തിരുവനന്തപുരം: ലോ അക്കാദമി പ്രക്ഷോഭം പിണറായി വിരുദ്ധ സമരമാക്കി മാറ്റാൻ നീക്കം. സിപിഐ(എം) നേതാവും പിണറായി വിജയന്റെ വിശ്വസ്തനുമായ കോലിയക്കോട് കൃഷ്ണൻ നായരുടെ ലോ അക്കാദമി ബന്ധം ആരോപിച്ചാണ് ഇത്. മുഖ്യമന്ത്രി പിണറായി കോലിയക്കോടിനെ രക്ഷിക്കാൻ ശ്രമിക്കുന്നുവെന്നാണ് ആക്ഷേപം. ഇതിന് സിപിഐ മുന്നിട്ടിറങ്ങുന്നുവെന്നത് ഇടത് മുന്നണിയിലും അസ്വാരസ്യങ്ങൾ സൃഷ്ടിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ സമരം ഒത്തുതീർപ്പിലെത്തിക്കാനും എതിരാളികളെ അതേ നിലയിൽ നേരിടാനും തന്നെയാണ് സിപിഎമ്മിന്റെ തീരുമാനം. പാർട്ടി തീരുമാനം സമരത്തിലുള്ള എസ് എഫ് ഐയേയും അറിയിച്ചിട്ടുണ്ട്. ലാവ്ലിൻ കേസ് നടന്നപ്പോഴുള്ളതുപോലെ രാഷ്ട്രീയ-മാദ്ധ്യമസിൻഡിക്കേറ്റ് കൂട്ടുകെട്ട് വീണ്ടും ഉദയം ചെയ്തിട്ടുണ്ടെന്നാണ് സിപിഎമ്മിന്റെ വിലയിരുത്തൽ. ഇവരാണ് പിണറായിയെ കുറ്റപ്പെടുത്താൻ ശ്രമിക്കുന്നതെന്നാണ് സിപിഐ(എം) വിലയിരുത്തൽ.

ലോ അക്കാദമിയെ സ്വാകാര്യ കോളേജായണ് സർക്കാർ കാണുന്നത്. അതുകൊണ്ട് തന്നെ അവിടുത്തെ പ്രശ്‌നങ്ങൾ മാനേജ്‌മെന്റും വിദ്യാർത്ഥികളും ചർച്ച ചെയ്ത് പരിഹരിക്കട്ടേ എന്ന് സർക്കാർ കരുതി. അതുകൊണ്ട് മാത്രമാണ് ആദ്യ ഘട്ടത്തിൽ ഇടപെടൽ നടത്താത്തത്. എന്നാൽ കേരളാ സർവ്വകലാശാല സിൻഡിക്കേറ്റ് ഉപസമിതിയുടെ കണ്ടെത്തലുകൾ ഗൗരവത്തോടെയാണ്. ഇവരുടെ റിപ്പോർട്ട് സർക്കാരിന്റെ കൈയിലുണ്ട്. അതുകൊണ്ട് തന്നെ ഇനി നടപടിയെടുക്കാം. ഇതിലേക്ക് കാര്യങ്ങളെത്തുമ്പോൾ പിണറായി വിജയനെ ആക്രമിക്കുന്നത് രാഷ്ട്രീയ പാപ്പരത്വമാണ്. ഇതിനെ തുറന്നുകാണിക്കാനാണ് സിപിഐ(എം) നീക്കം. എസ് എഫ് ഐയും ഇത് തുറന്നു കാട്ടാനുള്ള മുദ്രാവാക്യം സജീവമാക്കും. സമരത്തെ എതിർക്കുന്നതിനൊപ്പം സമരം ചെയ്യുന്ന മറ്റ് രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ പൊള്ളത്തരം തുറന്നുകാട്ടാനാണ് തീരുമാനം.

