മനാമ: രാജ്യത്ത് എയ്ഡ്‌സ് തടയുന്നതിനും എയ്ഡ്‌സ് രോഗികളുടെ അവകാശം സംരക്ഷിക്കുന്നതിനുമായി പുതിയ നിയമം പാസാക്കി. ഇതുസംബന്ധിച്ച ഉത്തരവ് രാജാവ് ഹമദ് ബിൻ ഈസ് ആൽഖലീഫയാണ് പുറപ്പെടുവിച്ചിരിക്കുന്നത്. എയ്ഡ്‌സ് ബാധിച്ചവർക്കോ അല്ലെങ്കിൽ  വൈറസ് ബാധയുണ്ടെന്ന് സംശയിക്കുന്നവർക്കോ ആവശ്യമായ ചികിത്സാസൗകര്യങ്ങൾ ഒരുക്കും.

എയ്ഡ്‌സ് ബാധിതർക്ക് സാധാരണ പൗരന്മാർക്ക് ലഭ്യമാകുന്ന മുഴുവൻ അവകാശങ്ങളും ലഭ്യമായിരിക്കും. എയ്ഡ്‌സ് ബാധിതരോടൊപ്പം അവരുടെ ബന്ധുക്കൾക്ക് താമസിക്കാൻ അവകാശമുണ്ടായിരിക്കും. ഇവരുടെ ചികിത്സ സർക്കാർ ആശുപത്രികളിൽ നിന്ന് ഉറപ്പാക്കും. രോഗബാധിതരായതിന്റെ പേരിൽ ജോലിയിൽ നിന്ന് ആരെയും പിരിച്ചുവിടാനാകില്ല.

എയ്ഡ്‌സ് ബാധിതരെക്കുറിച്ചുള്ള വിവരങ്ങൾ പരസ്യപ്പെടുത്തുന്നതിനും വിലക്കുണ്ട്. മെഡിക്കൽ മേഖലയിൽ പ്രവർത്തിക്കുന്നവർ രോഗവിവരങ്ങൾ രഹസ്യമാക്കി സൂക്ഷിക്കണം. എയ്ഡ്‌സ് രോഗിക്കെതിരെ കേസുണ്ടെങ്കിൽ അയാളുടെ ആവശ്യപ്രകാരം കേസ് രഹസ്യമായി നടത്താൻ ആവശ്യപ്പെടാവുന്നതാണ്. ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ എയ്ഡ്‌സ് ബാധ സ്ഥിരീകരിച്ചാൽ അക്കാര്യം അയാളെ സ്ഥാപനം അറിയിക്കേണ്ടതാണ്. എയ്ഡ്‌സ് പരിശോധിക്കുന്നതിനും ആവശ്യമായ നിർദേശങ്ങൾ നൽകുന്നതിനും രോഗം തടയുന്നതിനുമുള്ള പരിപാടികൾ സംഘടിപ്പിക്കാൻ ആരോഗ്യ മന്ത്രാലയം ബാധ്യസ്ഥമാണ്. രോഗപരിശോധനകൾ നിലവിലുള്ള മാനദണ്ഡമനുസരിച്ചു സൂക്ഷ്മവും സുരക്ഷിതവുമായിരിക്കണം 

അതേസമയം എയ്ഡ്‌സ് രോഗം പകർത്താൻ ശ്രമിക്കുന്നവർക്ക് കടുത്ത ശിക്ഷയും നൽകുമെന്ന് ഉ്ത്തരവിൽ പറയുന്നു. എയ്ഡ്‌സ് പകർത്താൻ ശ്രമിക്കുന്നവർക്ക് ഒരു വർഷത്തിൽ കുറയാത്ത തടവോ 1,000 മുതൽ 20,000 ദിനാർ വരെ പിഴയോ തടവും പിഴയും ഒരുമിച്ചോ ലഭിക്കും. രോഗം പകർത്താൻ നിഗൂഢമാർഗങ്ങൾ അവലംബിച്ചാൽ 10 വർഷത്തിൽ കുറയാത്ത തടവും 10,000 മുതൽ 50,000 വരെ പിഴയും അടയ്‌ക്കേണ്ടിവരും.

എയ്ഡ്‌സ് രോഗികളോടുള്ള പെരുമാറ്റത്തിലും പാലിക്കേണ്ട മാനദണ്ഡങ്ങൾ ഉത്തവിൽ വ്യക്തമാക്കുന്നുണ്ട്. എയ്ഡ്‌സ് രോഗിയോടു മോശമായി പെരുമാറിയാലോ അവരുടെ അവകാശങ്ങൾ ഹനിക്കാൻ ശ്രമിച്ചാലോ ആറുമാസത്തിൽ കുറയാത്ത തടവും 500 ദിനാറിൽ കൂടാത്ത പിഴയും നൽകേണ്ടിവരും. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഉത്തരവിറങ്ങി ഒരുവർഷത്തിനുള്ളിൽ നടപ്പാക്കേണ്ടതാണ്. ഉത്തരവു വന്ന് ഒരു ദിവസത്തിനുള്ളിൽ ഗെസറ്റിൽ പ്രസിദ്ധീകരിക്കണമെന്നും അടുത്ത ദിവസം മുതൽ നിയമം പ്രാബല്യത്തിൽ വരുത്തണമെന്നും ഉത്തരവു വ്യക്തമാക്കുന്നു.