- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റാങ്ക് എത്രയെന്ന് ചോദിച്ച് മന്ത്രി കടകംപള്ളി തന്നെ പരിഹസിച്ചതായി ലയ രാജേഷ്; 'പത്ത് വർഷം നീട്ടിയാലും ജോലി കിട്ടില്ലല്ലോ, പിന്നെ സർക്കാരിനെ നാണം കെടുത്തണോ എന്ന് മന്ത്രി ചോദിച്ചു'; അപമാനിച്ചുവെന്ന് ആരോപിപ്പിച്ച് ഉദ്യാഗാർഥികൾ; കൂടിക്കാഴ്ച്ച നടത്തിയത് മുൻകൂട്ടി അനുവാദം വാങ്ങാതെ വെളുപ്പിന് മന്ത്രിമന്ദിരത്തിലെത്തി
തിരുവനന്തപുരം: പിഎസ് സി ഉദ്യോഗാർഥികളുടെ ആവശ്യങ്ങൾ നേരിൽകണ്ട് ബോധ്യപ്പെടുത്താൻ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ വസതിയിൽഎത്തിയപ്പോൾ മന്ത്രി തങ്ങളെ പരിഹസിച്ച് പറഞ്ഞയച്ചെന്ന പരാതിയുമായി റാങ്ക് ഹോൾഡേഴ്സ്. മന്ത്രിയെ കാണാനെത്തിയ ലയ രാജേഷ് ഉൾപ്പെടെയുള്ളവരോട് അദ്ദേഹം റാങ്ക് ചോദിച്ചെന്നും തുടർന്ന് പരിഹസിച്ചെന്നുമാണ് പരാതി. തന്റെ റാങ്ക് 583 ആണെന്ന് പറഞ്ഞ ലയ രാജേഷിനോട് സഹോദരി, പത്ത് വർഷം റാങ്ക് ലിസ്റ്റ് നീട്ടിയാലും നിങ്ങൾക്ക് നിയമനം ലഭിക്കില്ലല്ലോ, പിന്നെന്തിനാണ് സർക്കാരിനെ നാണം കെടുത്തുന്നതെന്ന് മന്ത്രി ചോദിച്ചു എന്നാണ് റാങ്ക് ഹോൾഡേഴ്സ് ആരോപിച്ചത്.
മന്ത്രിയുടെ പ്രതികരണം തങ്ങളെ ഞെട്ടിച്ചുവെന്നാണ് റാങ്ക് ഹോൾഡേഴ്സ് പറയുന്നത്. മുൻകൂട്ടി അനുവാദം വാങ്ങാതെ വെളുപ്പിന് മന്ത്രിയുടെ തിരുവനന്തപുരത്തെ വസതിയിലെത്തിയാണ് ഉദ്യോഗാർഥികൾ കടകംപള്ളി സുരേന്ദ്രനുമായി കൂടിക്കാഴ്ച്ച നടത്തിയത്. മന്ത്രിയുടെ പേര് പറയാതെയാണ് ഉദ്യോഗാർഥികൾ പരാതി ഉന്നയിച്ചതെങ്കിലും പിന്നീട് കടകംപള്ളി സുരേന്ദ്രൻ മാധ്യമങ്ങൾക്കുമുന്നിലെത്തി സംഭവം വിശദീകരിക്കുകയായിരുന്നു.
അനുകൂല നിലപാട് ഉണ്ടായില്ലെങ്കിൽ സമരം ശക്തമാക്കുമെന്ന് വ്യക്തമാക്കിയ ഉദ്യോഗാർഥികൾ വൈകുന്നേരം മുതൽ നിരാഹാര സമരം ആരംഭിക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് പറഞ്ഞു. 28 ദിവസമായി ഉദ്യോഗാർഥികൾ നടത്തുന്ന സമരത്തിന്റെ സത്യാവസ്ഥയെ കുറിച്ച് ആർക്കും മനസ്സിലായിട്ടില്ലെന്നാണ് മന്ത്രിയുടെ പ്രതികരണത്തിൽ നിന്ന് മനസ്സിലാകുന്നതെന്നും ലയ പറഞ്ഞു. സർക്കാരിനെ കരിവാരിത്തേക്കാൻ നടത്തുന്ന സമരം എന്ന പ്രതീതിയാണ് മന്ത്രിയുടെ വാക്കുകളിൽ നിന്നുണ്ടായത്. എന്നാൽ ഇത് സർക്കാരിനെതിരെ നടത്തുന്ന സമരമല്ലെന്നും ഉദ്യോഗാർഥികൾ വ്യക്തമാക്കി.
583 റാങ്കുകാരിക്ക് 10 വർഷം കഴിഞ്ഞാലും ജോലി കിട്ടുമോ എന്ന് താൻ ചോദിച്ചത് തന്നെയാണെന്ന് കടകംപള്ളി സ്ഥിരീകരിച്ചു. എന്നാൽ തന്റെ റാങ്ക് അത്ര മോശമാണെന്ന് താൻ വിശ്വസിക്കുന്നില്ലെന്നായിരുന്നു ലയ രാജേഷിന്റെ പ്രതികരണം. തന്നോട് അനുവാദം വാങ്ങിയിട്ടല്ല ഉദ്യോഗാർഥികൾ തന്നെ വന്ന് കണ്ടതെന്ന് കടകംപള്ളി സുരേന്ദ്രൻ മാധ്യമങ്ങൾക്കുമുന്നിൽ പറഞ്ഞു. പിഎസ്സി റാങ്ക് ലിസ്റ്റിനെക്കുറിച്ച് തനിക്കുള്ള ധാരണയാണ് പറഞ്ഞതെന്ന് കടകംപള്ളി പറഞ്ഞു.
നല്ല ഒരു സർക്കാരിനെ പ്രതിപക്ഷത്തിന്റെ കളിപ്പാവയായി നിന്ന് മോശമായി ചിത്രീകരിച്ചതിന്റെ കുറ്റബോധം മാത്രമാണ് ഉദ്യോഗാർഥികൾക്കെന്നും കടകംപള്ളി കൂട്ടിച്ചേർത്തു. പക്ഷേ ഉദ്യോഗാർഥികളോട് താൻ മോശമായി പെരുമാറിയെന്നത് വാസ്തവവിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. ചീഫ് സെക്രട്ടറി തലത്തിൽ ഇന്ന് യോഗം വിളിക്കുന്നുണ്ടെന്നും ഓരോ വകുപ്പിലെയും സെക്രട്ടറിമാരുമായി ചർച്ച നടത്തുമെന്നും മന്ത്രി അറിയിച്ചതായും ഉദ്യോഗാർഥികൾ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