സാൻ ഫ്രാൻസിസ്‌ക്കോ: പ്രമുഖ ഐടി കമ്പനിയായ സിസ്‌കോയും കൂട്ടപ്പിരിച്ചുവിടലിൽ. കമ്പനി 5500 ജീവനക്കാരെ ഉടൻ തന്നെ പിരിച്ചുവിടുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു കഴിഞ്ഞു. രണ്ടു വർഷത്തിനുള്ളിൽ ഒരു കമ്പനി നടത്തുന്ന രണ്ടാമത്തെ വലിയ കൂട്ടപ്പിരിച്ചുവിടലാണിത്. 2014-ൽ കാലിഫോർണിയ ആസ്ഥാനമായ ദ സാൻ ജോസ് കമ്പനി ആറായിരത്തോളം ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. അതിനു ശേഷം സിസ്‌കോ കമ്പനിയാണ് ഇത്രയുമധികം ജീവനക്കാരെ ഒരുമിച്ച് പിരിച്ചുവിടാൻ തീരുമാനിച്ചിരിക്കുന്നത്.

സാങ്കേതികതയിലുണ്ടായ മാറ്റങ്ങൾ മൂലം ഈ രംഗത്ത് പിടിച്ച് നിൽക്കാനാകാത്തതിനാലാണ് ഈ പിന്മാറ്റം. ലോകമെമ്പാടുമുള്ള തങ്ങളുടെ വർക്ക് ഫോഴ്‌സിൽ ഏഴു ശതമാനം വെട്ടിക്കുറയ്ക്കുമെന്നാണ് കമ്പനി അധികൃതർ വെളിപ്പെടുത്തിയിരിക്കുന്നത്.
സിസ്‌കോ മാത്രമല്ല ജീവനക്കാരെ പറഞ്ഞുവിട്ട് ചെലവു ചുരുക്കൽ നടപടി സ്വീകരിക്കുന്ന ഐടി കമ്പനി.
ഇന്റൽ തങ്ങളുടെ 12000 തൊഴിലാളികളെ പിരിച്ച് വിടുന്നതായി ഏപ്രിലിൽ പ്രഖ്യാപിച്ചിരുന്നു. ഡെൽ പതിനായിരം തൊഴിലാളികളെയും പിരിച്ച് വിട്ടു. ഡേറ്റ സ്റ്റോറേജ് കമ്പനി ഇഎംസി കോർപ്പുമായി 67 ബില്യൻ ഡോളറിന്റെ കരാറിലേർപ്പെട്ടതോടെ ഇനിയും കമ്പനി ജീവനക്കാരെ വെട്ടിക്കുറയ്ക്കുമെന്നാണ് സൂചന. ഒറക്കിലും ഡെല്ലും ഇനി കൂടുതൽ പേരെ പിരിച്ചുവിടുമെന്ന് പറയപ്പെടുന്നുണ്ട്.