ന്യായം മാദ്ധ്യമപ്രവർത്തകരുടെ ഭാഗത്ത് തന്നെ ആകട്ടെ എന്ന് ആഗ്രഹിക്കുന്നു. അതിന് കാരണം മറ്റൊന്നുമല്ല, ജനാധിപത്യത്തിന്റെ നാലാം തൂണ് മറ്റ് തൂണുകളെക്കാൾ ജനങ്ങൾ ആശയും ആശ്രയവും ഒപ്പം വിശ്വാസവും അർപ്പിക്കേണ്ട ഇടം എന്നതുകൊണ്ട് തന്നെ. അഭിഭാഷക Vs മാദ്ധ്യമപ്രവർത്തക തർക്ക തുടക്കവും ഒടുക്കവും അവിടെ നിൽക്കട്ടെ. അഭിഭാഷകർക്ക് അടി കിട്ടിയ വാർത്തയും ചിത്രവും എത്ര മാദ്ധ്യമങ്ങൾ നൽകി. ഇന്നലെ ഒരു അഡ്വ.ശ്രീകൃഷ്ണകുമാരിക്ക് അടികിട്ടി രക്തത്തിൽ കുതിർന്ന് കിടക്കുന്ന ചിത്രം സാമൂഹിക മാദ്ധ്യമങ്ങളിൽ കണ്ടു. അത് ശരിയെങ്കിൽ എന്തുകൊണ്ട് പത്രങ്ങളിലും ടിവി യിലും കാണുന്നില്ല. മാദ്ധ്യമപ്രവർത്തകരോ മാദ്ധ്യമങ്ങളോ ഒരു പക്ഷത്ത് വരുന്ന വാർത്തകളുടെ നിജസ്ഥിതി അറിയാൻ പൊതുജനം എന്തിനെ ആശ്രയിക്കണം?

സംഭവത്തിന്റെ നേർസാക്ഷികൾ എന്ന് കരുതാവുന്ന ഒന്നിലധികം മാദ്ധ്യമപ്രവർത്തകർ ഫേസ്‌ബുക്കിൽ തന്നെ എഴുതിയത്. ഞങ്ങളോട് കളിച്ചാൽ തിരിച്ചടിക്കും, നന്നായി തന്നെ എന്ന ധ്വനിയിൽ വ്യക്തമായാണ്. അപ്പോൾ അങ്ങോട്ടും അടിച്ചു എന്ന് വക്കീലുമാർ മാത്രമല്ല അടി കൊടുത്ത മാദ്ധ്യമപ്രവർത്തകരും സമ്മതിക്കുന്നു. അങ്ങനെയുള്ളപ്പോൾ ഇത് വരെ പത്ര / ടെലിവിഷൻ ന്യൂസ് ചാനലുകളിൽ വന്നത് ഒരു പക്ഷം പിടിച്ചുള്ളതാണന്നത് അവർ തന്നെ സമ്മതിക്കാതിരിക്കില്ല ന്യായമായും. ഇല്ലെങ്കിൽ ഫേസ്‌ബുക്കിൽ ഒക്കെ എഴുതിയത് തെറ്റാണന്ന് സമ്മതിച്ച് നമ്മൾ സമാധാന മാടപ്രാവുകൾ ആണെന്ന് തിരുത്തെഴുതേണ്ടി വരും. അടികൊണ്ടാൽ മറുകരണം കാണിക്കണം എന്ന ഗാന്ധികാലത്ത് അല്ല മറിച്ച് തിരിച്ചടിക്കാതെ തരമില്ല എന്ന വർത്തമാന കാലത്തിലാണന്നത് സമ്മതിക്കുന്നു. അഹിംസയെ കുറിച്ച് ആജന്മം മന്ത്രമുരുവിടുന്ന ബുദ്ധഭിക്ഷു പോലും സഹനീയപരിധി കഴിഞ്ഞാൽ കയ്യെത്തും ദൂരത്തുള്ള ബുദ്ധപ്രതിമ തന്നെ എടുത്ത് അടിച്ചെന്ന് വരും. അത് നിലനില്പിന്റെ തന്ത്രം, അതിജീവനത്തിന്റേയും. പറഞ്ഞ് വരുന്നത് മാദ്ധ്യമപ്രവർത്തകരുടെ തിരിച്ചടി തെറ്റില്ല, അതിനൊപ്പവും ആളുണ്ട് എന്നാണ്. എന്നാൽ ആ ഭാഗം വാർത്തയിലോ ചിത്രത്തിലോ കാണുന്നില്ല എന്നിടത്ത് മാദ്ധ്യമങ്ങൾ സ്വന്തം ഇടത്തെ കൃത്യമായ പൊതുബോധം സൃഷ്ടിക്കുക എന്ന മുൻവിധിയോടെ ദുരുപയോഗിക്കുക എന്നതിന്റെ സൂചന ആണ്.സാധാരണയായി അടിപിടി / തർക്ക ഉരസൽ വാർത്തയിൽ കാണാറുള്ളത് ഇവരുടെ വേർഷൻ, അവരുടെ വേർഷൻ, പൊലിസ് വേഷൻ എന്നിങ്ങനെ വ്യക്തമായി ഖണ്ഡിക തിരിച്ചാണല്ലോ? ഇവിടെ എന്തേ അങ്ങനെ വാർത്ത വരുന്നില്ല.