ബിജെപി ഒഴികെ ഇപ്പോൾ സമരരംഗത്തുള്ള എല്ലാ കക്ഷികളും ലോ അക്കാദമിക്ക് ഒരുതരത്തിലല്ലെങ്കിൽ മറ്റൊരുവിധത്തിൽ സഹായം നൽകിയിട്ടുള്ളവരാണ്. ഒരുകാലത്തും സിപിഐ(എം). എന്ന പാർട്ടിയോ പിണറായി വിജയനോ ആ സ്ഥാപനത്തിന് ഒരു സഹായവും നൽകിയിട്ടില്ല. ആ സ്ഥാപനത്തിന് സ്ഥലം 30 വർ പാട്ടത്തിന് നൽകിയത് സിപിഐയുടെ കാലത്താണ്. കോലിയക്കോട് കൃഷ്ണൻ നായരുടെ സഹോദരൻ നാരായണൻ നായർ അറിയപ്പെടുന്ന സിപിഐക്കാരനായിരുന്നു. അത് അസൈൻചെയ്തുകൊടുത്തത് 1985ൽ കെ. കരുണാകരന്റെ കാലത്താണ്. അപ്പോൾ തന്നെ ആദ്യം രജിസ്റ്റർ ചെയ്തിരുന്ന സൈാസൈറ്റിയുടെ രൂപം മാറി, അത് കുടുംബട്രസ്റ്റ് ആയിരുന്നു. ആ കോളജിന് വീണ്ടും സർവകലാശാലയുടെ അഫിലിയേഷൻ വീണ്ടും നൽകിയത് 1994ലാണ്. ഇത്തരത്തിൽ കോൺഗ്രസും സിപിഐയുമാണ് ലോ അക്കാദമിക്ക് വേണ്ട എല്ലാ സൗകര്യങ്ങളും വഴിവിട്ട് ചെയ്തുകൊടുത്തത്.

കെ കരുണാകരന്റെ കാലത്താണ് കൂടുതൽ സഹായം നൽകിയത്. എന്നിട്ടും ഇടത് സർക്കാരിനെ കുറ്റം പറഞ്ഞത് കരുണാകരന്റെ മകനും സ്ഥലം എംഎൽഎയുമായ കെ മുരളീധരൻ സമരത്തിന് എത്തുന്നു. ഭൂമി വെറുതെ നൽകിയ സിപിഐയും പിണറായിയെ എല്ലാത്തിനും കുറ്റപ്പെടുത്തുന്നു. ഇതുപോലെത്തന്നെ സമരരംഗത്തുള്ള മറ്റുള്ള രാഷ്ട്രീയകക്ഷികളുടെയും പൊള്ളത്തരം പൊളിച്ചുകാട്ടാൻ സിപിഐ(എം) തയ്യാറെടുക്കുന്നുണ്ട്. എല്ലാ കുറ്റവും ഇപ്പോൾ സിപിഎമ്മിന്റെയും മുഖ്യമന്ത്രിയുൃടേയും തലയിൽ കെട്ടിവയ്ക്കാനുള്ള നീക്കം രാഷ്ട്രീയപാപ്പരത്തം മാത്രമാണ്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഇത്തരത്തിൽ നിരവധി പരാതികൾ അക്കാദമിക്കെതിരെ സർവകലാശാലയ്ക്ക് ലഭിച്ചെങ്കിലും ഒന്നിലും നടപടിയുമെടുത്തില്ല. മാത്രമല്ല, കഴിഞ്ഞ സർക്കാരിനെ നിയന്ത്രിച്ച കെപിസിസി പ്രസിഡന്റും ആഭ്യന്തരമന്ത്രിയുമാണ് ഇപ്പോൾ ഇതിനെതിരെ ശക്തമായ പ്രചരണം നടത്തുന്നത്.

