തിരുവനന്തപുരം: മുഖ്യമന്ത്രിയെ വിമർശിച്ചതിന്റെ പേരിൽ നിരവധി പേർക്കെതിരെ കേസ് എടുക്കുന്നു. സർക്കാർ ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്യുന്നു. ജോലിയിൽ നിന്നും പിരിച്ചു വിടുന്നു. നിരവധി പേരാണ് ഇത്തരത്തിൽ കുരുക്കിൽ പെടുന്നത്. എന്നാൽ ഇന്ത്യൻ ഐടി ആക്ടിൽ മുഖ്യമന്ത്രിയെയൊ പ്രധാനമന്ത്രിയെയെ വിമർശിച്ചതിന് കേസ് എടുക്കാൻ വകുപ്പില്ല എന്നതാണ് സത്യം. ഇതിന്റെ നിയമ സാധുതയാണ് ഇന്ന് ലേയ്മാൻസ് ലോ പരിശോധിക്കുന്നത്.

2000ത്തിലാണ് ഇന്ത്യയിലെ ആദ്യ ഇൻഫോർമെഷൻ ടെക്‌നോളജി ആക്ട് വരുന്നത്. 2008ൽ ഇത് പരിഷ്‌ക്കരിച്ചു. സെക്ഷൻ 65 മുതൽ 69 വരെയുള്ള സെക്ഷനുകളാണ് സൈബർ ക്രൈമുകളെ കുറിച്ച് പറയുന്നത്. ഇതിൽ ഭൂരിപക്ഷവും സാധാരണക്കാരെ ബാധിക്കുന്നതല്ല എന്നതാണ് സത്യം. ഐടി മേഖലയിലെ തട്ടിപ്പും വെട്ടിപ്പുകളുമെല്ലാം കൈകാര്യം ചെയ്യുന്നതിനുള്ള വകുപ്പുകളാണ് ഇത്. അതിൽ 65-ാമതെ സെക്ഷൻ കമ്പ്യൂട്ടർ സോഴ്‌സ് എങ്ങനെ ഉപയോഗിക്കുന്നു എങ്ങനെ ദുരുപയോഗിക്കുന്നു എന്നതാണ്. ഇതൊന്നും സാധാരണക്കാരെ ബാധിക്കുന്നതല്ല.

സെക്ഷൻ 66ൽ ഒരാളുടെ പെർമിഷൻ ഇല്ലാതെ അയാളുടെ കമ്പ്യൂട്ടർ അക്‌സസ് ചെയ്യുക ഡൗൺലോഡ് ചെയ്യുക ഇതൊക്കെയാണ് പരാമർശിക്കുന്നത്. മൂന്ന് വർഷം വരെ ജാമ്യമില്ലാത്ത വകുപ്പ് പ്രകാരം ജയിലിൽ കിടക്കാൻ പറ്റുന്ന കുറ്റമാണിത്. സെക്ഷൻ 66 A ആയിരുന്നു വിവാദമായ സെക്ഷൻ. തെറ്റായ മെസേജ് അയക്കുക അതായത് മറ്റുള്ളവർക്ക് മനോവിഷമമുണ്ടാക്കുന്ന തരത്തിലുള്ള മെസേജ് അയക്കുക എന്നതാണ് ഇത്. ഇത് നിരവധി പേർ മിസ് യൂസ് ചെയ്തതോടെ സുപ്രീംകോടതി റദ്ദ് ചെയ്തു.

ഇന്ത്യൻ ഐടി ആക്ടിലെ സെക്ഷൻ 67ഉം 67Aയും 67B യും അനുസരിച്ചാണ് ഒരുപാട് പേർക്കെതിരെ ഇന്ന് കേസ് എടുക്കുന്നത്. 67 അനുസരിച്ച് ലൈംഗിക ചുവയുള്ള സന്ദേശങ്ങൾ സംപ്രേഷണം ചെയ്യു്‌നതിനാണ് ഈ നിയമം ചാർജ് ചെയ്യുന്നത്. 67 A സ്ത്രീകൾക്ക് നേരെയുള്ള ലൈംഗിക അതിക്രമമാണ്. സ്ത്രീകളുടെ നഗ്ന ചിത്രം എടുത്ത് അയക്കുക പ്രചരിപ്പിക്കുക കാണുക ഒക്കെ ഇത് പ്രകാരം ശിക്ഷാർഹമാണ്. അതിനാൽ 67ൽ പെട്ടാൽ രക്ഷപ്പെടാൻ പറ്റില്ല. ഇത്രയൊക്കെയെ ഉള്ളു ഐടി ആക്ടിലെ ഒഫൻസുകൾ.

എന്നിട്ടും എങ്ങനെയാണ് നമ്മൾ പ്രതികളാക്കപ്പെടുന്നത് എന്നതാണ് ചോദ്യം. മുഖ്യമന്ത്രിയെയോ പ്രധാനമന്ത്രിയെയോ വിമർശിച്ചതിന്റെ പേരിൽ കേസ് എടുക്കാൻ ഇന്ത്യൻ ഐടി ആക്ട് പ്രകാരം ഒരു വകുപ്പുമില്ല എന്നതാണ് സത്യം. നിയമം അറിയാത്തവനെ ചൂഷണം ചെയ്യുകയാണ് ഇതിലൂടെ ചെയ്യുന്നത്. അങ്ങനെ കേസ് എടുത്താൽ ക്വാഷ് ചെയ്യാൻ ഹൈക്കോടതിയിൽ പോവുക എന്നതാണ് നിങ്ങൾ ചെയ്യേണ്ടത്.