ഒരു കാര്യം ഉറപ്പാണ് സാമാന്യജനത്തിന് വാർത്ത എത്തുന്ന വഴി വളരെ കൃത്യമായി പക്ഷം പിടിച്ചാൽ ചോരുന്നത് വിശ്വാസ്യത തന്നെ ആകും, അതിനോട് എത്ര തർക്കിച്ചിട്ടും കാര്യമില്ല തന്നെ.
ചില മാദ്ധ്യമപ്രവർത്തകർ എഴുതിക്കണ്ടത് അഭിഭാഷകരിൽ നല്ലൊരു ശതമാനം വ്യാജന്മാരാണന്നത്. അത് ഡോക്ടർമാരിൽ ഇല്ലേ? എഞ്ചിനീയർമാരിൽ ഇല്ലേ. കള്ള നാണയങ്ങൾ എല്ലാ തൊഴിൽ മേഖലയിലും വ്യാപകം. ഇനി ഇവിടെ നിങ്ങൾ പിൻ പോയിന്റ് ചെയ്യുന്ന അക്രമികൾ ആയ അഭിഭാഷകർ സർക്കാർ ലോ കോളെജിൽ നിന്ന് മികച്ച നിലയിൽ ബിരുദം എടുത്തവർ ആകാനുള്ള സാധ്യതയും അങ്ങനെയങ്ങ് തള്ളിക്കളയാൻ ആകില്ലല്ലോ. അപ്പോൾ കറുത്ത കോട്ടിട്ട ചെന്നായ്ക്കൾ, കള്ളബിരുദം, അയൽ സംസ്ഥാന ബിരുദം എന്നതൊക്കെ വസ്തുതാപരമായി ശരിയായാൽ പോലും ഇവിടുത്തെ വിഷയത്തിൽ ന്യായവാദമുന ആകില്ല. നാലാം ലിംഗം എന്നെഴുതിയ ആ വക്കിലിനെ വേണമെങ്കിൽ കണ്ടുപിടിച്ച് കുറ്റവിചാരണ ചെയ്യേണ്ടത് അനിവാര്യവും എന്നതിൽ തർക്കമില്ല, അതെഴുതിയ ആൾ പഠിച്ച സാഹചര്യത്തിന് എന്തോ അപകടകരമായ പ്രശ്‌നം ഉണ്ട് എന്നത് സാമാന്യമായി തന്നെ നാമെല്ലാം സമ്മതിക്കും. പക്ഷെ അതിന് കോട്ടിട്ട ചെന്നായ്ക്കൾ എന്ന കാടടച്ച പ്രയോഗം ദഹിക്കുന്നില്ല.

വിരാമതിലകം : ഈ വിഷയത്തിൽ വ്യക്തിപരമായി മാദ്ധ്യമപ്രവർത്തകർക്ക് ഒപ്പമാണ്. എന്നാൽ മാദ്ധ്യമം എന്ന നിലയിൽ അവരുടെ സ്ഥാപനങ്ങൾ നിലവിലെ തർക്കത്തിലെ മറു കക്ഷിയായ അഭിഭാഷക സമൂഹത്തിന് ചെറുതായെങ്കിലും ഇടം കൊടുക്കണമെന്ന് വിശ്വസിക്കുന്നു. അത് മാദ്ധ്യമം ചെയ്യുന്നില്ല എന്നത് ദൗർഭാഗ്യകരം. വാർത്താ തുലനം ചെയ്യാനല്ല, മറിച്ച് ഉൾപ്പെട്ടവർ അർഹിക്കുന്ന സാമാന്യനീതിക്കാണ്. ഇക്കാര്യം സൂചിപ്പിക്കാൻ ഉള്ള എഴുത്ത് മാത്രമായി എടുക്കുക.