സിപിഐയും ഇക്കാര്യത്തിൽ കടുത്ത കാപട്യമാണ് കാട്ടുന്നത്. സി. അച്യുതമേനോന്റെ കാലത്താണ് ആദ്യമായി പാട്ടം നീട്ടികൊടുത്തത്. അതുപോലെ ആ കോളജിന് വേണ്ട എല്ലാ സഹായവും നൽകിയിരുന്നത് സിപിഐയാണ്. അക്കാദമി ഡയറക്ടറും ലക്ഷ്മിനയാർക്ക് മുമ്പുവരെ പ്രിൻസിപ്പൽ ആയിരിക്കുകയും ചെയ്ത അവരുടെ പിതാവ് നാരായണൻനായർ സിപിഐക്കാരനുമാണ്. മാത്രമല്ല, ഇടതുമുന്നണി അധികാരത്തിലെത്തിയപ്പോഴൊക്കെ റവന്യുവകുപ്പ് സിപിഐക്കായിരുന്നു. അന്നൊന്നും ഒരു വിരൽ പോലും അനക്കാത്തവർ, ഇപ്പോൾ വലിയ ന്യായം പ്രസംഗിക്കുന്നത് പിണറായിയെ ഒതുക്കാൻ വേണ്ടി മാത്രമാണെന്നും സിപിഐ(എം). വിലയിരുത്തുന്നു. വി.എസിന്റെ ലക്ഷ്യവും വീണ്ടും വിഭാഗീയത ആളിക്കത്തിക്കുകയെന്നതാണ്. അഞ്ചുവർഷം അദ്ദേഹം മുഖ്യമന്ത്രിയായിരുന്നപ്പോഴും ഈ സാഹചര്യങ്ങളൊക്കെത്തന്നെയാണ് ആ കോളജിൽ നിലനിന്നിരുന്നത്.

ലോ അക്കാദമിയിലെ പ്രശ്നങ്ങളെ തങ്ങൾ ലഘുവായി കാണുന്നില്ലെന്ന് തന്നെയാണ് സിപിഎമ്മിന്റെ നിലപാട്. അത് പരിഹരിക്കും. വിദ്യാർത്ഥികളുടെ അഭിപ്രായം ന്യായമാണ്. എന്നാൽ ഒരു സ്വകാര്യകോളജ് എന്ന നിലയിൽ സർക്കാരിന് ഇടപെടുന്നതിൽ പരിമിതികളുണ്ട്. അതിനുള്ളിൽ നിന്നുകൊണ്ട് പ്രശ്നം പരിഹരിക്കാനാണ് നീക്കം. അതിനിടയിൽ രാഷ്ട്രീയമുതലെടുപ്പിന് മുന്നണിക്കുള്ളില നിന്നായാലും പുറത്തുനിന്നായാലും നടത്തുന്ന ശ്രമങ്ങൾ ശക്തമായി നേരിടുകതന്നെ ചെയ്യും. ലാവ്ലിൻ കേസ് നടന്നപ്പോഴുള്ളതുപോലെ രാഷ്ട്രീയ-മാദ്ധ്യമസിൻഡിക്കേറ്റ് കൂട്ടുകെട്ട് വീണ്ടും ഉദയം ചെയ്തിട്ടുണ്ടെന്നാണ് സിപിഎമ്മിന്റെ വിലയിരുത്തൽ. എന്നാൽ ഇതിലൊന്നും മുട്ടുകുത്തിക്കാൻ കഴിയില്ലെന്നും അവർ പറയുന്നു.

ബിജെപി ലോ അക്കാദിവിഷയത്തിൽ നടത്തുന്ന സമരത്തിൽ ഒരു ആത്മാർത്ഥതയുമില്ലെന്നും സിപിഐ(എം) ചൂണ്ടിക്കാട്ടുന്നു. ജെ.എൻ.യുവിലും ഹൈദ്രാബാദിലുമുൾപ്പെടെ കേന്ദ്രസർവകലാശാലകളിൽ വിദ്യാർത്ഥികളുടെ അവകാശങ്ങൾ നിഷേധിക്കുകയും അവരെ ജാതിപറഞ്ഞും അല്ലാതെയും അപമാനിക്കുകയും ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്തവരാണ് ഇവിടെ വിദ്യാർത്ഥികൾക്ക് വേണ്ടി സമരരംഗത്ത് വന്നിരിക്കുന്നതെന്നാണ് സിപിഐ(എം) നിലപാട്.