- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളത്തിലെ വോട്ടെടുപ്പ് വിശേഷവും സുപ്രീംകോടതിയിലെ ലാവ്‌ലിൻ കേസും മാറിമാറി കാണിക്കാൻ ചാനലുകൾ ഒരുങ്ങിയിരിക്കെ വീണ്ടും ട്വിസ്റ്റ്; കേസ് മാറ്റി വയ്ക്കണമെന്ന് വീണ്ടും അപേക്ഷ; ഹർജി നൽകിയത് നേരത്തെ കുറ്റവിമുക്തനാക്കിയ എ.ഫ്രാൻസിസ്; കോടതി എന്തുപറയുമെന്ന ആകാംക്ഷയിൽ കേരളം
തിരുവനന്തപുരം: കേരളത്തിലെ തിരഞ്ഞെടുപ്പ് ദിവസമായ ചൊവ്വാഴ്ച സുപ്രീം കോടതി ലാവ്‌ലിൻ കേസ് പരിഗണിക്കാനിരിക്കെ കേസ് മാറ്റിവെക്കണമെന്ന് അപേക്ഷ. ഹൈക്കോടതി നേരത്തെ കുറ്റവിമുക്തനാക്കിയ എ ഫ്രാൻസിസ് ആണ് അപേക്ഷ നൽകിയത്.
കേസിൽ ചില പ്രധാന രേഖകൾ കൂടി സമർപ്പിക്കാനുണ്ടെന്ന് കാണിച്ചാണ് അപേക്ഷ. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സിബിഐ നൽകിയ ഹർജിയും പ്രതിപട്ടികയിലുള്ള കസ്തൂരി രംഗ അടക്കമുള്ളവർ നൽകിയ ഹർജിയുമാണ് സുപ്രിംകോടതി പരിഗണിക്കുന്നത്. ശക്തമായ വാദവുമായി സിബിഐ വന്നാൽ മാത്രമേ ഹർജി നിലനിൽക്കൂവെന്ന് ജസ്റ്റിസ് യുയു ലളിത് സിബിഐയ്ക്ക് മുൻപ് തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു.
മുമ്പ് സിബിഐ സമയം നീട്ടി ചോദിച്ചതിനാലാണ് നിരവധി തവണ കേസിന്റെ വാദം സുപ്രിംകോടതി മാറ്റിവെച്ചത്. ഇക്കാലയളവിൽ കേസ് പരിഗണിക്കുന്ന ഡിവിഷൻ ബെഞ്ചിലും മാറ്റമുണ്ടായിരുന്നു. രണ്ട് തവണ കേസ് പരിഗണിച്ചപ്പോഴും കേസിന് ആവശ്യമായ രേഖകൾ ശേഖരിച്ചുകൊണ്ടിരിക്കുകയാണെന്നും കേസ് മാറ്റി വെയ്ക്കണമെന്നും സിബിഐ കോടതിയോട് ആവശ്യപ്പെടുകയായിരുന്നു.
തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഘട്ടത്തിൽ വലിയ രാഷ്ട്രീയ പ്രത്യാഘാതങ്ങളുണ്ടായേക്കുന്ന കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വി എം സുധീരൻ വാദം എഴുതി നൽകി നൽകിയിരുന്നു. ഗൂഢാലോചനയിൽ പിണറായി വിജയന് പങ്കുണ്ടെന്നും കെഎസ്എഫ്ഇ ജീവനക്കാർക്ക് മേൽ പിണറായി സമ്മർദ്ദം ചെലുത്തിയെന്നുമാണ് വി എം സുധീരന്റെ വാദം.
കേസ് നീട്ടി വെയ്ക്കുന്നതിനെതിരെ കോൺഗ്രസും ബിജെപിയും നേരത്തെ രൂക്ഷവിമർശനമുന്നയിച്ചിരുന്നു. ഒക്ടോബർ എട്ടിന് വാദം കേട്ടപ്പോൾ സിബിഐക്ക് പറയാനുള്ളതെല്ലാം ഒരു കുറിപ്പായി സമർപ്പിക്കണമെന്ന് കോടതി ആവശ്യപ്പെട്ടിരുന്നു. കോടതി നിർദ്ദേശിച്ച കേസിന്റെ വിശദവിവരങ്ങൾ അടങ്ങിയ കുറിപ്പ് സിബിഐ ഇതുവരെ കോടതിക്ക് കൈമാറിയിട്ടില്ലെന്നാണ് വിവരം.
കേസിൽ പിണറായി വിജയൻ ഉൾപ്പെടെയുള്ളവരെ പ്രതിപട്ടികയിൽ നിന്ന് ഒഴിവാക്കിയ നടപടികൾ തെറ്റായിരുന്നുവെന്ന നിലപാടാണ് സിബിഐ കോടതിക്കുമുന്നിൽ സ്വീകരിക്കുന്നത്. 2013ലാണ് കേസിൽ പിണറായി വിജയനെ കോടതി കുറ്റവിമുക്തനാക്കുന്നത്. ഇതിനെതിരെ സിബിഐ സമർപ്പിച്ച അപ്പീൽ 2017 ൽ ഹൈക്കോടതി തള്ളിയിരുന്നു. പിണറായി വിജയൻ, കെ മോഹൻ ചന്ദ്രൻ, എ ഫ്രാൻസിസ് എന്നിവരെ കേസിൽ നിന്നും ഹൈക്കോടതി കുറ്റവിമുക്തരാക്കിയിരുന്നു.
മറുനാടന് മലയാളി ബ്യൂറോ