്യോഗസ്ഥർക്കും കേസിൽ കൂട്ടുത്തരവാദിത്വം ഉണ്ടെന്നും സിബിഐ ചൂണ്ടിക്കാട്ടി. അതിനാൽ തന്നെ ഹൈക്കോടതി ഉത്തരവ് റദ്ദാക്കിക്കൊണ്ട് പിണറായി വിജയൻ ഉൾപ്പെടെയുള്ളവരെ പ്രതിപ്പട്ടികയിൽ വീണ്ടും ചേർക്കണമെന്ന് സിബിഐയുടെ അപ്പീലിൽ വ്യക്തമാക്കുന്നു.

ഒരേ കേസിൽ മൂന്ന് പേർ വിചാരണ നേരിടണമെന്ന് പറയുന്നതും മറ്റുള്ളവർ വിചാരണ നേരിടേണ്ട എന്ന പറയുന്നതും അസാധാരണ വിധിയാണെന്നും സിബിഐ സമർപ്പിച്ച ഹർജിയിൽ പറയുന്നു. കേസിനിടയാക്കിയ കാലത്ത് വൈദ്യുതിമന്ത്രിയായിരുന്ന പിണറായിയെ കൂടാതെ ഊർജവകുപ്പ് മുൻ സെക്രട്ടറി കെ. മോഹനചന്ദ്രൻ, മുൻ ജോയന്റ് സെക്രട്ടറി എ. ഫ്രാൻസിസ് എന്നിവരെ കുറ്റമുക്തരാക്കിയതിനെയും സിബിഐ ചോദ്യം ചെയ്യുകയാണ്. എസ്.എൻ.സി ലാവലിൻ കരാറുമായി ബന്ധപ്പെട്ട് ഭരണതലത്തിൽനിന്നുള്ള അനുമതിയില്ലാതെ ഉദ്യോഗസ്ഥർക്കു മാത്രം തീരുമാനമെടുക്കാനാവില്ല എന്നും അതിനാൽ പ്രതികൾക്ക് കൂട്ടുത്തരവാദിത്തമുണ്ടെന്നും മൂന്നുപേർ മാത്രം വിചാരണ നേരിട്ടാൽ മതിയെന്ന് പറയുന്നത് ശരിയല്ലെന്നും സിബിഐ വിശദീകരിക്കുന്നു.

ഒരേ വസ്തുതകളുടെ അടിസ്ഥാനത്തിലുള്ള കേസിൽ വിവിധ പ്രതികളോട് വ്യത്യസ്ത നിലപാട് സ്വീകരിച്ച ഹൈക്കോടതി നടപടി അനീതിയാണെന്നാണ് ശിവദാസന്റെയും കസ്തൂരിരംഗ അയ്യരുടെയും വാദം. കരാർ നിലവിൽവന്ന കാലത്ത് വൈദ്യുതി മന്ത്രിയായിരുന്ന ജി. കാർത്തികേയൻ, കെ.എസ്.ഇ.ബി ചെയർമാനായിരുന്ന വി. രാജഗോപാൽ എന്നിവരെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്താതെ ചീഫ് എൻജിനീയറായ തങ്ങളെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയത് അനീതിയാണെന്നും ഇരുവരും ബോധിപ്പിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ മറ്റു പ്രതികളെ കുറ്റമുക്തരാക്കിയതുപോലെ തങ്ങളെയും പ്രതിസ്ഥാനത്തുനിന്ന് ഒഴിവാക്കണമെന്ന് ഹരജിക്കാർ ആവശ്യപ്പെട്ടുന്നു.

വൈദ്യുത വകുപ്പ് മന്ത്രിയായിരിക്കെ, ചെങ്കുളം-പള്ളിവാസൽ- പന്നിയാർ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന് കാനേഡിയൻ കമ്പനിയായ എസ് എൻ സി ലാവലിനുമായി ഉണ്ടാക്കിയ 374 കോടിയുടെ കരാർ സർക്കാരിനും വൈദ്യുത വകുപ്പിനും നഷ്ടമുണ്ടാക്കിയെന്നാണ് കേസ്.