ഞ്ചിനീയറിങ് വിദ്യാർത്ഥികൾക്ക് വിദേശരാജ്യത്തു പ്രവർത്തിപരിചയം ലഭിക്കുവാൻ വേണ്ടി വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ലോകസംഘടനയാണ് ഐഎസ്ടി (IAESTE : The International Association for the Exchange of Students for Technical Experience).
ലോകത്താകമാനമായി പ്രതിവർഷം പതിനായിരത്തിൽ അധികം എഞ്ചിനീയറിങ് വിദ്യാർത്ഥികൾക്ക് തങ്ങളുടെ രാജ്യത്തിന് പുറത്തു പോയി പ്രവർത്തിപരിചയം നേടുവാൻ ഐഎസ്ടി അവസരം ഒരുക്കുന്നുണ്ട്. ലോകത്തിലെ നൂറിലധികം രാജ്യങ്ങളിലെ എഞ്ചിനീയറിങ് വിദ്യാർത്ഥികൾക്കു പങ്കാളിത്തമുള്ള ഈ സംഘടനയുടെ ആസ്ഥാനം യൂറോപ്പിലെ ലക്‌സംബർഗ് എന്ന രാജ്യത്താണ്. ഈ സംഘടനയുടെ എല്ലാ പ്രവർത്തനങ്ങളും വിദ്യാർത്ഥികൾ തന്നെ നേരിട്ടാണ് നടത്തുന്നത് എന്നതാണ് എടുത്ത പറയേണ്ടതായ ഒരു പ്രത്യേകത.

ഐഎസ്ടി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ഈ സംഘടനയിൽ ലോകത്തെ മിക്കവാറും പ്രധാനപ്പെട്ട രാജ്യങ്ങൾ ഉൾപ്പെടെ നൂറിലധികം രാജ്യങ്ങൾ ഇപ്പോൾ അംഗങ്ങൾ ആണ്. അത് കൂടാതെ എല്ലാ വർഷവും ജനുവരിയിൽ നടക്കുന്ന ജനറൽ കോൺഫ്രൻസിൽ പുതിയ പുതിയ രാജ്യങ്ങൾ അംഗത്വത്തിനായി അപേക്ഷിക്കുന്നത് പരിഗണിക്കാറുണ്ട്.ഐഎസ്ടിയുടെ പിറവി രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം, ലോകം എങ്ങും ഉണ്ടായ മാനവികതചിന്താധാരയിൽ നിന്നാണ്. 1948 -ൽ ഇംഗ്ലണ്ടിലെ ഇംപീരിയർ കോളജിൽ ജെയിംസ് ന്യൂബിയുടെ നേതൃത്വത്തിൽ യൂറോപ്പിലെ 10 രാജ്യങ്ങളുടെ പ്രതിനിധികൾ ഒരുമിച്ചു കൂടിയാണ് ഐഎസ്ടി ആരംഭിച്ചത്. ഓർക്കുക, ആ വർഷം തന്നെയാണ് യുണൈറ്റഡ് നേഷ്യൻസും (UN ) പിറവിയെടുത്തത്.

ഐഎസ്ടി വഴിയായിട്ട് ഒരു വർഷം ലോകത്തിലാകമാനമായി പതിനായിരത്തിൽ അധികം വിദ്യാർത്ഥികൾ വിദേശരാജ്യങ്ങളിൽ പോയി തൊഴിൽ പരിശീലനം നേടുന്നുണ്ട്. ഇന്ത്യയിൽ നിന്നും ഇരുന്നൂറിൽ ഏറെ കുട്ടികൾ എല്ലാ വർഷവും ഈ പ്രസ്ഥാനത്തിലൂടെ വിദേശരാജ്യങ്ങളിൽ പോയി ജോലിപരിശീലനം നേടുന്നുണ്ട്. എന്നാൽ ഇന്ത്യയിലേക്ക് അഞ്ഞൂറോളം കുട്ടികൾ പരിശീലനത്തിനായി വരുന്നുണ്ട്. ഐഎസ്ടി ഇന്ത്യയുടെ ആസ്ഥാനം മണിപ്പാൽ യൂണിവേഴ്‌സിറ്റിയിലാണ് സ്ഥിതി ചെയ്യുന്നത്.

ഐഎസ്ടി മുഖാന്തിരം വിദേശത്തു പോയി തൊഴിൽ പരിശീലനം നേടുന്നവർക്ക് താഴെ പറയുന്ന 5 നേട്ടങ്ങൾ പ്രധാനമായും ലഭിക്കുന്നുണ്ട്:-

  1. തങ്ങൾ പഠിക്കുന്ന എഞ്ചിനീയറിങ് വിഭാഗത്തിൽ പരിശീലനം ലഭിക്കുമ്പോൾ തന്നെ അതിനു ശമ്പളവും ലഭിക്കുന്നു.
  2. വളരെ അയവുള്ള (flexible ) സമയക്രമമാണ് കൊടുത്തിരിക്കുന്നത്, ഒരു മാസം മുതൽ 6 മാസം വരെയുള്ള ഇന്റേൺഷിപ് ആണ് ലഭിക്കുന്നത്.
  3. വിദേശത്തുള്ള താമസസൗകര്യങ്ങൾ നൽകുന്നത് അതാത് രാജ്യത്തുള്ള ഐഎസ്ടി യൂണിറ്റുകൾ ആണ്.
  4. വിസായുംവർക്ക് പെർമിറ്റും ഉൾപ്പെടയുള്ള എല്ലാ സഹായങ്ങളും ചെയ്യുന്നത് പ്രാദേശിക ഐഎസ്ടി യൂണിറ്റുകൾ ആണ്.
  5. പരിശീലനത്തിന് ചെല്ലുന്ന രാജ്യത്തുള്ള ഐഎസ്ടി യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ ആ രാജ്യത്തെ കലാസാംസ്‌കാരിക വിഷയങ്ങൾ വിദ്യാർത്ഥികൾക്ക് വിനിമയം ചെയ്യുന്നതോടൊപ്പം അവിടുത്തെ ടൂറിസ്റ്റ് സ്ഥലങ്ങളിലേക്ക് യാത്രയും ക്രമീകരിക്കാറുണ്ട്.

