ന്യൂഡൽഹി: ഏകീകൃത സിവിൽകോഡ് നടപ്പാക്കാനുള്ള നീക്കങ്ങളുമായി കേന്ദ്ര സർക്കാർ മുന്നോട്ടുപോകവെ, ലോ കമ്മീഷനുമുന്നിൽ വിലങ്ങുതടിയായി നിൽക്കുന്നത് രണ്ടുകാര്യങ്ങൾ. 80 വർഷം പഴക്കമുള്ള മുസ്ലിം വ്യക്തിനിയമവും വ്യക്തിനിയമം ഉപയോഗിക്കുന്നതിൽ മുസ്ലീങ്ങൾക്ക് സ്വാതന്ത്ര്യം നൽകുന്ന ബോംബെ ഹൈക്കോടതിയുടെ വിധിയുമാണ് സിവിൽ കോഡ് നടപ്പാക്കുന്നതിന്റെ തടസ്സങ്ങൾ.

ബഹുഭാര്യത്വവും വിവാഹ നിയമങ്ങളും ഉൾപ്പെടെയുള്ള കാര്യങ്ങൾ പരാമർശിക്കുന്ന മുസ്ലിം വ്യക്തിനിയമം 1937-ലാണ് നടപ്പിൽവരുന്നത്. ശരിയത്ത് നടപ്പാക്കൽ നിയമം മുസ്ലീങ്ങൾക്ക് ബാധകമാക്കിക്കൊണ്ട് ബോംബെ ഹൈക്കോടതിയിൽ വിധി പ്രഖ്യാപിച്ചത് ഹൈക്കോടതിയിലെ ആദ്യ ചീഫ്ജസ്റ്റിസ് എം.സി.ചഗ്ലയാണ്.

ഈ രണ്ട് തടസ്സങ്ങളും എങ്ങനെ മറികടക്കുമെന്നറിയാൻ വലിയതോതിലുള്ള ചർച്ചകൾ ആവശ്യമുണ്ടെന്ന് ലോ കമ്മീഷൻ ചെയർമാൻ ജസ്റ്റിസ് ബിഎസ് ചൗഹാൻ പറഞ്ഞു. മുസ്ലിം വ്യക്തിനിയമത്തിന്റെ സാധുതയും ഹൈക്കോടതി വിധിയും ഇപ്പോഴത്തെ സാഹചര്യത്തിൽ നിലനിൽക്കുമോ എന്നറിയുന്നതിനാണ് ലോ കമ്മീഷൻ ശ്രമിക്കു്‌നത്.

ഇക്കാര്യം ചർച്ച ചെയ്യുന്നതിന് സർവകക്ഷിയോഗമുൾപ്പെടെയുള്ള സാധ്യതകൾ ആരായുന്നുണ്ട്. ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്നതിനെ കുറിച്ചുള്ള ചർച്ചകൾ സജീവമാക്കി നിർത്താൻ തന്നെയാണ് കേന്ദ്രത്തിന്റെ തീരുമാനം. വ്യക്തിനിയമം സംബന്ധിച്ച് ഇതേവര പുറത്തുവന്നിട്ടുള്ള വിധികളും വിശദാംശങ്ങളും ശേഖരിക്കുകയാണ് ലോ കമ്മീഷൻ.

ഏകീകൃത സിവിൽ കോഡ് നടപ്പാക്കാൻ സർക്കാർ തയ്യാറാണെന്ന് കഴിഞ്ഞ മാസമാണ് കേന്ദ്രം പ്രഖ്യാപിച്ചത്. എന്നാൽ ഇതുമായി ബന്ധപ്പെട്ട എല്ലാവരുമായി ചർച്ച ചെയ്ത ശേഷം മാത്രമാകും സിവിൽ കോഡ് നടപ്പാക്കുക. അതിനുള്ള ചുമതലകളാണ് ലോ കമ്മീഷനെ കേന്ദ്രം ഏൽപിച്ചിട്ടുള്ളത്. പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിൽ ഇരുസഭകളിലും ഏകീകൃത സിവിൽ കോഡ് ചർച്ചയായി ഉയർന്നുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.