കൊച്ചി: മാധ്യമപ്രവർത്തകരും അഭിഭാഷകരും തമ്മിലുള്ള പ്രശ്‌നങ്ങൾ ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും ചൂടുപിടിക്കുന്നു. മാദ്ധ്യമപ്രവർത്തകർക്കെതിരെ കോടതിയലക്ഷ്യത്തിന് കേസെടുക്കണമെന്നാവിശ്യപ്പെട്ട് ഒരു അഭിഭാഷകനാണ് കോടതിയെ സമീപിച്ചിരിക്കുന്നത്. കേരളാ ഹൈക്കോടതിക്കു മുന്നിൽ നടന്ന പ്രകടനത്തിന്റെ പേരിൽ നാലു മാദ്ധ്യമപ്രവർത്തകർക്കെതിരെയാണ് കോടതിയലക്ഷ്യത്തിന് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് ഹൈക്കോടതിയിൽ ഹർജി നൽകിയിരിക്കുന്നത്. ഏഷ്യാനെറ്റ് ന്യൂസ്, റിപ്പോർട്ടർ, ജയ്ഹിന്ദ് എന്നീ ചാനലുകളിലെ മാദ്ധ്യമപ്രവർത്തകർക്കെതിരെയാണ് കോടതിയിൽ ഹർജി നൽകിയിരിക്കുന്നത്.റിപ്പോർട്ടർ ചാനലിലെ വിൽസൻ വടക്കുഞ്ചേരി, എറണാകുളം പ്രസ് ക്ലബ് പ്രസിഡന്റ് രവികുമാർ, ജയ്ഹിന്ദ് വീഡിയോ എഡിറ്റർ പ്രവീൺ കുമാർ, ഏഷ്യാനെറ്റ് ന്യൂസ് കൊച്ചി ബ്യൂറോ ചീഫ് സലാം പി ഹൈദ്രോസ് എന്നീ മാദ്ധ്യമപ്രവർത്തകർക്കെതിരെയാണ് നടപടി ആവശ്യം ഉയർന്നത്.

മാദ്ധ്യമപ്രവർത്തകരും അഭിഭാഷകരും തമ്മിലുള്ള പ്രശ്‌നങ്ങൾ തുടങ്ങുന്നത് കഴിഞ്ഞ മാസം 20നാണ്. ധനേഷ് മാത്യു മാഞ്ഞൂരാൻ എന്ന ഗവൺമെന്റ് പ്ലീഡർ യുവതിയോട് അപമര്യാദയായി പെരുമാറിയത് സംബന്ധിച്ച് റിപ്പോർട്ട് ചെയ്യാനെത്തിയതിനാണ് ഇരു വിഭാഗവും തമ്മിൽ അന്ന് വാക്കേറ്റവും പിന്നീട് ഉന്തലും തള്ളലും വരെ നടന്നിരുന്നു. പിന്നീട് ഇതിന്റെ തുടർച്ചയെന്നോണം തിരുവനന്തപുരം വഞ്ചിയൂർ ജില്ലാ കോടതിയിൽ തെരുവ് യുദ്ധത്തിന് സമാനമായ സംഭവങ്ങളാണ് മാദ്ധ്യമപ്രവർത്തകരും അഭിഭാഷകരും തമ്മിൽ ഉണ്ടായത്. മാദ്ധ്യമ പ്രവർത്തകർക്ക് കോടതിക്കുള്ളിൽ പ്രവേശനംനിരോധിക്കുകയും നാലാംലിംഗക്കാർക്ക് പ്രവേശനമില്ലെന്ന ബോർഡ് സ്ഥാപിക്കുകയും ചെയ്തിരുന്നു. കോഴിക്കോട് ജില്ലാ കോടതിയിൽ റിപ്പോർട്ടിങ്ങിനെത്തിയ ഏഷ്യാനെറ്റ് ന്യൂസ് സംഘത്തെ പൊലീസ് കോടതിയിൽ പ്രവേശിപ്പിക്കാതെ അറസ്റ്റ് ചെയ്ത് നീക്കിയതും പിന്നീട് എസ്‌ഐക്ക് സസ്‌പെൻഷൻ കിട്ടുന്നത് വരെയും എത്തിയിരുന്നു കാര്യങ്ങൾ