എല്ലാ വർഷവും ജനുവരിമാസം ഐഎസ്ടിയുടെ ആഗോള ജനറൽ കോൺഫറൻസ് നടക്കാറുണ്ട്. ഈ വർഷത്തെ കോൺഫറൻസ് നടക്കുന്നത്, ദക്ഷിണ കൊറിയയിലെ ഇഞ്ചിയോൺ എന്ന സ്ഥലത്താണ് . ജനുവരി മാസം 20 മുതൽ 26 വരെ നടക്കുന്നു, ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ഈ സമ്മേളനം, സംഘടനയുടെ എഴുപതാം ജനറൽ കോൺഫറൻസ് ആണ്. പ്രസ്തുത സമ്മേളനത്തിൽ ഇന്ത്യയെ പ്രതിനിധിക്കരിക്കുന്ന 4 എഞ്ചിനീയറിങ് വിദ്യാർത്ഥികളിൽ ഒരാൾ മുംബൈ മലയാളി ആയ ലൗവിൻ തോമസ് ആണ്. കോയമ്പത്തുർ കാരുണ്യ യൂണിവേഴ്‌സിറ്റിയിലെ മൂന്നാം വർഷ ബയോമെഡിക്കൽ എഞ്ചിനീയറിങ് വിദ്യാർത്ഥിയായ ലൗവിൻ തോമസ് ഐഎസ്ടി ഇന്ത്യയുടെ നാഷണൽ കമ്മറ്റിയംഗവും നാഷണൽ എക്‌സ്‌ചേഞ്ച് അഡ്‌മിനിസ്റ്ററും ആയി പ്രവർത്തിച്ചുവരികയാണ്.കാരുണ്യയൂനിവേഴ്സിറ്റിയിൽ നിന്ന് ആദ്യമായിട്ടാണ് ഒരു വിദ്യാർത്ഥിക്ക് ഐഎസ്ടിയുടെ ആഗോളസമ്മേളനത്തിനു പങ്കെടുക്കുവാൻ അവസരം ലഭിക്കുന്നത്.

ഈ ലേഖകന്റെ പുത്രനാണ് ലൗവിൻ തോമസ്. അദ്ധ്യാപികയായ ഷേർളി തോമസ് മാതാവും, എഞ്ചിനീയറിങ് ബിരുദധാരിയായ പ്രത്യാശ് തോമസ് സഹോദരനും ആണ്.

ഈ ലേഖനം അവസാനിപ്പിക്കുന്നതിന് മുമ്പ് ഒരു കാര്യം കൂടി പറയുവാൻ ആഗ്രഹിക്കുന്നു . പൊതുവെ വിദ്യാഭ്യാസവിഷയത്തിൽ കേരളം മുൻപന്തിയിൽ ആണ്. എന്നാൽ ഉന്നതവിദ്യാഭ്യാസകാര്യത്തിൽ നമുക്ക് അത്ര വലുതായൊന്നും അഭിമാനിക്കുവാൻ ഇല്ല.ആ വിഷയത്തിൽ, മറ്റു പല സംസ്ഥാനത്തു നിന്നുള്ളവർ നമ്മെക്കാൾ വളരെ മുമ്പിൽ ആണ്. പ്രത്യേകിച്ചു, വിദേശത്തു പോയി ഉപരിപഠനം നടത്തുന്നതിൽ നാം വളരെ പിന്നിലാണ്. കേരളീയർ അത്ര ബഹുമാനിക്കാത്ത തെലുങ്കരും തമിഴരും വിദേശയൂണിവേഴ്‌സിറ്റിയിൽ പോയി പഠിക്കുന്നതിനു വലിയ പ്രാധാന്യം കൊടുക്കുന്നതായി അറിയാം. ഇനിയും ഐഎസ്ടി വിഷയത്തിലേക്കു വരാം; കേരളത്തിലെ കോളജുകളിൽ ഐഎസ്ടിക്കു കാര്യമായ യാതൊരു പ്രാധാന്യവും കൊടുക്കുന്നില്ല. മൊത്തം കേരളം എടുത്താൽ കൊച്ചിയിലുള്ള രാജഗിരി കോളജ് മാത്രമെ ഐഎസ്ടിയു മായി സഹകരിക്കുന്നുള്ളു . അതുകൊണ്ടു കേരളത്തിലെ എഞ്ചിനീയറിങ് വിദ്യാർത്ഥികൾക്ക് വിദേശത്തു പോയി ഇന്റേൺഷിപ് ചെയ്യുവാനുള്ള സുവർണ്ണാവസരങ്ങൾ നഷ്ടപ്പെടുകയാണ്. ഈ അവസ്ഥക്കു മാറ്റം വരണം, അതിനു താല്പര്യം ഉള്ള എഞ്ചിനീയറിങ് വിദ്യാർത്ഥികൾ ഐഎസ്ടിഇന്ത്യയുമായി സഹകരിച്ചു വേണ്ടത് ചെയ്യണം. ഐഎസ്ടിയുടെ വെബ്സൈറ്റികളിൽ നിന്നും കൂടുതൽ വിവരങ്ങൾ കിട്ടും (www.iaeste.org, http://www.iaeste.in/)