- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലയയുടെ കരച്ചിൽ, മാധ്യമങ്ങൾക്കു വേണ്ടിയുള്ള നാടകമായിരുന്നെന്നും ലയ കോൺഗ്രസ് അനുഭാവിയാണെന്നുമാണു മുഖ്യ പ്രചാരണം! സെക്രട്ടറിയേറ്റ് സമരത്തെ തകർക്കാനും നടക്കുന്നത് ഡൽഹിയിലെ കർഷക സമരത്തെ പൊളിക്കാനുള്ള 'മോദി മോഡൽ'! ലയാ രാജേഷ് സൈബർ ആക്രമത്തിന്റെ ഇരയായി മാറുമ്പോൾ
തിരുവനന്തപുരം: ഡൽഹി അതിർത്തിയിലെ കർഷക സമരത്തെ നേരിടാൻ മോദി അനുകൂലികൾ നടത്തുന്നതിന് സമാനമായ സൈബർ ആക്രമണവും ഇടപെടലുമാണ് സിപിഎമ്മും നടത്തുന്നത്. 'അവർ (സെക്രട്ടേറിയറ്റിനു മുന്നിൽ സമരം നടത്തുന്ന ഉദ്യോഗാർഥികൾ) അവിടെ ഇരിക്കുന്നത് എന്തിനാണെന്ന് അവരോടു പോയി ചോദിക്കണം. എല്ലാവർക്കും ജോലി നൽകുക എന്നതാണു സർക്കാർ നയം. ഇപ്പോൾ താൽക്കാലികക്കാരെ സ്ഥിരപ്പെടുത്തുന്നതൊന്നും പിഎസ്‌സി തസ്തികകളിലല്ല. അതു മനസ്സിലാക്കാതെയാണ് അനാവശ്യമായ വിവാദം.'-വിവാദത്തോട് മന്ത്രി ഇപി ജയരാജന്റെ പ്രതികരണം അതി രൂക്ഷമായിരുന്നു. എങ്ങനേയും സമരത്തെ തകർക്കാനുള്ള നീക്കം സൈബർ ഇടത്തിൽ സിപിഎം തുടരുകയാണ്.
സമര വേദിയിൽ പൊട്ടിക്കരഞ്ഞ ലയ രാജേഷിനെതിരെ ഇടത് അനുഭാവികളുടെ സൈബർ ആക്രമണം ഇതിന്റെ ഭാഗമാണ്. ലയയുടെ കരച്ചിൽ, മാധ്യമങ്ങൾക്കു വേണ്ടിയുള്ള നാടകമായിരുന്നെന്നും ലയ കോൺഗ്രസ് അനുഭാവിയാണെന്നുമാണു മുഖ്യ പ്രചാരണം. സമരം മാധ്യമങ്ങൾക്കായുള്ള നാടകമായിരുന്നെന്ന വാദവുമായി പാർട്ടി പത്രവും വാർത്ത പ്രസിദ്ധീകരിച്ചു. ഇതേ ആക്ഷേപം മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിയും ഉന്നയിച്ചു. 'കണ്ണീർനാടകം' എന്നായിരുന്നു വിശേഷണം. രണ്ട് കൊല്ലം കൊണ്ട് പെൻഷൻ വാങ്ങുന്ന ഖജനാവ് കൊള്ളയുടെ ഭാഗമാകുന്നവരാണ് ഈ വിമർശനങ്ങൾക്ക് നേതൃത്വം നൽകുന്നത്. ഇതിനിടെ ധനമന്ത്രി തോമസ് ഐസക് പറഞ്ഞതും സമരക്കാർക്ക് എതിരായി. പ്രതിപക്ഷമാണ് സമരത്തിന് പിന്നിലെന്ന് സമർത്ഥിക്കാനായിരുന്നു ഐസക്കിന്റെ നീക്കം. ഇതിലും പ്രതിഷേധം ശക്തമാണ്.
