രുദിവസം നിങ്ങൾ എത്ര ചുവടുവെക്കുന്നുണ്ടാവും? മടിയുടെ കണക്കെടുപ്പിന് നിങ്ങൾ നടക്കുന്ന ചുവടുകൾ കണക്കാക്കിയാൽ, ലോകത്തേറ്റവും മടികുറഞ്ഞ മനുഷ്യർ ഹോങ്കോങ്ങിലും ചൈനയിലുമാണ്. കുഴിമടിയന്മാർ ഇന്തോനേഷ്യയിലും. ലോകത്തെ വിവിധ രാജ്യങ്ങളിലായുള്ള ഏഴുലക്ഷത്തോളം പേരുടെ സ്മാർട്ട്‌ഫോൺ ഡേറ്റ അപഗ്രഥിച്ച് ശാസ്ത്രജ്ഞർ തയ്യാറാക്കിയ കണക്കാണിത്.

ഹോങ്കോങ്ങിലുള്ളവർ ദിവസവും 6880 ചുവടുകൾ വെക്കുന്നുണ്ടെന്നാണ് കണക്ക്. ഏകദേശം ആറ് കിലോമീറ്ററോളം വരുമിത്. എന്നാൽ, ഇന്തോനേഷ്യക്കാർ 3513 ചുവടുകൾ മാത്രമാണ് വെക്കുന്നത്. ബ്രിട്ടീഷുകാർ ഇവരേക്കാൾ ഏറെ മെച്ചമാണ്. ദിവസം 5444 ചുവടുകൾ ഇവർ നടക്കുന്നു. അമേരിക്കക്കാരാകട്ടെ ദിവസം നടക്കുന്നത് 4774 ചുവടുകളാണ്.

മുമ്പ് നടന്നിട്ടുള്ള പഠനങ്ങളെക്കാൾ ആധികാരികമാണ് ഈ പഠനമെന്ന് ഇതിന് നേതൃത്വം നൽകിയ ബയോഎൻജിനിയറിങ് വിദഗ്ധൻ സ്‌കോട്ട് ഡെൽപ് പറയുന്നു. ആരോഗ്യമേഖലയിൽ അനേകം സർവേകൾ നടന്നിട്ടുണ്ട്. എന്നാൽ, ഇത്രമേൽ രാജ്യങ്ങളിൽനിന്നുള്ള ഇത്രയധികം ആളുകളെ ഉൾപ്പെടുത്തിയുള്ള പഠനം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം അവകാശപ്പെടുന്നു.

ശാസ്ത്ര ജേണലായ നേച്ചറിൽ പ്രസിദ്ധീകരിച്ച പഠനമനുസരിച്ച്, ശരാശരി ഒരാൾ ദിവസംവെക്കുന്ന ചുവടുകൾ 4961 എണ്ണമാണ്. നേരെ നടന്നാൽ, നാല് കിലോമീറ്ററോളം വരുമിത്. എന്നാൽ, കാനഡ, ഓസ്‌ട്രേലിയ, ന്യൂസീലൻഡ് തുടങ്ങിയ രാജ്യങ്ങളിലുള്ളവർ ഇതിൽത്താഴെയേ വരുന്നുള്ളൂ. അമിതവണ്ണമുൾപ്പെടെയുള്ള രോഗങ്ങൾ നടത്തം കുറഞ്ഞ രാജ്യങ്ങളിൽ കൂടുതലാണെന്നും പഠനം വെളിപ്പെടുത്തുന്നു.

46 രാജ്യങ്ങളിലെ കണക്കാണ് ശാസ്ത്രജ്ഞർ കണക്കുകൂട്ടിയിട്ടുള്ളത്. ഹോങ്കോങ് (6880), ചൈന (6189), യുക്രൈൻ (6107), ജപ്പാൻ (6010), റഷ്യ (5969), സ്‌പെയിൻ (5936), സ്വീഡൻ (5863), സൗത്തുകൊറിയ (5755), സിംഗപ്പുർ (5674), സ്വിറ്റ്‌സർലൻഡ് (5512) എന്നിവയാണ് ആദ്യപത്തിലുള്ള രാജ്യങ്ങൾ. ഈ കണക്കനുസരിച്ച് ഇന്ത്യക്കാർ മടിയന്മാരുടെ കൂട്ടത്തിലാണ്. 4297 ചുവടുകൾ മാത്രമാണ് ഇന്ത്യക്കാർ ഒരുദിവസം വെക്കുന്നത്.