ഹൈക്കോടതി അഭിഭാഷകൻ ജെ എസ് അജിത് കുമാറാണ് പരാതി സമർപ്പിച്ചിരിക്കുന്നത്.മാദ്ധ്യമപ്രവർത്തകർക്കെതിരെ കോടതിയലക്ഷ്യനിയമം 10, 11 വകുപ്പുകൾ പ്രകാരം നടപടിയെടുക്കണമെന്നാണ് ഹർജിക്കാരന്റെ ആവശ്യം. കോടതിക്കു മുന്നിൽ നിയമവിരുദ്ധമായി തടിച്ചുകൂടിയവരെ നീക്കം ചെയ്യാതെ കാഴ്ചക്കാരായി നോക്കിനിന്നുവെന്നും അതുവഴി രഹസ്യമായി മാദ്ധ്യമപ്രവർത്തകരുടെ നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ പങ്കാളികളായി എന്നുമാണ് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെയുള്ള ആക്ഷേപം.ആറു മാസം തടവും പിഴയുമാണ് കോടതിയലക്ഷ്യം തെളിഞ്ഞാൽ ശിക്ഷ.മാദ്ധ്യമപ്രവർത്തകർക്കു പുറമെ എറണാകുളം സെൻട്രൽ സ്റ്റേഷൻ സിഐ ജി ഡി വിജയകുമാർ, നോർത്ത് സിഐ നിസാമുദ്ദീൻ, സൗത്ത് സിഐ സിബി ടോം എന്നിവരും പ്രതിപ്പട്ടികയിലുണ്ട്.

അഡ്വ. ആർ രാംകുമാറാണ് ഹർജിക്കാരനു വേണ്ടി ഹാജരാവുന്നത്.തിങ്കളാഴ്ച കേസ് പരിഗണിക്കുമ്പോൾ പൊലീസ് ഉദ്യോഗസ്ഥന്മാർക്കുവേണ്ടി അഡീഷണൽ എജി ഹാജരാകും. ചീഫ് സെക്രട്ടറിയെയും ആഭ്യന്തര സെക്രട്ടറിയെയും കേസിൽ കക്ഷി ചേർത്തിട്ടുണ്ട്.കോഴിക്കോട് സംഭവത്തിലെ പ്രധാനിയായിരുന്ന ടൗൺ എസ്‌ഐ വിമോദിനായി കോടതിയിൽ സൗജന്യമായി ഹാജരാുകയായിരുന്നു. കേന്ദ്രവും മുഖ്യനുമൊക്കെ ഇടപെട്ട് പലതവണ അനുരഞ്ജന ശ്രമം നടത്തിയെങ്കിലും അപ്പോൾ അടങ്ങിയിരിക്കുകയും പിന്നീട് വീണ്ടും പ്രശ്‌നങ്ങൾ ഉണ്ടാവുകയായിരുന്നു.

ഇപ്പോൾ ഇതിലെല്ലാമധികം ചർച്ചയാകുന്നത് മാദ്ധ്യമപ്രവർത്തകർക്ക് വേണ്ടി ആരായിരിക്കും കോടതിയിൽ ഹാജരാവുക എന്നതാണ്. നേരത്തെ സംഭവങ്ങൾക്ക് തുടക്കമായപ്പോൾ തന്നെ മാദ്ധ്യമപ്രവർത്തകരെ ന്യായീകരിച്ച് ഒരു വിഭാഗം അഭിഭാഷകർ രംഗതെത്തിയിരുന്നു. അഡ്വക്കേറ്റ് കാളീശ്വരം രാജ്, ജയശങ്കർ തുടങ്ങിയവർ അഭിഭാഷകർക്ക് അനുകൂല നിലപാട് സ്വീകരിച്ചിരുന്നു. ഇരു കൂട്ടരുടേയും ഈഗോ തന്നെയാണ് പ്രശ്‌നങ്ങൾ വഷളാക്കിയതെന്ന നിഷ്പക്, അഭിപ്രായവും ഇതിനിടയ്ക്ക് വന്നിരുന്നു. എന്തായാലും വിഷയം നോക്കാതെ തങ്ങൾക്ക് ലഭിക്കുന്ന കേസുകൾ വാദിക്കാൻ തീരുമാനമെടുത്ത അഭിഭാഷകരുമുണ്ട്. കക്ഷികൾ ആരാണെന്ന് നോക്കേണ്ട കാര്യമില്ലെന്നും കേസുകൾ ലഭിച്ചാൽ വാദിക്കാവുന്നതാണെന്നും മാദ്ധ്യമപ്രവർത്തകരോട് തൊട്ട്കൂടായ്മ ഇല്ലെന്ന നിലപാടുള്ള അഭിഭാഷകരും കുറവല്ല.