'പിഎസ്‌സി ലിസ്റ്റിൽ വന്നവർക്കൊക്കെ തൊഴിലിന് അവകാശമുണ്ടെന്നു പറഞ്ഞ് അതിന്റെ അടിസ്ഥാനത്തിൽ സമരവും ബഹളവും ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണ്. പ്രതിപക്ഷത്തിന്റെ പ്രസ്താവനകളിൽനിന്ന് അവരാണ് ഇതിനു പിന്നിലെന്നു വ്യക്തമാണ്. ലിസ്റ്റിലുള്ള എല്ലാവരെയും നിയമിക്കാൻ ഒരു കാരണവശാലും സർക്കാരിനു കഴിയില്ല. എന്നാൽ കേരളത്തിലെ 20 ലക്ഷം അഭ്യസ്തവിദ്യർക്ക് ഏതാണ്ടു സർക്കാർ ശമ്പളത്തോളം വരുന്ന ജോലി നൽകാനുള്ള കൃത്യമായ പരിപാടി സർക്കാർ മുന്നോട്ടു വച്ചിരിക്കുകയാണ്. ഇതൊന്നും മനസ്സിലാക്കാതെയാണു സമരം.'-ഇതായിരുന്നു ഐസക്കിന്റെ പ്രസ്താവന. ഇതിനെ പ്രതിപക്ഷവും കടന്നാക്രമിച്ചു.
'ഭരണം തലയ്ക്കു പിടിച്ചതു കൊണ്ടാണു മന്ത്രി തോമസ് ഐസക്കിനു സമരങ്ങളോടു പുച്ഛവും അലർജിയും തോന്നുന്നത്. സമരം ചെയ്യുന്നതു ബോധപൂർവമെന്നും അവരെ യുഡിഎഫ് ഇളക്കിവിടുന്നതാണെന്നുമുള്ള അദ്ദേഹത്തിന്റെ നിലപാട് കമ്യൂണിസ്റ്റ് മന്ത്രിക്കു ചേർന്നതല്ല. സമരജീവികളെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയും തോമസ് ഐസക്കിന്റെ നിലപാടും തമ്മിൽ വ്യത്യാസമില്ല. ഉദ്യോഗാർഥികൾക്കു നീതി കിട്ടും വരെ ആ സമരത്തെ യുഡിഎഫ് പിന്തുണയ്ക്കും.'-ഇതായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രഖ്യാപനം.
ശബരിമലയുടെ പേരിലുള്ള മുതലെടുപ്പ് തന്ത്രം പാളിയതാണ് പിഎസ്‌സി റാങ്ക് ലിസ്റ്റിന്റെ പേരിലുള്ള യുഡിഎഫ് രാഷ്ട്രീയ നീക്കത്തിനു കാരണമെന്നാണ് സിപിഎം പ്രചരിപ്പിക്കാൻ ശ്രമിക്കുന്നത്. ഏഴുമാസംമുമ്പ് റദ്ദായ പൊലീസ് കോൺസ്റ്റബിൾ റാങ്ക് ലിസ്റ്റും ആറു മാസം കൂടി പ്രാബല്യമുള്ള ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റും ഉയർത്തിയാണ് മണ്ണെണ്ണ ഒഴിച്ചുള്ള ആത്മാഹുതി സമരമുറവരെ യുഡിഎഫ് നേതൃത്വം ആസൂത്രണം ചെയ്തത്. പിഎസ്‌സിയുടെ ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റിന് 2021 ഓഗസ്റ്റ് 31 വരെ പ്രാബല്യമുണ്ട്. ജില്ലാ അടിസ്ഥാനത്തിലുള്ള ഈ ലിസ്റ്റിൽനിന്ന് ഇപ്പോഴും പിഎസ്‌സി നിയമന ശുപാർശ നൽകുന്നുമുണ്ട്. അതേസമയം 2020 ജൂൺ 20ന് കാലാവധി തീർന്ന പൊലീസ് റാങ്ക് ലിസ്റ്റിൽനിന്ന് 2021 ഡിസംബർവരെയുള്ള ഒഴിവ് മുൻകൂട്ടി കണക്കാക്കി നിയമനം നടത്തി. ഇതെല്ലാം മറച്ചുപിടിച്ചാണ് യുഡിഎഫ് പിന്തുണയോടെ നടക്കുന്ന സമര പ്രഹസനം.
സെക്രട്ടറിയറ്റിനു മുന്നിൽ തിങ്കളാഴ്ച 'കണ്ണീർ നാടകം' കളിച്ച ലയ രാജേഷ് കോൺഗ്രസിന്റെ സജീവ പ്രവർത്തകയാണെന്ന് വരുത്താനാണ് നീക്കം. പിഎസ്‌സി ലാസ്റ്റ് ഗ്രേഡ് റാങ്ക് ഹോൾഡേഴ്സ് സെക്രട്ടറിയറ്റിനു മുന്നിൽ നടത്തുന്ന രാഷ്ട്രീയ പ്രേരിത സമരത്തിനിടെ കൂട്ടുകാരിയുടെ ചുമരിൽ ചാരി പൊട്ടിക്കരയുന്ന ലയ രാജേഷിന്റെ ചിത്രം പ്രചരിച്ചിരുന്നെങ്കിലും 'കണ്ണീർ കഥ' തയ്യാറാക്കാൻ ഒരുക്കിയ 'സെറ്റ്' സമൂഹ്യമാധ്യമങ്ങളിൽ വന്നതോടെ പൊളിഞ്ഞുവെന്നാണ് സൈബർ സഖാക്കളുടെ പ്രചരണം. പല ഫോട്ടോകളും ട്രോളുകളും ഇതിനായി സജീവമാക്കുന്നു. എന്നാൽ ഇതിൽ പതറില്ലെന്ന് ലയ പറയുന്നു.
തൃശൂർ അരണാട്ടുകര സ്വദേശിയായ ലയ വർഷങ്ങളായി കോൺഗ്രസിന്റെ സജീവ പ്രവർത്തകയാണ്. കെപിസിസി സെക്രട്ടറി എ പ്രസാദിനൊപ്പം കോൺഗ്രസിന്റെ പതാക ഷാളാക്കി അണിഞ്ഞു നിൽക്കുന്ന ചിത്രം ഇതിനോടകം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. തൃശൂർ കോർപറേഷൻ 54-ാം ഡിവിഷനിൽ കോൺഗ്രസിനുവേണ്ടി എഡിഎസ് ചെയർപേഴ്സൺ സ്ഥാനാർത്ഥിയായി മത്സരിച്ച് ജയിച്ചിരുന്നു. സിഡിഎസ് ചെയർപേഴ്സൺ സ്ഥാനത്തേക്ക് മത്സരിച്ചെങ്കിലും തോറ്റു. ജില്ലയിലെ പിഎസ്‌സി റാങ്ക് ലിസ്റ്റിലുൾപ്പെട്ട കോൺഗ്രസ് അനുകൂലികളായവർ ചേർന്ന് രൂപീകരിച്ച ഗ്രൂപ്പിലും അംഗമാണ്.
പിഎസ്‌സി നിയമനത്തിന്റെ പേരും പറഞ്ഞ് നിരന്തരം സർക്കാരിനെ കരിവാരിത്തേക്കാനുള്ള പ്രവർത്തനങ്ങൾക്ക് മുന്നിലുമുണ്ട്. ഇവർ പട്ടികയിൽ 583ാം റാങ്കുകാരിയാണ്. തൃശൂർ ജില്ലയിൽ ഇതിനകം 496 പേർക്ക് നിയമന ഉത്തരവ് നൽകിയിട്ടുണ്ട്. പട്ടികയ്ക്ക് ആറുമാസം കൂടി കാലാവധിയുമുണ്ട്-ഇങ്ങനെ പോകുന്ന ലയയ്‌ക്കെതിരായ ആക്ഷേപങ്ങളും ആരോപണങ്ങളും.
മറുനാടന് മലയാളി ബ്യൂറോ